തക്കാളിയുടെ വില ദിനംപ്രതി എന്നോണമാണ് കൂടുന്നത്, തമിഴ്നാട്ടിൽ വില 200 ആയിരിക്കുന്നു. എന്നാൽ മലയാളികളായ നമുക്ക് തക്കാളി ഇല്ലാത്ത ഭക്ഷണങ്ങൾ ഇല്ലാ4തെ പറ്റത്തുമില്ല എന്നാണ് അവസ്ഥ അല്ലെ? വില കൂടിയാലും ഇല്ലെങ്കിലും നമുക്ക് കഴിക്കാനുള്ള പച്ചക്കറികൾ വീട്ടിൽ തന്നെ വളർത്തുന്നതാണ് എപ്പോഴും നല്ലത്, കീടനാശിനികളില്ലാത്ത, ജൈവപച്ചക്കറികൾ കഴിച്ച് ആരോഗ്യത്തോടെ ജീവിക്കാം.
നമ്മുടെ വീട്ടിൽ തന്നെ തക്കാളി വളർത്തിയാൽ പിന്നെ എന്തിന് പേടിയ്ക്കണം? എന്താ സ്ഥലം കുറവാണോ? എങ്കിൽ അക്കാര്യത്തിലും പേടി വേണ്ട, തൂങ്ങിക്കിടക്കുന്ന കൊട്ടകളിൽ (Hanging Basket) തക്കാളി വളർത്തിയെടുക്കാവുന്നതാണ്... ഇത് പരിധിയില്ലാതെ വിളവ് നൽകുന്നതിനും സഹായിക്കുന്നു.
എങ്ങനെ തക്കാളി വളർത്താം?
കൊട്ടയിൽ തക്കാളി വളർത്തുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടത് 3 കാര്യങ്ങളാണ്;
1. ശരിയായ ഇനം
2. വളർത്താൻ പോകുന്ന കൊട്ടയുടെ വലിപ്പം
3. വളരാൻ ആവശ്യമായ സാഹചര്യങ്ങൾ
ഇവ മൂന്നും നിങ്ങൾ വളർത്തുകയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ തക്കാളി നന്നായി വിളയും എന്ന് മാത്രമല്ല ആരോഗ്യത്തോടെ വളരുന്നതിനും സഹായിക്കുന്നു.
കൊട്ടയിൽ തക്കാളി വളർത്തുമ്പോൾ ശരിയായ ഇനങ്ങൾ തിരഞ്ഞെടുക്കാം...
വിപ്പേഴ്സ്നാപ്പര്‍ ( Whippersnapper) , ബാക്സ്റ്റേഴ്സ് ഏര്‍ലി ബുഷ് ചെറി തക്കാളി( Baxter's Early Bush Cherry Tomato), നാപ്പ ഗ്രേപ്പ് ഹൈബ്രിഡ്( Napa Grape hybrid) , ടംബ്ലിംഗ് ടോം(Tumbling Tom), മിഡ്നൈറ്റ് സ്നാക്ക് ഹൈബ്രിഡ്( Midnight Snack hybrid), ടൈനി ടിം( Tiny Tim), ടംബ്ലര്‍ ഹൈബ്രിഡ് ( Tumbler hybrid) , ഫ്‌ലോറിഡ ബാസ്‌ക്കറ്റ് (Florida Basket), റെഡ് റോബിന്‍ ( Red Robin), എന്നിവ കൊട്ടകളില്‍ വളരാന്‍ മികച്ച ഉല്‍പ്പാദനക്ഷമതയുള്ള ഇനങ്ങളാണ്. ഇവയ്ക്ക് കീടങ്ങളേയും രോഗങ്ങളേയും പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ട്.
തക്കാളികളുടെ സവിശേഷത
ഈ തക്കാളി ചെടികൾ ഒതുക്കമുള്ളതാണ് ഇവ കൊട്ടകളിൽ വളരുമ്പോൾ നന്നായി വളരുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇവ നന്നായി കായ്ക്കുന്നതിനും സഹായിക്കുന്നു. ഇവ തൂങ്ങിക്കിടക്കുന്നത് കാണാൻ തന്നെ മനോഹരമാണ് എന്ന് പറയാതിരിക്കാൻ വയ്യ.
കൊട്ട തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഈ തക്കാളി ഇനങ്ങൾ ചെറിയ പാത്രങ്ങളിൽ വളരുന്നവയാണ്. അത്കൊണ്ട് തന്നെ 12 ഇഞ്ച് വലിപ്പമുള്ള കൊട്ടകളാണ് തക്കാളി കൃഷിക്ക് അനുയോജ്യം. കൊട്ട തൂങ്ങിക്കിടക്കുന്നത് കൊണ്ട് തന്നെ വെള്ളം വേഗത്തിൽ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി തേങ്ങയുടെ തൊണ്ട്, കൊക്കോ പീറ്റ് തുടങ്ങിയ വെള്ളം നിലനിർത്തുന്ന ജൈവവസ്തുക്കൾ ചേർക്കാം, ഇത് മണ്ണിൽ ഈർപ്പം നിലനിർത്തുന്നതിന് സഹായിക്കുന്നു. ജൈവ പദാർത്ഥങ്ങൾ അടങ്ങിയ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണ് ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
വിത്ത് പാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടകളിലേക്ക് വിത്തുകൾ നേരിട്ട്പാകുന്നത് ശരിയായ രീതിയല്ല, തക്കാളി തൈകൾ നടുന്നതാണ് ഉത്തമം, ഒരു കൊട്ടയിൽ ഒന്നിൽ കൂടുതൽ തക്കാളി ചെടികൾ നടരുത്. ഇത് വെന്റിലേഷൻ കുറയ്ക്കുന്നതിന് കാരണമാകുന്നു.
നടുന്ന സമയത്ത്, മണ്ണിൽ സാവധാനത്തിൽ അലിയുന്ന വളം ചേർക്കുക. വളർച്ച തുടങ്ങിയാൽ പൊട്ടാസ്യം അടങ്ങിയ വളം ചേർക്കാവുന്നതാണ്... കൊട്ടകളിൽ പോട്ടിംഗ് മിശ്രിതം ആണ് നിറയ്ക്കേണ്ടത്. 6 മണിക്കൂറെങ്കിലും ദിവസേന സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് ആയിരിക്കണം കൊട്ട തൂക്കിയിടേണ്ടത്.
പതിവായി വെള്ളം നനയ്ക്കാൻ ശ്രദ്ധിക്കുക.
തൂങ്ങിക്കിടക്കുന്ന കൊട്ടകളിൽ വളരുന്ന മറ്റ് പച്ചക്കറികൾ/ പഴങ്ങൾ ഇവയൊക്കെയാണ്!
ചീര
പച്ചപ്പയർ
സ്ട്രോബറി
പുതിന
മല്ലി
ഏഷ്യൻ വഴുതന.
ബന്ധപ്പെട്ട വാർത്തകൾ: പാവൽ കൃഷിയിൽ നല്ല വിള ലഭിക്കാൻ ഈ രീതിയിൽ ചെയ്യാം
Share your comments