കേരളത്തിന് വേനൽക്കാലം മാമ്പഴക്കാലമാണ്. മാമ്പഴം മാത്രമല്ല, നമ്മുടെ വീട്ടുമുറ്റത്ത് തന്നെയുള്ള പ്ലാവും മറ്റും നിറഞ്ഞ് കായ്ക്കുന്ന സീസണും ഇത് തന്നെയാണ്. വെക്കേഷൻ ആഘോഷത്തിനും മറ്റും നാട്ടിൻപുറങ്ങളിലേക്ക് എത്തുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് നമ്മുടെ വീട്ടുവളപ്പിൽ തന്നെയുള്ള ചക്കയും മാങ്ങയും പേരയ്ക്കയും കഴിയ്ക്കാനായിരിക്കും താൽപ്പര്യം.
ബന്ധപ്പെട്ട വാർത്തകൾ: ചിലന്തിയെ തുരത്താൻ മികച്ച 5 പോംവഴികൾ
എന്നാൽ, സീസണെത്തുമ്പോഴേക്കും ഇവ കേടാകുന്നതും കൃത്യമായി കായ്ക്കാത്തതുമെല്ലാം നിരാശയ്ക്ക് കാരണമാകും. അതിനാൽ, പ്ലാവും മാവും എങ്ങനെ കൃത്യ സമയത്ത് പൂക്കുമെന്നതിനുള്ള മികച്ച കുറച്ച് നാട്ടുവിദ്യകളാണ് ചുവടെ പരിചയപ്പെടുത്തുന്നത്. ഇത് പ്ലാവിനും മാവിനും മാത്രമല്ല, വീട്ടുമുറ്റത്തുള്ള ചാമ്പ, പേര, ആത്തിച്ചക്ക, ചെറി എന്നിവയ്ക്കെല്ലാം ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്.
മാവും പ്ലാവുമെല്ലാം പ്രത്യേകിച്ച് വളപ്രയോഗമില്ലാതെ തന്നെ കായ്ക്കാറുണ്ട്. എങ്കിലും ചിലപ്പോൾ ഇവ കായ്ഫലം തന്നില്ലെങ്കിൽ എന്ത് ചെയ്യും? ഇങ്ങനെ വളരാത്ത മാവുകളാണെങ്കിൽ അവയുടെ ഇളംപ്രായത്തിലേ ഒരു തടമെടുത്തതിന് ശേഷം ചാണകപ്പൊടി ഇട്ടുകൊടുക്കുക. വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും എല്ലുപൊടിയും വളമായി നൽകുന്നതും നല്ലതാണ്.
ഇവ തുല്യ അളവിൽ എടുത്ത് മൂന്നു ദിവസം കുതിർക്കാൻ വയ്ക്കുക. ശേഷം ഇതിലേക്ക് ഇരട്ടി വെള്ളം ചേർത്ത് കഴിഞ്ഞ് മിക്സ് ചെയ്യുക. ഇത് മാവിൻതൈയുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കണം. നന്നായി വെള്ളം ഒഴിച്ചു കൊടുക്കുന്നതും നല്ല ഫലം ചെയ്യും. ശരിയായ രീതിയിൽ ജലസേചനവും വളവും ലഭിക്കുകയാണെങ്കിൽ മാവും പ്ലാവുമെല്ലാം നല്ലപോലെ പൂക്കുന്നതും കായ്ക്കുന്നതും സഹായിക്കും.
കൂടാതെ, തളിരിലകളിൽ കീടാക്രമണമുണ്ടെങ്കിൽ അതിനായി കെമിക്കലുകളും മറ്റും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക. കീടങ്ങൾ നശിപ്പിച്ച ഇലകൾ പറിച്ചുമാറ്റി കളയണം. മാവിന് മാത്രമല്ല, ചാമ്പ, ആത്തച്ചക്ക, ചെറി പോലുള്ളവയ്ക്കും വേണ്ടി ഇത് ചെയ്യാവുന്നതാണ്.
വീട്ടുവളപ്പിലെ ഫലവൃക്ഷങ്ങളിലെ കീടശല്യത്തിനായി വേപ്പെണ്ണ മിശ്രിതം മികച്ച കീടനാശിനിയായി പ്രവർത്തിക്കും. എന്നാൽ കീടങ്ങളെ തുരത്താൻ ചെയ്യാവുന്ന വളരെ എളുപ്പമുള്ള മറ്റൊരു നാട്ടുവിദ്യ പറയട്ടെ.
കീടങ്ങളെ പുകച്ച് പുറത്താക്കുക എന്നാണ് ഈ മാർഗം. അതായത്, നാമ്പ് ഇലകളെ ആക്രമിക്കുന്ന കീടങ്ങൾക്കെതിരെ പുകയ്ക്കുന്നത് നല്ലതാണ്.
ഫലവൃക്ഷങ്ങളിലെ കീടങ്ങൾക്കെതിരെ പുകയ്ക്കാം
ഇതിനായി ഒരു മൺചട്ടിയിൽ തൊണ്ടും കൊതുമ്പുമിട്ട് കത്തിച്ച് പുകയുണ്ടാക്കുക. നന്നായി പുക വരുന്ന രീതിയിലാണ് കത്തിക്കേണ്ടത്. ഇത് മാവിന്റെ ചുവട്ടിലും മറ്റും വയ്ക്കുക. എന്നാൽ അകലം പാലിച്ചുവേണം പുകയിടാൻ. കാരണം മാവിന്റെയും മറ്റ് വൃക്ഷങ്ങളുടെയും ഇല വാടിപ്പോകാൻ പാടില്ല.
ഇങ്ങനെ പുകയ്ക്കുന്നതിലൂടെ കീടങ്ങളെ തുരത്താമെന്ന് മാത്രമല്ല, മാവ് പെട്ടെന്ന് പൂക്കുന്നതിനും സഹായിക്കും. ഒട്ടും പൂക്കാത്ത മാവ് വരെ ഇങ്ങനെ കായ്ക്കും. പെട്ടെന്ന് മാവ് പൂക്കാൻ മോതിരവളയം പ്രയോഗിക്കാറുണ്ടെങ്കിലും ഇവ എത്രത്തോളം ഫലപ്രദമാണെന്ന് പറയാൻ സാധിക്കില്ല. കാരണം, ഇവ മാവും മറ്റും വാടിപ്പോകുന്നതിന് കാരണമാകാറുണ്ടെന്നും ചിലർ പറയാറുണ്ട്.
പുറമെ കാണാൻ ഉപ്പ് പോലെ തോന്നിപ്പിക്കുന്ന മഗ്നീഷ്യം സൾഫേറ്റ് എക്സം സാൾട്ടും മാവിന് ഫലപ്രദമായി ഉപയോഗിക്കാം. മെഡിക്കൽ സ്റ്റോറുകളിലും നഴ്സറികളിലും ഇത് ലഭ്യമാണ്. ഫലവൃക്ഷങ്ങൾക്ക് ഇവ വളമായി നൽകുമ്പോൾ ഒരുപിടിയാണ് കണക്ക്. രോഗപ്രതിരോധശേഷിയും കായ്ഫലവും കൂടാതെ മാങ്ങയ്ക്കും ചക്കയ്ക്കുമെല്ലാം രുചി കൂടാനും ഇത് സഹായിക്കും. എന്നാൽ ഇവ വേരിനോട് ചേർത്തിടരുത്.
Share your comments