കൽപ്പവൃക്ഷമായ തെങ്ങിന്റെ സർവ ഭാഗങ്ങളും പ്രയോജനകരമാണ്. അതായത്, തെങ്ങോല തൊട്ട് വേര് വരെ പല പല കാര്യങ്ങൾക്കായി ഉപയോഗിക്കാനാകും. തേങ്ങയിൽ തന്നെ ഭക്ഷ്യ ആവശ്യങ്ങൾക്ക് പുറമെ, അതിന്റെ ചകിരിയും ചിരട്ടയുമെല്ലാം ഒട്ടേറെ ആവശ്യങ്ങൾക്ക് ഉതകുന്നതാണ്. കൃഷിയിടങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് ചകിരിച്ചോറ്. ഇതുകൂടാതെ, തേങ്ങയുടെ ചിരട്ടയും കൃഷിയിടത്തിൽ പ്രയോജനപ്പെടുത്താം.
ഉപയോഗശേഷം പറമ്പിൽ വലിച്ചെറിയുന്ന ചിരട്ടകളിൽ മഴവെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതാണ് പതിവ്. ചിലർ ഇതിനെ അടുപ്പിലേക്കും മറ്റും ഉപയോഗിക്കാറുണ്ട്. ചിരട്ടയിൽ കലാവിരുതുകൾ പരീക്ഷിക്കുന്ന ചുരുക്കം പേരുമുണ്ട്. എന്നാൽ, ചിരട്ടയെ കൃഷിയ്ക്ക് പ്രയോജനമാക്കി എങ്ങനെ മാറ്റാമെന്നാണ് ചുവടെ വിവരിക്കുന്നത്.
ചിരട്ട കൊണ്ട് നമ്മുടെ പൂന്തോട്ടത്തിലേക്കുള്ള ചെടിച്ചട്ടി ഉണ്ടാക്കാം. വീട്ടിന് പുറത്തെ പൂന്തോട്ടത്തിന് മാത്രമല്ല, ഇൻഡോർ ചെടികൾക്കായും ഈ ചിരട്ടകൾ ഉപയോഗപ്രദമാണ്. തൂക്കിയിട്ട് വളർത്താനും ഫ്ലവർസ്റ്റാൻഡ് പോലെ ചെടികളെ വളർത്തി പരിപാലിക്കാനുമെല്ലാം നിസാരം ഈ ചിരട്ടകൾ മതി. കരാവിരുതുകൾ അറിയാവുന്നവർക്ക് മാത്രമേ ഇത് ഉപയോഗിക്കാനാകൂ എന്ന് വിചാരിക്കരുത്. ചിരട്ടകൾ ഉപയോഗശൂന്യമായി വീട്ടിലുണ്ടെങ്കിൽ ആർക്കും പരീക്ഷിക്കാവുന്നതാണ്.
ചിരട്ടയിൽ ചെടിച്ചട്ടി
ചെടിച്ചട്ടി ഉണ്ടാക്കാനായി എടുക്കുന്ന ചിരട്ടകളെല്ലാം ഒരുപോലുള്ളവ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അടിഭാഗത്തായി മണ്ണ് നിറച്ചതിന് ശേഷം മുകളിലായി ചിരട്ടകൾ കമഴ്ത്തി വയ്ക്കുക. തുടർന്ന് എത്ര വലിപ്പത്തിലാണ് ചട്ടി വേണ്ടതെന്ന കണക്ക് അനുസരിച്ച് വട്ടത്തിൽ വയ്ക്കുക.
അടിഭാഗത്ത് മണലോ മണ്ണോ നിറക്കുന്നത് ചിരട്ടകൾ മറിഞ്ഞു പോകാതെ ബാലൻസിൽ നിൽക്കുന്നതിന് വേണ്ടിയാണ്. ശേഷം ഇതിനുള്ളിൽ പൊട്ടിങ് മിക്സ് ഇട്ടു കൊടുക്കണം.
ശേഷം ചിരട്ടകളെല്ലാം പരസ്പരം മുറുകി ഇരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അതായത്, ഓരോന്നിന് മുകളിലായി വയ്ക്കുന്ന ചിരട്ടകളും ടൈറ്റായി ഇരിക്കണം. നമുക്ക് ഉയരം കൂടിയ ചട്ടിയാണ് ആവശ്യമുള്ളതെങ്കിൽ അത്രയും പൊക്കത്തിൽ ചിരട്ടകൾ കമഴ്ത്തി വയ്ക്കുക. ഇങ്ങനെ ഓരോ ചിരട്ടകളും മുകളിലായി വരുന്ന രീതിയിൽ ക്രമീകരിക്കണം.
ഇതിനകത്ത് ഇനി ചെടി നടാം. സ്ഥലപരിമിധിയുള്ള ഇടത്തും ഈ രീതി വളരെ പ്രയോജനകരമാണ്.
ഒരു ചെലവില്ലാതെ സ്പൈറൽ ഗാർഡൻ പരീക്ഷിക്കാൻ താൽപ്പര്യപ്പെടുന്നവർക്കും ചിരട്ട ഉപകരിക്കും. ഇതിനായി ഏഴ് ചിരട്ടയും മുളയും കയറുമാണ് ആവശ്യമായുള്ളത്.
ഒന്നര മീറ്റർ ഉയരമുള്ള മുളയുടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ കയറുകൊണ്ട് മുറുക്കികെട്ടുക. കയർ അടുപ്പിച്ച് വേണം വരിഞ്ഞു ചുറ്റേണ്ടത്. ഇതിലേക്ക് സ്പൈറൽ ആകൃതിയിൽ ചിരട്ടകൾ പിടിപ്പിക്കണം. മുകളിൽ നിന്നും താഴേക്ക് വേണം ചിരട്ട ചുറ്റേണ്ടത്.
നൂല് കൊണ്ട് കയറിന് മുകളിൽ അടയാളം വയ്ക്കാം. നൂല് പോകുന്ന അതെ ദിശയിൽ ചിരട്ടയും സ്ക്രൂ ചെയ്ത് പിടിപ്പിക്കണം. എന്നുവച്ചാൽ ഡ്രില്ലർ ഉപയോഗിച്ച് മുളയിൽ ദ്വാരമിട്ടാണ് ചിരട്ട ഘടിപ്പിക്കേണ്ടത്. മുളയിൽ കയർ ചുറ്റിയിരിക്കുന്നതിനാൽ ചിരട്ട മുളയിൽ പിടിപ്പിക്കാനും എളുപ്പമാണ്.
ബന്ധപ്പെട്ട വാർത്തകൾ: പാലും മണി പ്ലാന്റും ഒരുമിച്ച് സമ്പത്ത് വളർത്തും; വാസ്തു ശാസ്ത്രം പറയുന്നു
ഈ ചിരട്ടയിൽ ഇനി നിങ്ങൾക്ക് ചെടി വളർത്താം. മുളയ്ക്ക് താഴെ ഒരു സ്റ്റാൻഡ് കൂടിയുണ്ടെങ്കിൽ വീടിനകത്ത് ഇവ വീണുപോകാതെ സുരക്ഷിതമായി വയ്ക്കാൻ സാധിക്കും. മണ്ണ് അധികഭാരമാകാതെ വേണം ചിരട്ടയിൽ നിറയ്ക്കേണ്ടത്. സ്പൈറൽ ഗാർഡനായി തെരഞ്ഞെടുക്കുന്ന ചെടികളും ഇതിന് അനുസൃതമായിരിക്കാൻ ശ്രദ്ധിക്കുക.
Share your comments