റംബൂട്ടാൻ പോലെ തന്നെ വിപണി കീഴടക്കി കൊണ്ടിരിക്കുന്ന മറ്റൊരു വിദേശ പഴവർഗ്ഗമാണ് മാങ്കോസ്റ്റിൻ. ഒരു പ്രാവശ്യം കഴിച്ചു കഴിഞ്ഞാൽ പിന്നെയും കഴിക്കണമെന്ന് തോന്നുന്ന മധുരമുള്ളതും സ്വാദിഷ്ടമായ ഒരു പഴമാണിത്. ഈ നട്ടു വളർത്താൻ ശ്രമിക്കുന്ന പലരുമുണ്ട്. എന്നാൽ അവരുടെയെല്ലാം പ്രശ്‌നം ചെടിക്ക് വളർച്ചയില്ലാതെ മുരടിച്ചു നിൽക്കുന്നുവെന്നാണ്.
നഴ്‌സറിയിൽ നിന്ന് മാങ്കോസ്റ്റിൻ തൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, നട്ടുവളർത്തേണ്ട വിധം, പരിചരണം, എങ്ങനെ എളുപ്പത്തിൽ കായ്ഫലം ഉണ്ടാക്കാം എന്നിവയെ കുറിച്ചാണ് ഈ ലേഖനത്തിൽ.
തെങ്ങിൻ തോപ്പുകൾ പോലുള്ള വെയിൽ കുറഞ്ഞ സ്ഥലമാണ് മാങ്കോസ്റ്റിൻ ചെടി വളരാൻ ഇഷ്ടപെടുന്ന സ്ഥലം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വളർത്തുമ്പോഴാണ് കൂടുതൽ പഴങ്ങൾ ഉണ്ടാകുന്നതും.
മാങ്കോസ്റ്റിൻ വളരെ മെല്ലെ വളരുന്ന ചെടിയാണ്. എളുപ്പത്തിൽ വളർന്നു വലുതാകാനായി കൂടുതൽ വളങ്ങൾ ഇട്ടുകൊടുക്കരുത്. വിത്തോ തൈകളോ നാട്ടുകഴിഞ്ഞു 4 - 5 വർഷം കഴിയും കായ് പിടിച്ചുതുടങ്ങാൻ. മാങ്കോസ്റ്റിൻറെ കാര്യത്തിൽ, ഗ്രാഫ്റ്റിങ് ചെയ്യാത്ത തൈകൾ വേണം വാങ്ങാൻ. വിത്ത് മുളപ്പിച്ച ഗുണമേന്മയേറിയ തൈകൾ വേണം തിരഞ്ഞെടുക്കാൻ. മാങ്കോസ്റ്റിൻ തൈകൾ പൊതുവെ വില കൂടിയ ഇനമാണ് വിപണിയിൽ ലഭിക്കാറ്.
തൈകൾ നേരിട്ട് മണ്ണിൽ നട്ടുവളർത്തുന്നതാണ് നല്ലത്. കാരണം ചട്ടികളിലും ഗ്രോബാഗിലും വളർത്തുമ്പോൾ കായ് പിടിക്കുവാൻ പിന്നെയും കൂടുതൽ സമയം എടുക്കാറുണ്ട്. ആദ്യത്തെ ഒന്ന് രണ്ടു വർഷമാണ് ഈ ചെടി വളർന്നു വരുവാൻ താമസം. അതിനുശേഷം പെട്ടെന്ന് വളർന്ന് ശിഖിരങ്ങൾ വളരുകയും, പൂക്കൾ ഉണ്ടാകാൻ തുടങ്ങുകയും ചെയ്യുന്നു. കായ്ക്കാൻ തുടങ്ങിയ ആദ്യ വർഷത്തിൽ ഒന്നോ രണ്ടോ കായകൾ മാത്രമേ കാണുള്ളൂ. എന്നാൽ പിന്നീട് അത് ഇരട്ടിക്കുന്നു.
ചെടിയുടെ വേഗത്തിലുള്ള വളർച്ചയ്ക്കായി ജൈവ വളമോ രാസവളമോ ഉപയോഗിക്കാം. എല്ലുപൊടി, കമ്പോസ്റ്റ്, ചാണകം, എന്നിവ ജൈവവളമായി ഉപയോഗിക്കാം. ആദ്യ വർഷങ്ങളിൽ എല്ലുപൊടി കുറവ് മാത്രമേ ചേർക്കാൻ പാടുള്ളു. വർഷത്തിൽ രണ്ടുപ്രാവശ്യം വളപ്രയോഗം നടത്താം മെല്ലെ വളരുന്ന ചെടിയായതു കൊണ്ട് പ്രൂണിങ് ചെയ്യേണ്ട ആവശ്യമില്ല.
Share your comments