നാരുകളും പോഷകങ്ങളും സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ചാമ്പക്ക പ്രമേഹവും കൊളസ്ട്രോളും ചെറുക്കുന്നതിന് വളരെ പ്രയോജനപ്പെടും. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനും ചാമ്പയ്ക്ക ഉത്തമമാണ്.
എന്നാൽ പോഷകഗുണങ്ങൾ നിറഞ്ഞ ചാമ്പക്ക നമ്മുടെ വീട്ടുവളപ്പിലും വച്ചുപിടിപ്പിക്കാവുന്നതാണ്. കുരു മുളപ്പിച്ചും കൊമ്പ് നട്ടുപിടിപ്പിച്ചും വളര്‍ത്തുന്ന ചെടിയാണിത്. കാര്യമായ പരിചരണം നല്‍കാതെ തന്നെ ചാമ്പ വീട്ടുവളപ്പിൽ നട്ടുവളർത്താനാകും. എങ്കിലും അൽപം ശ്രദ്ധ നൽകിയാൽ നന്നായി വിളവ് ലഭിക്കുന്ന ചാമ്പ ചെടിയിൽ പ്രയോഗിക്കാവുന്ന ചില പൊടിക്കൈകൾ പരിചയപ്പെടാം.
ചാമ്പ; കൃഷിരീതിയും വളപ്രയോഗവും
മികച്ച വിളവ് ലഭിക്കാന്‍ നല്ല സൂര്യപ്രകാശമുള്ള സ്ഥലമാണ് ചാമ്പയുടെ കൃഷിക്കായി തെരഞ്ഞെടുക്കേണ്ടത്. നടാനായി തെരഞ്ഞെടുക്കേണ്ടത് നന്നായി മൂത്ത് പഴുത്ത വിത്ത് ആണ്.
ചാമ്പ നടാനായി കുഴികള്‍ തയ്യാറാക്കുമ്പോള്‍ ഒരടി നീളവും വീതിയും ആഴവും ഉണ്ടായിരിക്കണം. ഇതിലേക്ക് വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും വളമായി നല്‍കണം. മേല്‍മണ്ണുമായി ഇത് കൂട്ടിയോജിപ്പിച്ച് കഴിഞ്ഞ് ചാമ്പയുടെ വിത്ത് നടാം. ചാമ്പക്ക വിത്ത് നട്ടു കഴിഞ്ഞാല്‍ ആദ്യത്തെ ഒരു മാസത്തേക്ക് ഇത് നന്നായി നനയ്ക്കണം. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ ഇത് നനച്ചുകൊടുക്കണം.
ചാമ്പയിൽ നിന്ന് മികച്ച വിളവ് ലഭിക്കാനായി കടലപ്പിണ്ണാക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ഇതിനായി ഒരു പാത്രത്തില്‍ കടലപ്പിണ്ണാക്ക് ഇട്ട് അല്‍പ്പം വെള്ളമൊഴിച്ച് അഞ്ച് ദിവസം സൂക്ഷിക്കുക. ഈ ലായനി പുളിച്ച് വരുമ്പോള്‍ തെളി ഊറ്റിയെടുത്ത് നേര്‍പ്പിച്ച ശേഷം ചെടിയുടെ വേരില്‍ നിന്ന് അല്‍പ്പം വിട്ട് ഒഴിച്ചു കൊടുക്കാം. ചാമ്പയിൽ നന്നായി പഴങ്ങൾ ഉണ്ടാകുന്നതിന് ഇത് സഹായിക്കും.
ചാമ്പയ്ക്ക കൊഴിയാതിരിക്കാൻ...
കായ്ക്കുന്ന ചാമ്പ കൊഴിഞ്ഞ് പോകുന്നത് മുഖ്യ പ്രശ്നമാകാറുണ്ട്. എന്നാൽ ഇതിന് പരിഹാരമായും ഒരു ജൈവപ്രയോഗം നടത്താം. ചാമ്പക്കയുടെ ചുവട്ടില്‍ ചകിരി വച്ചുകൊടുക്കുന്നത് ചാമ്പക്ക പൊഴിയാതിരിക്കാൻ സഹായിക്കും. ചകിരിക്കൊപ്പം പച്ചിലകളും ഇട്ടുകൊടുക്കാം. കൂടാതെ, അരി കഴുകിയ വെള്ളവും കഞ്ഞിവെള്ളവും ചാമ്പക്കയുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കുന്നതും ഗുണം ചെയ്യും.
ചാമ്പയ്ക്ക ചട്ടിയിൽ വളർത്താം
സ്ഥലപരിമിധിയുള്ളവരും നഗരങ്ങളിൽ പാർക്കുന്നവരും ചാമ്പക്ക ചട്ടിയിൽ നട്ടുവളർത്തുക. ഇത് 3 മാസത്തിന് ശേഷം പറിച്ചുനടാം. മാസത്തില്‍ ഒരിക്കലെങ്കിലും ഇതിൽ വളപ്രയോഗം നടത്താം. മുട്ടത്തോട്, നേന്ത്രപ്പഴത്തൊലി എന്നിവക്കൊപ്പം കുറച്ച് കഞ്ഞിവെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് അരച്ചെടുത്ത്, ഇത് അല്‍പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചും ലായനിയാക്കാം. എന്നാൽ ഈ ലായനി ചാമ്പക്കയുടെ വേരിന്റെ ഭാഗത്ത് നിന്നും അല്‍പ്പം വിട്ട് ഒഴിച്ചുകൊടുക്കുന്നതിന് ശ്രദ്ധിക്കുക. ശേഷം ഇതിന് മുകളിലായി മണ്ണ് വിതറുക. നന്നായി കായ്ഫലം ലഭിക്കാൻ ഇത് മികച്ച മാർഗമാണ്.
Share your comments