ഓർക്കിഡ് വർഗ്ഗത്തിൽപ്പെട്ട വാനില കൃഷിചെയ്യാൻ വേണ്ടത് തണലും നല്ല ജൈവാംശം ഉള്ള മണ്ണുമാണ്. ചൂടും ഇടയ്ക്കിടെ മഴയും ലഭ്യമാകുന്ന കാലാവസ്ഥയാണ് ഇത് മികച്ച രീതിയിൽ വളരുവാൻ നല്ലത്. തുറസായ സ്ഥലങ്ങളിൽ ഇവ കൃഷി ചെയ്യുമ്പോൾ തണൽ മരങ്ങൾ വച്ചു പിടിപ്പിക്കണം. മണ്ണിൻറെ നീർവാർച്ചയും വാനില കൃഷിയിൽ പ്രധാനമാണ്.
ബന്ധപ്പെട്ട വാർത്തകൾ: വാനില കൃഷി ചെയ്യാൻ വളരെ എളുപ്പം
കൃഷി രീതി
വള്ളി മുറിച്ചു നട്ടാണ് വാനിലയുടെ വംശവർദ്ധനവ് നടത്തുന്നത്. വേരുപിടിപ്പിച്ച 60 സെൻറീമീറ്റർ നീളമുള്ള വള്ളികളും നടാനായി ഉപയോഗിക്കാം. നീളം കൂടിയ വള്ളികളാണ് നീളം കുറഞ്ഞ വള്ളികളെക്കാൾ ആദ്യം പൂക്കുക. ടിഷു കൾച്ചർ രീതിയിലൂടെ ഉൽപ്പാദിപ്പിച്ച തൈകളും മികച്ച ആദായം ഉറപ്പുവരുത്തുന്നു. ഒരു വള്ളിച്ചെടി ആയതുകൊണ്ട് 135 സെൻറീമീറ്റർ ഉയരമുള്ള താങ്ങുകൾ ഇവയ്ക്ക് വേണ്ടിവരുന്നു. താങ്ങിന് പറ്റിയ മരങ്ങൾ ശീമക്കൊന്ന, മുരുക്ക് തുടങ്ങിയവയാണ്. വാനില വള്ളികൾ ശരിയായ രീതിയിൽ പടർത്തി വിടുവാനും കൈകൊണ്ടുള്ള പരാഗണം എളുപ്പമാക്കാനും താങ്ങുമരങ്ങളുടെ വളർച്ച ക്രമീകരിക്കണം. താങ്ങു മരങ്ങൾക്ക് ഒന്നര മീറ്റർ ഉയരം ആകുന്നതോടെ ശിഖരങ്ങൾ ഉണ്ടാകാൻ അനുവദിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: പണ സമ്പാദനത്തിന് മികച്ച വഴി വാനില കൃഷി
മഴക്കാലം ആരംഭത്തോടെ വള്ളികൾ നടാം. ചെടികൾ തമ്മിൽ 2.7 മീറ്ററും വരികൾ തമ്മിൽ 1.8 മീറ്ററും വരത്തക്കവിധം 40*40*40 മീറ്റർ സെൻറീമീറ്റർ അളവിലെടുത്ത് കുഴികളിൽ വള്ളി നടാവുന്നതാണ്. ചെടികൾ 135 സെൻറീമീറ്റർ ഉയരം വയ്ക്കുന്നതോടെ വള്ളികളെ താങ്ങ് കാലുകൾക്കു ചുറ്റും വലയങ്ങൾ ആയി തൂക്കിയിടും. ഇതിനെ ലൂപ്പിങ് എന്നു പറയും. ഇതിനായി വള്ളികൾ വളർന്നു തുടങ്ങുമ്പോൾ തന്നെ താങ്ങുകാലുകളിൽ പിടിച്ച് മുകളിലേക്ക് വളരുവാൻ അനുവദിക്കണം. താങ്ങുകാലിന്റെ ശിഖരങ്ങൾ വരെ എത്തിയ വള്ളി അവിടെ തന്നെ വളർച്ച ക്രമീകരിച്ച് ഏകദേശം രണ്ട് മീറ്ററോളം വളർത്തിയ ശേഷം താഴേക്ക് തൂക്കിയിടുകയും മണ്ണിൽ മൂടുന്നതിനു മുൻപ് താങ്ങുമരത്തിലൂടെ തന്നെ മുകളിലേക്ക് വളർത്തുകയും ചെയ്യണം.
ഈ രീതിയിൽ വള്ളികളുടെ വളർച്ച ക്രമീകരിക്കുന്നത് പരാഗണം സുഗമമാക്കുവാൻ നല്ലതാണ്. കായ്കൾ പറിച്ചെടുത്ത് ശേഷം ആ വള്ളികൾ മുറിച്ചു മാറ്റുന്നതും അമിതമായുണ്ടാകുന്ന തണ്ടുകൾ നീക്കം ചെയ്യുന്നതും ഉള്ളിലേക്ക് വായുവും വെളിച്ചവും സുലഭമായി കിടക്കുവാൻ സഹായിക്കുന്നു. ഇത് കുമിൾ രോഗങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു.
വളപ്രയോഗം
വേരുപടലം മണ്ണിൻറെ നിരപ്പിൽ തന്നെയായതുകൊണ്ട് വളപ്രയോഗം മേൽമണ്ണിൽ നടത്തിയാൽ മതി. ചെടിയുടെ ചുവട്ടിൽ പച്ചിലയോ കാലിവളമോ കൊണ്ട് ജൂൺ-ജൂലൈ മാസങ്ങളിലും സെപ്തംബർ-ഒക്ടോബർ മാസങ്ങളിലും പുത ഇടണം. കൃത്യമായി വളപ്രയോഗം നൽകി പരിപാലിക്കുമ്പോൾ മൂന്നാം വർഷം മുതൽ ചെടി പുഷ്പിച്ചു തുടങ്ങുന്നു.
ബന്ധപ്പെട്ട വാർത്തകൾ: നിങ്ങള്‍ക്ക് വാനില ഇഷ്ടമാണോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞോളൂ
Share your comments