ടിഷ്യുകള്‍ച്ചര്‍ തൈകള്‍, ഗ്രോബാഗിലെ തൈകള്‍ തുടങ്ങിയവ പെട്ടെന്ന് പിടിച്ചുകിട്ടുന്നതിനും വളരുന്നതിനും വാം പ്രയോഗം സഹായിക്കും. വാം ഉപയോഗം മിക്ക വിളകളുടെയും ഉല്‍പാദനം 10 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധിപ്പിക്കും. മരച്ചീനിയുടെ ഉല്‍പാദം 20 ശതമാനത്തോളം കൂട്ടും. വാം ജീവാണുവളമായി ഉപയോഗിച്ചാല്‍ രാസവളങ്ങളുടെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാം. മരച്ചീനിക്കു പുറമെ നെല്ല്, വഴുതന, പാവല്‍, പടവലം തുടങ്ങിയ വെള്ളരിവര്‍ഗ വിളകള്‍, കുരുമുളക്, ഇഞ്ചി, പൈനാപ്പിള്‍, വാഴ, മാവ്, നിലക്കടല, തേയില, ജാതി, കാപ്പി, കാപ്‌സിക്കം, കാരറ്റ്, പയറുവര്‍ഗങ്ങള്‍ തുടങ്ങിയ വിളകള്‍ക്കെല്ലാം വാം ഉപയോഗിക്കാം. ചെടിച്ചട്ടികള്‍, ഗ്രോബാഗുകള്‍ തുടങ്ങിയവയില്‍ ചെടികള്‍ വളര്‍ത്തുമ്പോള്‍ മണ്ണു മിശ്രിതത്തോടൊപ്പം വാം ചേര്‍ത്തുകൊടുക്കാം.
വേരിനകത്തും മണ്ണില്‍ വേരുകളോടു ചേര്‍ന്ന ഭാഗത്തും മാത്രമാണ് ഈ കുമിളുകളുടെ അതിജീവനം. നിലനില്‍പിനും വളര്‍ച്ചക്കും ആവശ്യമായ അന്നജം ഈ കുമിള്‍ ആതിഥേയ സസ്യത്തില്‍ നിന്നും സ്വീകരിക്കും. പരസ്പര സഹവര്‍ത്തിത്വത്തിന്റെ ഭാഗമായി പകരം ചെടികളുടെ വളര്‍ച്ചക്കാവശ്യമായ മൂലകങ്ങള്‍ കുമിളുകള്‍ നല്‍കുന്നു. ഫോസ്ഫറസിനു പുറമെ പ്രാഥമിക മൂലകങ്ങളായ നൈട്രജന്‍, പൊട്ടാസ്യം എന്നിവയും മറ്റു മൂലകങ്ങളായ ചെമ്പ്, നാകം, മാംഗനീസ്, മോളിബ്ഡിനം, അലുമിനിയം, ഇരുമ്പ്, മഗ്‌നീഷ്യം തുടങ്ങിയവയും വാം ചെടികളുടെ വേരുകള്‍ക്ക് ലഭ്യമാക്കുന്നു. ഗ്ലോമസ് ഫാസിക്കുലേറ്റം, ഗ്ലോമസ് മൈക്രോസ്‌പോറം എന്നിവയാണ് കേരളത്തില്‍ കണ്ടുവരുന്ന വാം ഇനങ്ങള്‍. സ്വാഭാവികമായി കുമിളുകള്‍ മണ്ണില്‍ വളരുന്നു. ആര്‍ബസ്‌ക്കൂള്‍, വെസിക്കൂള്‍ എന്നിവയാണ് കുമിളിന്റെ രണ്ടു ഭാഗങ്ങള്‍. അനുയോജ്യമായ സസ്യം കണ്ടെത്തിയാല്‍ ഈ കുമിള്‍ വേരിനുള്ളില്‍ പ്രവേശിക്കും. ബലൂണ്‍ ആകൃതിയില്‍ രൂപപ്പെടുന്ന വെസിക്കിള്‍സ് വലിച്ചെടുക്കുന്ന പോഷകമൂലകങ്ങള്‍ സംഭരിച്ചുവെയ്ക്കാന്‍ കുമിളിനെ സഹായിക്കും.
കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുന്ന കുമിള്‍ പലതവണ വിഭജിച്ച് നാരുപോലുള്ള ആര്‍ബസ്‌ക്കൂള്‍സ് നിര്‍മ്മിക്കുന്നു. ഇവിടെയാണ് വേരുകളും കുമിളും തമ്മിലുള്ള പോഷക കൈമാറ്റം. ചെടിയുടെ വേരുകളുടെ സമീപം പോഷകങ്ങള്‍ കുറവാണെങ്കില്‍ കുമിളിന്റെ തന്തുക്കള്‍ മണ്ണില്‍ വളര്‍ന്ന് അവ കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്നും ചെടികള്‍ക്കു ലഭ്യമാക്കും. പോഷക മൂലകങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ ചെടികള്‍ക്ക് ഉപദ്രവകാരികളായ ചില ശത്രുകുമിളുകള്‍, നിമാവിരകള്‍ എന്നിയ്‌ക്കെതിരെ പ്രതിരോധ ശേഷി പകര്‍ന്നും വാം വിളകളെ സഹായിക്കുന്നു. മണ്ണില്‍ ജലം പിടിച്ചുനിര്‍ത്തുന്നതോടൊപ്പം ജലത്തിന്റെ ആഗിരണശേഷിയും വര്‍ദ്ധിപ്പിക്കുന്നു. പരിധിവരെ വരള്‍ച്ചയെ പ്രതിരോധിക്കാനുള്ള ശേഷിയും ചെടികള്‍ക്ക് പകരും. മണ്ണിന്റെ ഘടനയും ഫലപുഷ്ടിയും മെച്ചപ്പെടുത്തും. വൃക്ഷവിളകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തും. തടിയുടെ വണ്ണം കൂട്ടും. പുല്‍ത്തകിടികളിലെ പുല്ലിന്റെ വളര്‍ച്ചയ്ക്കും ഇത് നല്ലതാണ്. വെര്‍മി കബോസ്റ്റിനൊപ്പമോ ജൈവവളങ്ങള്‍ക്കൊപ്പമോ കലര്‍ത്തിയും വാം ഉപയോഗിക്കാം.
ചെടിച്ചട്ടികളിലും ഗ്രോബാഗുകളിലും ചേര്‍ക്കുമ്പോള്‍ മണ്ണ് മിശ്രിതത്തോടൊപ്പം 10 കിലോഗ്രാമിന് 30-50 ഗ്രാം വാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കണം. മണ്ണിനു മുകളില്‍ വാം നേര്‍ത്ത പാളിയായി വിതറിയശേഷം വിത്തു പാകണം. തുടര്‍ന്ന് ചെറുതായി മണ്ണിട്ടു മൂടണം. വിത്തിടുമ്പോള്‍ ആദ്യം വാം ഇട്ടതിനുശേഷം വിത്തിടുക. മുളച്ചുവരുന്നവേരുകള്‍ വാം കള്‍ച്ചറിലൂടെ കടന്നുപോകുമ്പോള്‍ വേരുകളില്‍ വാം വളരുന്നു. കിഴങ്ങുവര്‍ഗ വിളകളില്‍ അഞ്ചുഗ്രാം, പച്ചക്കറി വിളകളില്‍ അഞ്ചുഗ്രാം, വാഴയില്‍ 25 ഗ്രാം എന്ന അളവില്‍ വാം ഉപയോഗിക്കാം. പച്ചക്കറി വിത്തുകള്‍ നടുമ്പോള്‍ ചുവടൊന്നിന് അഞ്ചുഗ്രാം മൈക്കോറൈസയും ചേര്‍ത്തുകൊടുക്കാം. മൈക്കോറൈസ നല്‍കി 20 ദിവസത്തിനു ശേഷം മാത്രമെ രാസകുമിള്‍ നാശിനികള്‍ പ്രയോഗിക്കാന്‍ പാടുള്ളു.
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ബയോഫെര്‍ട്ടിലൈസര്‍ ലാബുകളിലും സ്വകാര്യ ഏജന്‍സികളുടെ ബയോകണ്‍ട്രോള്‍ ലാബുകളിലും വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ച വാം വാങ്ങാന്‍ ലഭിക്കും. പൊടി രൂപത്തിലുള്ള ഇനോക്കുലമാണ് പാക്കറ്റുകളിലാക്കി വില്‍ക്കുന്നത്. സ്റ്റാര്‍ട്ടര്‍ ഇനോക്കലന്റ് അല്ലെങ്കില്‍ മദര്‍ കള്‍ച്ചര്‍ ഉപയോഗിച്ച് കൃഷിയിടത്തിലും ഇത് വളര്‍ത്തിയെടുക്കാം. സില്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന തടങ്ങിലൊ ഗ്രോബാഗുകളിലൊ വളര്‍ത്തിയെടുക്കാം.വെര്‍മിക്കുലേറ്റ്, പെര്‍ലൈറ്റ്, മണ്ണ്, ചാണകപ്പൊടി എന്നിവ കലര്‍ത്തിയ നടീല്‍ മിശ്രിതം അണുവിമുക്തമാക്കിയ ശേഷം ശുദ്ധമായ വാംകള്‍ച്ചര്‍ ഒരു നേര്‍ത്ത പാളിയായി ഇട്ട് അതില്‍ മണിച്ചോളത്തിന്റെ വിത്തിടുക. 60 ദിവസം വളര്‍ച്ചയെത്തുമ്പോള്‍ ചുവട്ടില്‍ നിന്നും രണ്ടിഞ്ച് മുകളില്‍ വെച്ച് മണിച്ചോളത്തിന്റെ തണ്ടും തലയും നീക്കം ചെയ്യണം. വേരു ചെറിയ കഷണങ്ങളാക്കി തടത്തിലിടുക. ഈ മിശ്രിതം അടുത്ത കൃഷിക്കുള്ള ഇനോക്കുലമായി ഉപയോഗിക്കാം.
വാം കുരുമുളകിനെ മാരകമായ കുമിള്‍ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കും. കുരുമുളകിന്റെ നഴ്‌സറി തയ്യാറാക്കാനുള്ള മിശ്രിതത്തില്‍ ഒരു കിലോഗ്രാമിന് 50 ഗ്രാം എന്ന തോതില്‍ വാം ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് കുരുമുളക് വള്ളിയുടെ കഷണങ്ങള്‍ നടുക. മുളച്ചുവരുന്ന തൈകളുടെ വേരുകളില്‍ വാം വളരുകയും തോട്ടത്തില്‍ മാറ്റി നടുമ്പോള്‍ ചെടികളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ദ്രുതവാട്ടം, സാവധാനവാട്ടം എന്നീ മാരകമായ കുരുമുളകു രോഗങ്ങള്‍ക്കെതിരെ വാം പ്രതിരോധം തീര്‍ക്കും. വാം പ്രയോഗത്തിനുശേഷം വളരുന്ന കുരുമുളക് ചെടികളില്‍ വേരുകളുടെ എണ്ണവും കൂടുതലായിരിക്കും. പ്രധാന പോഷകമൂലകങ്ങള്‍ വിളകള്‍ക്ക് ലഭ്യമാക്കുന്നതിനൊപ്പം രോഗപ്രതിരോധശേഷിയും പകരുന്ന വാം ജൈവകര്‍ഷകന്റെ ഉറ്റ സുഹൃത്താണ്.
Share your comments