നാട്ടിൻപുറങ്ങളിൽ കുമ്മട്ടിക്കായ എന്ന് അറിയപ്പെടുന്ന ചുരയ്ക്ക. വിലയിലും വിളവിലും മാത്രമല്ല പച്ചക്കറികളിൽ ഔഷധമേന്മയേറിയവൻ എന്ന പേരിലും ചുരയ്ക്ക തന്നെ മുൻപന്തിയിൽ. വെള്ളരിയിനത്തിൽ പെട്ട ഈ പച്ചക്കറിക്ക് പ്രത്യേക പരിചരണം ഒന്നും ആവശ്യമില്ല എന്നതിനാൽ തന്നെ അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലും വീട്ടുവളപ്പിലെ പരിമിതമായ സ്ഥലത്തുമെല്ലാം പന്തലിട്ട് ഇവ കൃഷി ചെയ്യാവുന്നതാണ്.
പ്രധാനമായും മൂന്ന് തരം ചുരയ്ക്കകളാണ് ഉള്ളത്. പാൽ ചുരയ്ക്ക, കുംഭ ചുരയ്ക്ക, കയ്പ്പ ചുരയ്ക്ക എന്നിവയാണ് അവ. അർക്കാ ബഹാർ എന്ന നീളമുള്ള ഇനവും ഉരുണ്ട ആകൃതിയിലുള്ള കുംഭ ചുരയ്ക്ക എന്നിങ്ങനെയും പലതരം ഇനങ്ങളുണ്ട്.
ചുരയ്ക്കയുടെ കൃഷിരീതി (Farming Methods of Bottle Gourd)
ജനുവരി- മാർച്ച് മാസങ്ങൾ ചുരയ്ക്ക കൃഷിയ്ക്ക് ഉത്തമമാണ്. കൂടാതെ, സെപ്തംബർ- ഒക്ടോബർ മാസങ്ങളിലും ചുരയ്ക്ക കൃഷി ചെയ്യാൻ അനുയോജ്യമാണെന്ന് പറയുന്നു. വിത്ത് നട്ടും, തണ്ടുകൾ മുറിച്ച് നട്ടുമാണ് ഇതിന്റെ തൈകൾ മുളപ്പിക്കുന്നത്.
വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂപ്പെത്തിയ ചുരയ്ക്ക ഉപയോഗിക്കണം. വിത്ത് വെള്ളത്തിൽ കുതിർത്ത ശേഷം പാകുന്നത് വേഗത്തിൽ മുളയ്ക്കാൻ സഹായിക്കും. വേനൽക്കാലത്ത് തടമുണ്ടാക്കി വിത്ത് നടുക. മഴക്കാലത്ത് മണ്ണ് കൂന കൂട്ടി വിത്ത് നടുന്നതാണ് നല്ലത്.
രണ്ട് കുഴികള്‍ തമ്മില്‍ 2 മീറ്റര്‍ വരെ അകലം പാലിച്ച് വേണം വിത്ത് നടേണ്ടത്. കുഴികൾ തയ്യാറാക്കി അടിവളമായി ജൈവവളം ഇട്ട് കൊടുക്കുന്നതാണ് നല്ലത്. വള്ളി വീശിത്തുടങ്ങിയാൽ യൂറിയ നൽകുക.
ചുരയ്ക്ക പടരുന്ന സമയത്ത് ചാണകപ്പൊടി, കമ്പോസ്റ്റ്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ ജൈവവളമാക്കി നൽകാം. അതുപോലെ, അഞ്ച് മണിക്കൂർ സ്യുഡോമോണാസ് ലായനിയിൽ മുക്കി വെച്ചശേഷം വിത്തുകൾ നടാം. മണ്ണിൽ ചാണകപ്പൊടി, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, കരിയില എന്നിവ ചേർത്ത് വിത്തുകൾ പാകുന്നതും മികച്ച രീതിയാണ്. മഴക്കാലത്ത് കോഴിവളം ചേർത്തുകൊടുക്കുക.
ബന്ധപ്പെട്ട വാർത്തകൾ: ചെറുപയർ കേടായാൽ വളമാക്കാം; എങ്ങനെയെന്നല്ലേ?
വെള്ളരിയെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ചുരയ്ക്കയെയും ബാധിക്കാറുണ്ട്. അതായത്, ഇലതീനിപ്പുഴക്കള്‍, മത്തന്‍വണ്ട് എന്നിവ ചുരയ്ക്കയുടെ ശത്രുക്കളാണ്. ഇതിന് പ്രതിരോധമായി വേപ്പെണ്ണ-വെളുത്തുള്ളി കഷായം എന്നിവ പ്രയോഗിക്കാം. തുളസിക്കെണി കായീച്ചകൾക്കെതിരെ ഫലപ്രദമാണ്. വണ്ടുകളുടെ ശല്യമുണ്ടെങ്കിൽ, ഒന്നിടവിട്ട ദിവസം വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സ്‌പ്രേ ചെയ്തുകൊടുക്കാവുന്നതാണ്.
പച്ചതുള്ളൻ, വെള്ളീച്ച ശല്യം, മുഞ്ഞ ശല്യം എന്നിവയും ചുരയ്ക്കയെ ബാധിക്കുന്ന രോഗങ്ങളാണ്. ഇതിനെതിരെ വേപ്പെണ്ണയും വെളുത്തുള്ളിയും ചേർത്ത മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ജൈവരീതിയിൽ തന്നെ ചുരയ്ക്കയിലെ കീടാക്രമണങ്ങളെ പ്രതിരോധിച്ച് നല്ല വിളവുണ്ടാക്കാം.
ഇതിന് പുറമെ വിളയ്ക്ക് കൃത്യമായി വളപ്രയോഗം നടത്തുക. ഒരു വിളവെടുപ്പിന് ശേഷം വള്ളികൾ കരിയുകയാണെങ്കിൽ അവിടെ വെച്ച് മുറിച്ച് ശേഷം വളപ്രയോഗം ചെയ്താൽ വീണ്ടും ചുരയ്ക്കയിൽ നിന്നും നല്ല വിളവ് ലഭിക്കും
വേനൽക്കാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന നല്ല പച്ചക്കറിയാണ് ചുരയ്ക്ക. ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.
Share your comments