ദിവസേന അടുക്കളത്തോട്ടത്തിൽ കുറച്ചു സമയമെങ്കിലും ചെലവാക്കാൻ തയ്യാറാണെങ്കിൽ വീട്ടാവശ്യങ്ങൾക്കായി നല്ല ഫ്രഷായ പച്ചക്കറി കൃഷി ചെയ്‌ത് വിളവെടുക്കാം. ആദായവും ഒപ്പം വിഷമില്ലാത്ത പച്ചക്കറിയും ലഭ്യമാക്കാം. ഇത്തരത്തിലുള്ള പച്ചക്കറികൾ ആരോഗ്യവും സൗന്ദര്യവും മാത്രമല്ല മികച്ച രുചിയും നൽകുന്നു. എന്നാൽ പച്ചക്കറികൾ വളർത്തി നല്ല വിളവെടുക്കാൻ, അടുക്കളത്തോട്ടം നിർമ്മിക്കാൻ തയ്യാറാകുമ്പോൾ തന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈക്കാര്യങ്ങളെ കുറിച്ചാണ് വിശദമാക്കുന്നത്.
- ചെടികള്‍ക്ക് പോഷകങ്ങള്‍ ലഭിക്കണമെങ്കില്‍ മണ്ണിന്റെ ഗുണം വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ക്ക് മണ്ണ് തയ്യാറാക്കുന്നതിന് വേണ്ടി കൊക്കോപീറ്റ്, മണ്ണ, കമ്പോസ്റ്റ് എന്നിവ ശരിയായ അളവില്‍ മിക്‌സ് ചെയ്യേണ്ടതാണ്. സാധാരണ മണ്ണില്‍ കമ്പോസ്റ്റ് അല്ലെങ്കില്‍ അതിന് സമാനമായ ജൈവവസ്തുക്കളോ കലര്‍ത്തി മണ്ണ് തയ്യാറാക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള ചെടികള്‍ വളര്‍ന്ന് വരുന്നതിന് സഹായിക്കും. പിന്നീട്, മുട്ടത്തോട്, കാപ്പിപ്പൊടി, ചായപ്പൊടി, പഴത്തോല്‍ എന്നിവയെല്ലാം വളപ്രയോഗത്തിന് വേണ്ടി ഉപയോഗിക്കാം.
- ചെടികൾ വളരുന്നതിന് ആവശ്യാനുസരണം സൂര്യപ്രകാശം വേണം. അതിനാൽ സൂര്യപ്രകാശം നല്ലപോലെ ലഭിക്കുന്ന സ്ഥലത്ത് വേണം അടുക്കളത്തോട്ടം തുടങ്ങുവാൻ. മിക്ക ചെടികള്‍ക്കും ദിവസവും മൂന്ന് മുതല്‍ ആറ് മണിക്കൂര്‍ വരെ നേരിട്ട് സൂര്യപ്രകാശം ആവശ്യമാണ്. കൂടാതെ ശരിയായ വായു സഞ്ചാരവും മികച്ച അന്തരീക്ഷവും ഉറപ്പ് വരുത്തേണ്ടതും അത്യാവശ്യമാണ്.
സ്ഥലപരിമിധി ഉള്ളവർക്ക് പാത്രങ്ങളോ ചട്ടികളോ മണ്‍പാത്രമ എല്ലാം ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ചട്ടികളും മണ്‍പാത്രങ്ങളും തിരഞ്ഞെടുക്കുമ്പോള്‍ അവയ്ക്ക് ആറ് ഇഞ്ച് ഉയരവും ഡ്രെയിനേജ് ദ്വാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്. വെള്ളം പെട്ടെന്ന് വറ്റുന്നത് തടയാന്‍ കണ്ടെയ്‌നറില്‍ ഉരുളന്‍ കല്ലുകള്‍ നിറയ്ക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇതിലേക്ക് ധാരാളം വിത്തുകള്‍ ഇടുന്നതിനേക്കാള്‍ കുറച്ച് വിത്തുകള്‍ മാത്രം പാകി കൃഷി ആരംഭിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങിൻതോപ്പിൽ ശീമക്കൊന്ന വളർത്തുന്നവർക്ക് അത്ഭുത വിളവ്!
ഗുണനിലവാരമുള്ള തൈകളും വിത്തുകളും ശ്രദ്ധിച്ച് വാങ്ങിക്കുക. ഗുണമേന്‍മയുള്ള വിത്തുകളും തൈകളും തിരഞ്ഞെടുക്കേണ്ടതാണ്. വിത്ത് പാകിയ ശേഷം ആദ്യം ശ്രദ്ധിക്കേണ്ടത് ഇതിന് അധിക സൂര്യപ്രകാശവും വായുവും വേണ്ട എന്നതാണ്. അതുകൊണ്ട് തന്നെ വിത്ത് പാകിയ ശേഷം അതിനെ ഒരു കലം കൊണ്ട് മൂടി വെക്കാവുന്നതാണ്. പുതിന, കറിവേപ്പില, തക്കാളി, വഴുതന, ബീന്‍സ്, മല്ലി, ചീര, ചെറുനാരങ്ങ തുടങ്ങിയ സസ്യങ്ങള്‍ ഇത്തരത്തില്‍ വീട്ടിനുള്ളില്‍ തന്നെ വളര്‍ത്താവുന്നതാണ്.
വിത്ത് പാകുമ്പോള്‍ മാത്രം കുറച്ച് വെള്ളം നല്‍കിയാല്‍ മതി. ഇതിന് ശേഷം വിത്ത് മുളച്ച് അത് ചെടിയായി മാറുമ്പോള്‍ കൃത്യമായി നനച്ച് കൊടുക്കേണ്ടതാണ്. എന്നാല്‍ ജലാംശം അധികമാവാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം അധികമായാല്‍ പലപ്പോഴും അത് ചെടി ചീഞ്ഞ് പോവുന്നതിന് കാരണമാകുന്നുണ്ട്. വെള്ളം ആവശ്യത്തിനുണ്ടെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി നിങ്ങളുടെ വിരല്‍ മണ്ണില്‍ ഒരു ഇഞ്ച് താഴേക്ക് ഇറക്കി നോക്കുക. വിരലില്‍ മണ്ണ് നനവില്ലാതെ പറ്റുന്നുണ്ടെങ്കില്‍ മണ്ണില്‍ വെള്ളമില്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്.
ചെടി വളര്‍ന്ന് കായ്ഫലമാവുന്നത് വരെ നമുക്ക് ഇതിനെ നല്ലതുപോലെ പരിപാലിക്കേണ്ടതാണ്. അതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം. പതിവായി സസ്യങ്ങള്‍ ട്രിം ചെയ്യാന്‍ ഓര്‍മ്മിക്കേണ്ടതാണ്. എന്നിരുന്നാലും, ചെടിയുടെ മൂന്നിലൊന്നില്‍ കൂടുതല്‍ ഭാഗം ട്രിം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്.
Share your comments