തെങ്ങുകൃഷിയിൽ ഗണ്യമായ തോതിൽ വിള നഷ്ടമുണ്ടാക്കുന്ന രോഗമാണ് ചെന്നീരൊലിപ്പ്. തെങ്ങിൻറെ തടിയിൽ നിന്നും തവിട്ടു കലർന്ന ചുവന്ന നിറത്തിലുള്ള ദ്രാവകം ഊറിവരുന്നതാണ് രോഗലക്ഷണം. ചെന്നീരൊലിപ്പ് തെങ്ങിൻ തടിയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് ചുവടു ഭാഗത്താണ്. ക്രമേണ ഇതു മുകളിലേക്ക് വ്യാപിക്കും.
ദ്രാവകം ഊറിവരുന്ന വിള്ളലുകൾ ഉള്ള ഭാഗത്തെ തൊലി ചെത്തി മാറ്റിയാൽ ഉള്ളിലുള്ള ഭാഗം ചീഞ്ഞഴുകിയാതായി കാണാം. തെങ്ങിൻ തടിയിൽ പ്രകൃത്യാ കാണപ്പെടുന്ന വിള്ളലുകൾ,കടുത്ത വരൾച്ച, വെള്ളക്കെട്ട്, അസന്തുലിതമായ വളപ്രയോഗം, മണ്ണിൽ അമിതമായ ലവണാംശം തുടങ്ങിയ ഘടകങ്ങളും രോഗം രൂക്ഷമാകാൻ കാരണമാകുന്നു.
ചെന്നീരൊലിപ്പ് -നിയന്ത്രണ മാർഗങ്ങൾ
1. തെങ്ങിൻ ചുവട്ടിൽ തടിയോട് ചേർത്ത് ചപ്പു ചവറുകൾ കൂട്ടിയിട്ട് തീ കത്തിക്കുന്നത് ഒഴിവാക്കുക.
2. ചെന്നീരൊലിപ്പ് ഉള്ള ഭാഗങ്ങൾ ചെത്തി മാറ്റി മുറിപ്പാടിൽ ഹെകസോകൊണോസോൾ 5 E-C എന്ന കുമിൾനാശിനി പുരട്ടണം. ഇതിനായി 5 മില്ലി ലിറ്റർ കുമിൾനാശിനി 100 മില്ലി ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തണം. രണ്ടു ദിവസത്തിനുശേഷം ഇതിന്മേൽ ടാർ പുരട്ടണം.
കുമിൾനാശിനി പ്രയോഗത്തിന് പകരമായി ചെന്നീരൊലിപ്പ് ഉള്ള ഭാഗങ്ങളിൽ എതിർ കുമിൾ ആയ ട്രൈക്കോഡർമ കുഴമ്പുരൂപത്തിലാക്കി പുരട്ടുന്നതും ഫലപ്രദമാണ്. ടാൽക്ക് മാധ്യമത്തിൽ വളർത്തിയ 100 ഗ്രാം ട്രൈക്കോഡർമ 50 മില്ലി ലിറ്റർ വെള്ളത്തിൽ ചേർത്ത് കുഴമ്പ് തയ്യാറാക്കാം. തുടർന്ന് രണ്ടാഴ്ചത്തേക്ക് രണ്ടു ദിവസത്തിലൊരിക്കൽ വീതം ട്രൈക്കോഡർമ കുഴമ്പ് പുരട്ടിയ ഭാഗത്ത് ഈർപ്പം നിലനിർത്താൻ വെള്ളം തളിച്ചു കൊടുക്കണം.
3. ട്രൈക്കോഡർമ ചേർത്ത വേപ്പിൻപിണ്ണാക്ക് അഞ്ചു കിലോഗ്രാം എന്ന തോതിൽ തെങ്ങിൻ തടത്തിൽ ചേർത്ത് കൊടുക്കുക.
4. തെങ്ങിൻറെ താഴെ തടിയിൽ ക്ഷതം വരാതെ പരമാവധി സൂക്ഷിക്കുക.
5. വേനൽക്കാലത്ത് തെങ്ങുകൾക്ക് ജലസേചനം നൽകുന്നതും, വർഷക്കാലത്ത് തെങ്ങിൻതോട്ടത്തിൽ ഉള്ള അധികവെള്ളം കെട്ടിനിൽക്കാത്ത വിധത്തിൽ വാർന്നു പോകുന്നതിനുള്ള സൗകര്യമൊരുക്കുന്നതും രോഗബാധ കുറയ്ക്കുന്നതിന് സഹായിക്കും.
Symptoms include a brownish-red liquid oozing from the coconut tree. Trichoderma and neem cake can be used to treat disease found in coconuts.
ട്രൈക്കോഡർമ സംവർദ്ധനം ചെയ്യുന്ന രീതി
ഗുണമേന്മയുള്ള വേപ്പിൻ പിണ്ണാക്ക് വേണം ട്രൈക്കോഡർമ വളർത്താൻ ഉപയോഗിക്കേണ്ടത്. ചൂടു മാറിയതും പൊടിഞ്ഞതുമായ വേപ്പിൻപിണ്ണാക്കിൽ ട്രൈക്കോഡർമ വളർത്താം.
100 കിലോഗ്രാം വേപ്പിൻ പിണ്ണാക്കിൽ ടാൽക്ക് മാധ്യമത്തിൽ വളർത്തിയ ട്രൈക്കോഡർമ ഒരു കിലോഗ്രാം എന്ന തോതിൽ ചേർത്ത് നനഞ്ഞ ചാക്ക് കൊണ്ട് രണ്ടു ദിവസത്തേക്ക് മൂടിവെക്കുക. അതിനുശേഷം രണ്ടു ദിവസത്തിലൊരിക്കൽ എന്ന രീതിയിൽ ഒരാഴ്ചത്തേക്ക് വെള്ളം തളിച്ചു കൊടുക്കണം. അപ്പോഴേക്കും വേപ്പിൻപിണ്ണാക്കിൽ ട്രൈക്കോഡർമ നന്നായി വളരും.
Share your comments