കേരളത്തിൽ സുലഭമായി കാണുന്നതും ,സുഗമമായി നട്ടുവളർത്താവുന്നതും ,ധാരാളം പച്ചില ഉത്പാദിപ്പിക്കുന്നതുമായ ഒരു നല്ല പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന.ഇതിൻ്റെ കമ്പുകൾ കോതി ചെടികളുടെ ചുവട്ടിൽ ഇട്ടാൽ ചുറ്റുമുള്ള മണ്ണിനു നല്ല തണുപ്പും കിട്ടുന്നു. സമ്പുഷ്ടമായ നൈട്രജൻ്റെ സാന്നിധ്യമുള്ളതുകൊണ്ട് ശീമക്കൊന്ന ഇലയും ചാണകവും ചേർത്ത് നെൽ വയലുകളിലും തെങ്ങിൻ തോട്ടങ്ങളിലും വളമായി ഉപയോഗിക്കുന്നു. കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു.തെങ്ങിൻ തോട്ടങ്ങളുടെ അരികുകളിൽ ഇവ നട്ടുപിടിപ്പിച്ചാൽ ഓരോവർഷവും തെങ്ങുകൾക്ക് ആവശ്യമായി വരുന്ന പച്ചിലവളം അവയിൽ നിന്നും ലഭിക്കും കൂടാതെ തടങ്ങളിൽ പുതയിടാനും കാലിത്തീറ്റയായും ഉപയോഗിക്കുന്നു. കന്നുകാലികളേയും മറ്റും പ്രാണീശല്യത്തിൽ നിന്നും രക്ഷിക്കാനായി വടക്കേ അമേരിക്കയിലെ കർഷകർ ഇതിൻ്റെ ഇല ചതച്ച് പുരട്ടാറുണ്ട്.
കൃഷിസ്ഥലങ്ങളുടെ അരികുകൾ, കൃഷി ചെയ്യാതെ ഇട്ടിരിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലൊക്കെ ശീമക്കൊന്ന നട്ടുപിടിപ്പിക്കാവുന്നതാണ്. വിത്തു പാകി ഉത്പാദി പ്പിക്കുന്ന തൈകൾ നട്ടോ,കമ്പുകൾ മുറിച്ചുനട്ടോ ശീമക്കൊന്ന കൃഷിചെയ്യാം. നടീൽ വസ്തുവായി വിത്തു കിളിർപ്പിച്ചുണ്ടാക്കുന്ന തൈകളാണ് ഉപയോഗിക്കുന്നതെങ്കിൽ നല്ല മഴ കിട്ടുന്ന സമയത്തുവേണം നടേണ്ടത്. കമ്പുകളാണ് നടീൽ വസ്തുവായി ഉപയോഗിക്കുന്നതെങ്കിൽ കാലവർഷം വരുന്നു എന്നു വിളിച്ചറിയിക്കുന്ന ഏതാനും മഴകൾ കിട്ടിയതിനു ശേഷമോ അല്ലെങ്കിൽ കാലവർഷത്തിൽ കാഠിന്യം കുറഞ്ഞിരിക്കുന്ന ഓഗസ്റ്റ് മാസത്തിലോ നടാവുന്നതാണ്.
കമ്പുകൾ പിടിച്ചു കിട്ടിയാൽ മൂന്നാമത്തെ വർഷം മുതൽ, വർഷം രണ്ടു പ്രാവശ്യം ഇലകൾ ശേഖരിക്കാം. ഓരോ മരത്തിൽ നിന്നും ഒരു പ്രാവശ്യം പതിനഞ്ച് കിലോഗ്രാം പച്ചിലവളം ലഭിക്കും.പറമ്പിലും വയലിലും മറ്റും ഈ ചെടികളെ നട്ടുവളർത്തി അവ പൂക്കാൻ തുടങ്ങുന്ന സമയത്ത് മണ്ണിനോട് ഉഴുത് ചേർത്താണ് ഇവയെ വളമാക്കുന്നത്.
Share your comments