 
            വീട്ടാവശ്യങ്ങൾക്കായുള്ള പച്ചകറികൾ വീട്ടുവളപ്പിൽ തന്നെ ജൈവരീതിയിൽ കൃഷി ചെയ്‌ത് ഭക്ഷണം പാചകം ചെയ്‌ത് കഴിക്കണം എന്നാഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. ആവശ്യമായ സ്ഥലം വീട്ടുവളപ്പിൽ കുറവാണെങ്കിൽ, ഗ്രോബാഗിലും, ടെറസിലും എല്ലാം കൃഷി ചെയ്യാൻ സാധിക്കുന്നതാണ്.
ഓഗസ്റ്റ് മാസത്തിൽ നട്ടുവളർത്താൻ പറ്റിയ പച്ചക്കറികൾ ഏതൊക്കെയാണെന്ന് നോക്കാം.
മഴക്കാലമായതുകൊണ്ട് ചീരകൃഷി തുടങ്ങാതിരിക്കുന്നതാണ് നല്ലത്. വിത്തെല്ലാം വാങ്ങിവെക്കുന്നതു കൊണ്ട് വിരോധമില്ല, പക്ഷെ മഴക്കാലം കഴിഞ്ഞ ശേഷം ചീരകൃഷി ചെയ്യുന്നതാണ് നല്ലത്.
പയറ് എല്ലാ കാലാവസ്ഥയിലും വളരുന്ന പച്ചക്കറിയാണ്. ചതുര പയറ്, കുറ്റി ബീൻസ്, കുറ്റി അമര, കുറ്റി പയറ്, സാമ്പാർ അമര എന്നിവയെല്ലാം ഓഗസ്റ്റ് മാസത്തിൽ വളർത്തിയാൽ നന്നായി വളരുകയും, നല്ല കായ്‌ഫലം നൽകുകയും ചെയ്യുന്നു. ചതുര പയറ് വേറെ ഏതങ്കിലും മാസങ്ങളിൽ നട്ടു പിടിപ്പിക്കുവാൻ ശ്രമിക്കുകയാണെങ്കിൽ, അത് വളർന്നു പന്തലിച്ചു നിൽക്കുകയല്ലാതെ കായ്‌ഫലം തീരെ കുറവായിരിക്കും. ചതുരപ്പയറിൽ വളരെ അധികം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. സാധാ പയറിനേക്കാൾ 8 മടങ്ങിൽ അധികം പ്രോട്ടീൻ ചതുര പയറിൽ അടങ്ങിയിട്ടുണ്ട്.
ചതുര പയർ നടുമ്പോൾ 48 മണിക്കൂർ വെള്ളത്തിൽ ഇട്ടു കുതിർത്ത വിത്തുകൾ വേണം പാകുവാൻ. ഇത് വള്ളിയായി പടർന്നു വരുമ്പോൾ പന്തൽ കെട്ടികൊടുക്കുകയോ അല്ലെങ്കിൽ വേലിയിൽ പടർത്തി കൊടുക്കുകയോ ചെയ്യുക. പൂവിട്ടു 21 ദിവസം കഴിഞ്ഞാൽ കായ പറിച്ചു തുടങ്ങാം.
അതുപോലെ ഓഗസ്റ്റ് മാസത്തിൽ വളർത്തി വിളവെടുക്കാൻ പറ്റിയ പച്ചക്കറിയാണ് പച്ചമുളക്. കറികൾ വെക്കുമ്പോൾ ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഒരു പച്ചക്കറിയാണ് പച്ച മുളക്. ഇന്ന് മിക്ക വീടുകളിലും വീട്ടാവശ്യത്തിനുള്ള പച്ച മുളക് വീട്ടുവളപ്പിൽ തന്നെ വളർത്തി വിളവെടുക്കുന്നവരാണ്.
പാവൽ, പടവലം, കുമ്പളം, വെള്ളരി, മത്തൻ, എന്നിവയും മഴക്കാലത്ത് നല്ല രീതിയിൽ നട്ടു പിടിപ്പിക്കാൻ പറ്റിയ പച്ചക്കറികളാണ്.
കൂർക്ക കൃഷി നട്ടവർക്കും, വിത്ത് പാകി വെച്ചവർക്കുമെല്ലാം അതിൻറെ തണ്ട് ഒടിച്ചുകുത്താൻ പറ്റിയ സമയമാണിത്. നട്ടുവളർത്തിയാൽ നല്ല വിളവെടുക്കാൻ സാധിക്കും.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments