തൊടിയിൽ നിൽക്കുന്ന കറിവേപ്പ് കറി വയ്ക്കുന്ന സമയത്താണ് എല്ലാവരും ഒടിച്ചു കൊണ്ടുവന്ന് കറിയിൽ ഇടുന്നത്.അത്രയ്ക്ക് ഫ്രഷ് ആയി കറിയിൽ ചേർക്കാൻ കഴിയുന്നത് നല്ല കാര്യമാണ്. എന്നാൽ ചില സമയങ്ങളിൽ എത്ര വലിയ വേപ്പാണെങ്കിൽ കൂടി ഇലകൾ ലഭിക്കാറില്ല.
പല കാരണങ്ങൾ കൊണ്ട്. ഒന്നുകിൽ മരത്തിന്റെ ഉയരക്കൂടുതൽ കൊണ്ട്, അല്ലെങ്കിൽ ഇലകൾ കുറവ്, ഉള്ള ഇലകൾ പുള്ളിയും പാണ്ടും പിടിച്ചു ഒട്ടുമേ വൃത്തിയില്ലാത്ത കാണപ്പെടും. അങ്ങനെയുള്ള സമയങ്ങളിൽ അടുത്ത വീടുകളിൽ നിന്ന് കുറച്ചു കറിവേപ്പിലകൾ കൊണ്ടുവന്നു സൂക്ഷിച്ചു വയ്ക്കാറുണ്ട്.അങ്ങനെ സൂക്ഷിച്ചു വയ്ക്കുമ്പോൾ ദീർഘകാലം കേടുകൂടാതെ ഫ്രഷ് ആയിരിക്കാൻ ചില പൊടിക്കൈകൾ ഉണ്ട് .
1. കറിവേപ്പില തണ്ടോടുകൂടി നനച്ച് വാഴയിലയില്‍ പൊതിഞ്ഞ് ഫ്രിഡ്‌ജില്‍ സൂക്ഷിച്ചാല്‍ കൂടുതല്‍ നാള്‍ കേട് കൂടാതെയിരിക്കും.
2. തണ്ടോടു കൂടി പ്ലാസ്റ്റിക് ലോക്ക് കവറില്‍ ലോക്ക് ചെയ്‌ത് ഫ്രിഡ്‌ജില്‍ സൂക്ഷിക്കാം.
3. ചെറു ശിഖരങ്ങളോടു കൂടിയ ഇലകള്‍ ചെറുതായി നനച്ചു സൂക്ഷിക്കാം.
4. കുപ്പി വെള്ളത്തില്‍ തണ്ടോടു കൂടി താഴ്‌ത്തി വയ്‌ക്കുക.
5 . നനവില്ലാത്ത ഇലകൾ ഒട്ടും നനവില്ലാത്ത കുപ്പിയിൽ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കാം. അത് വളരെ ഫലപ്രദമായി പലരും പറഞ്ഞു കേൾക്കാറുണ്ട്.
ഉപയോഗങ്ങളും, ഔഷധഗുണങ്ങളും
കറികള്‍ക്ക് രുചിയും, സുഗന്ധവും, ഗുണവും ലഭിയ്‌ക്കാനാണ് കറിവേപ്പില ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. ആയുര്‍വേദവിധി പ്രകാരം കറിവേപ്പില ഔഷധമായി പരിഗണിക്കപ്പെടുന്നു. നമ്മുടെ ആഹാരത്തില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് ദഹന പ്രക്രിയ എളുപ്പമാക്കും.
ഭക്ഷണ പദാര്‍ത്ഥങ്ങളിലെ വിഷാംശം ഒരു പിരിധി വരെ നീക്കം ചെയ്യുവാനുള്ള കഴിവ് കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തില്‍ കറിവേപ്പില അരച്ചു ചേര്‍ത്ത് കഴിയ്‌ക്കുന്നത് പോഷക മൂല്യം കൂടുതല്‍ ലഭിയ്ക്കാന്‍ സഹായകമാവും. കറിവേപ്പില ഭക്ഷണങ്ങളില്‍ നിന്നും പെറുക്കി മാറ്റി വച്ചാണ് സാധാരണക്കാര്‍ കഴിയ്‌ക്കാറ്.
എന്നാൽ ഇത് ശരിയായ രീതീയല്ല. കണ്ണിന്റെ ആരോഗ്യത്തിനായി കറിവേപ്പില ചട്‌നി കഴിക്കുവാന്‍ നാട്ടു വൈദ്യത്തില്‍ പറയുന്നുണ്ട്. കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി എന്നിവ മോരില്‍ അരച്ചു ചേര്‍ത്ത് കഴിച്ചാല്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നല്ലതാണ്. തളിരില അരച്ചു തേനില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറുകടി, രക്താതിസാരം എന്നീ രോഗങ്ങള്‍ക്ക് വളരെ ആശ്വാസം കിട്ടും. കരളിന്റെ പ്രവര്‍ത്തനം ക്രമമാകുന്നതിനും കറിവേപ്പില കഷായം അഞ്ചു മില്ലി വീതം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. കറിവേപ്പിന്റെ തളിരില മഞ്ഞള്‍ ചേര്‍ത്ത് ഉദ്ദേശം ഒരു നെല്ലിക്കാ വലുപ്പത്തില്‍ ദിവസവും രാവിലെ കഴിച്ചാല്‍ പ്രതിരോധ ശക്തി വര്‍ദ്ധിക്കും. കറിവേപ്പില സത്ത് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ വിറ്റാമിന്‍ എ-യുടെ കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍ ഉണ്ടാകില്ല. പയര്‍, പരിപ്പ് തുടങ്ങിയ ഭക്ഷ്യവസ്‌തുക്കള്‍ ഇട്ടു വയ്‌ക്കുന്ന പാത്രത്തില്‍ അല്‌പം ഉണങ്ങിയ കറിവേപ്പില ഇട്ടു വച്ചാല്‍ പ്രാണികളുടെയും പുഴുക്കളുടേയും ആക്രമണം ഉണ്ടാകില്ല.
വീടിന്റെ പരിസരം എത്ര കുറവാണെങ്കിലും ഒരു കറിവേപ്പെങ്കിലും നട്ടുവളര്‍ത്താവുന്നതേയുള്ളൂ. ഇലകള്‍ ചെടിയില്‍ നിന്നും പറിച്ചെടുത്ത് അതേ രൂപത്തില്‍ കറികളില്‍ ചേര്‍ത്താല്‍ കിട്ടുന്ന ഹൃദ്യമായ രുചിയും മണവും മലയാളികള്‍ക്ക് ചിരപരിചിതമാണ്. പണ്ടൊക്കെ ഓരോ വീടും കറിവേപ്പിലയില്‍ സ്വയം പര്യാപ്‌തമായിരുന്നു. ഇന്ന് മറ്റെല്ലാത്തിനേയും പോലെ വിപണിയില്‍ നിന്ന് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിഷം ചേര്‍ന്ന കറിവേപ്പില വാങ്ങാന്‍ നിര്‍ബ്ബന്ധിതരാകുന്നു. തൈകിളിര്‍പ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് എല്ലാ ജില്ലകളിലും ഉള്ള കൃഷിവികാസ് കേന്ദ്ര ( കെ.വി.കെ.) യില്‍ നിന്നോ സര്‍ക്കാര്‍ നേഴ്‌സറികളില്‍നിന്നോവില കുറഞ്ഞതും ഗുണമേന്മ ഉള്ളതുമായ തൈകള്‍ ലഭിയ്ക്കും.
Share your comments