പേരു കേട്ടാൽ ഒരു ചൈനീസ് ബന്ധം തോന്നിപ്പിക്കുന്ന പച്ചക്കറി. എന്നാൽ പാചകം ചെയ്ത് കഴിയ്ക്കാച്ചാൽ സ്വാദും പോഷകമൂല്യവും ലഭിക്കുന്ന വെള്ളരി വർഗത്തിലെ വിള. കേരളത്തിൽ വ്യാപകമായി കൃഷി ചെയ്യുന്നില്ലെങ്കിലും ഇന്ന് മലയാളികളുടെ തീൻമേശയിലും ആളിന് നല്ലൊരിടം കിട്ടി. സെക്കിയം എഡ്യൂൾ എന്ന ശാസ്ത്രനാമമുള്ള ചൗ ചൗവിനെ കുറിച്ചാണ് പറയുന്നത്. ചൊച്ചക്കയെന്നും ബാംഗ്ലൂർ ബ്രിംജോൾ, ചയോട്ടെ, ശീമ കത്തിരിക്കയെന്നുമെല്ലാം വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നു.
തണുപ്പുള്ള ഇടങ്ങളിൽ നന്നായി വളരുന്ന ചൗ ചൗ ഒരു വിദേശിയാണ്. അതായത്, മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളാണ് ജന്മദേശം. പച്ച നിറത്തിലും വെള്ള നിറത്തിലും ചൊച്ചിക്ക വിപണികളിൽ ലഭ്യമാണ്.
അടുക്കള തോട്ടത്തിലും ചൗ ചൗ വളർത്താം
ഏറെക്കാലം വിളവെടുക്കാൻ കഴിയുന്ന ഒരു വിളയാണിത്. ശീതകാല വിളയായി കൃഷി ചെയ്യുന്ന ചൗ ചൗ കേരളത്തിൽ വയനാട്ടിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. ഇവയുടെ വിത്തുകൾ കായ്ക്കുള്ളിലിരുന്ന് തന്നെ മുളയ്ക്കും. ഇത് നേരിട്ട് പാകി വളർത്താം.
ബന്ധപ്പെട്ട വാർത്തകൾ: തണ്ണിമത്തൻ ഇപ്പോൾ നട്ടാൽ, വേനൽച്ചൂടിൽ പറിച്ചുകഴിയ്ക്കാം!
നല്ല നീർവാർച്ചയും വളക്കൂറുമുള്ള മണ്ണാണ് ഇവയ്ക്ക് അനുയോജ്യം. പച്ചക്കറി കടകളിൽ നിന്നും മൂപ്പെത്തിയ കായ്കൾ ശേഖരിച്ച് രണ്ടാഴ്ച സൂക്ഷിച്ചുവക്കുമ്പോൾ ഇവ മുളച്ചു വരും. ചുരക്ക കുടുംബത്തിൽ പെട്ട സസ്യങ്ങളെപ്പോലെയും വെള്ളരിയെ പോലെയും പടർന്നു വളരുന്ന വിളയാണ് ചൗ ചൗ. അതിനാൽ അത്യാവശ്യം സ്ഥലമുള്ളിടത്ത് പന്തലാക്കി വളർത്തിയാൽ നല്ലതാണ്. പാത്രങ്ങളിലോ മറ്റോ വളർത്തുമ്പോൾ വേര് ചീയാൻ സാധ്യതയുണ്ട്.
ഒരിക്കൽ വളർന്ന് പന്തലായാൽ ദീർഘനാൾ നിലനിൽക്കുന്ന ഈ വള്ളിച്ചെടി പത്ത് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. വള്ളിച്ചുരുളുകൾ എറിഞ്ഞ് താങ്ങുകളിൽ പിടിച്ചു കയറുന്ന സ്വഭാവമാണ് ഈ സസ്യത്തിന്റേത്. 1200 മുതൽ 1500 വരെ ഉയർന്ന പ്രദേശങ്ങളിൽ ഇവ വളരും.
ചൗ ചൗ നടുന്നതിന് മുൻപ് പച്ചില വളങ്ങളും കാലിവളവും അടിവളമായി നൽകുക. നട്ട് നാലുമാസം കൊണ്ട് പൂത്ത് തുടങ്ങും. ഇതിന് ശേഷം ആറു മാസത്തോളം തുടർച്ചയായി ഇവയിൽ നിന്ന് വിളവെടുക്കാനാകും.
ചൊച്ചക്കയുടെ പ്രജനനത്തിന് ഒരു പ്രത്യേകതയുണ്ട്. ഒരു പരിധിയിലേറെ വിളഞ്ഞാൽ ചൊച്ചക്കയുടെ കായ്‌കൾ മുളയ്കാൻ തുടങ്ങും. ഇവ കുഴികളിലേക്ക് മാറ്റി നടുന്നത് അടുത്ത തൈകൾ ഉൽപാദിപ്പിക്കാൻ സഹായിക്കും. ചെടി വളർന്ന് തുടങ്ങുമ്പോൾ 2 മീറ്റർ ഉയരത്തിൽ പന്തലിടണം. അതുമല്ലെങ്കിൽ മറ്റ് മരങ്ങളിലേക്ക് ഇവയെ പടർത്തി വിടുന്നതും നല്ലതാണ്.
ഭക്ഷണത്തിൽ ചൗ ചൗ
സാമ്പാർ, മെഴുക്കുപുരട്ടി എന്നിവ തയ്യാറാക്കുന്നതിന് ചൊച്ചക്ക ബസ്റ്റാണ്. കൂടാതെ, ഇറച്ചിയോടൊപ്പവും ഇവ ചേർക്കാറുണ്ട്. ചൗ ചൗവിന്റെ ഇളം കായും തണ്ടും ഇളം ഇലകളും കിഴങ്ങും ഭക്ഷ്യയോഗ്യമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ചൊച്ചക്കയുടെ കൂമ്പുകളും ഇലകളും സാലഡുകളിൽ ഉപയോഗിക്കുന്നുണ്ട്.
ചൗ-ചൗ കേരളത്തിൽ കൂടുതലും പാചകം ചെയ്താണു കഴിക്കാറ്. അധികം വേവിച്ചാൽ സ്വാദ് നഷ്ടപ്പെടും. ഇതിൽ അടങ്ങിയിട്ടുള്ള കുക്കുർബിറ്റാസിൻ എന്ന പദാർഥം ചെറിയ കയ്പ് രുചി നൽകുന്നു. എന്നാൽ, അമിനോ ആസിഡ്, വൈറ്റമിൻ സി, നാരുകൾ എന്നിവ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
വിപണിയിൽ കേമൻ
ചൊച്ചക്ക ഒരു കിലോക്ക് 20 രൂപ വരെ വില ലഭിക്കും. എന്നാൽ കേരളത്തിൽ കാര്യമായ വിപണിയില്ല. തമിഴ്‌നാട്, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലെ വിപണികളിൽ ഇവ നന്നായി വിറ്റുപോകും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തും മികച്ച ആദായം സ്വന്തമാക്കാം. കയറ്റുമതി സാധ്യത വർധിപ്പിച്ചാൽ പ്രതിമാസം 60,000 രൂപ വരെ ലാഭം കൊയ്യാം.
Share your comments