
നമ്മുടെ ഇടയിൽ മിക്കവരും ഇന്ന് ജൈവകൃഷി ചെയ്യുന്നവരാണ്. അതിനുള്ള വളങ്ങൾ അടുക്കളയില്‍ തന്നെ യഥേഷ്ടമുണ്ടല്ലോ. അതിനായി ചെറിയൊരു ശ്രദ്ധ മാത്രമേ ആവശ്യമുള്ളു. അടുക്കളയിൽ നിന്നുണ്ടാകുന്ന അവശിഷ്ടങ്ങളില്‍ നിന്നുമാത്രം ജൈവക്കൃഷിക്ക് ആവശ്യമായ വളങ്ങളും കീടനാശിനികളും തയ്യാറാക്കാം. അതായത് അടുക്കളത്തോട്ടത്തിനുവേണ്ട വളവും കീടനാശിനികളും അടുക്കളയില്‍ നിന്നുതന്നെ നിര്‍മ്മിക്കാം. ഇതിനെ കുറിച്ചെല്ലാം ഇന്ന് എല്ലാവർക്കും അറിയുമെങ്കിലും അടുക്കളയിൽ നിന്ന് ലഭിക്കുന്ന ജൈവകൃഷിയ്ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ചില ഭക്ഷ്യ പാഴ്വസ്തുക്കളെ കുറിച്ചാണ് പങ്ക് വെയ്ക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ജൈവകൃഷി ചെയ്യുന്നത് കൊണ്ട് നമുക്കുണ്ടാവുന്ന ഗുണങ്ങൾ
കഞ്ഞിവെള്ളവും കാടിവെള്ളവും
അരികഴുകിയ കാടിവെള്ളവും കഞ്ഞിവെള്ളവും വളര്‍ച്ച ത്വരിതമാക്കാന്‍ സഹായിക്കും. ചുവട്ടില്‍ ഒഴിച്ചുകൊടുത്താല്‍ മതി. മുഴുത്ത കഞ്ഞിവെള്ളം ഒഴിച്ചാല്‍ ചിത്രകീടം, മീലിമുട്ട എന്നിവയെ നിയന്ത്രിക്കാനാകും.
മത്സ്യം കഴുകിയ വെള്ളവും മത്സ്യാവശിഷ്ടവും
ഇതുരണ്ടും പച്ചക്കറികള്‍, വാഴ എന്നിവയ്ക്ക് നല്ല വളമാണ്. മത്സ്യാവശിഷ്ടം വാഴയ്ക്ക് ഏറെ സമൃദ്ധി നല്‍കും. ചുവട്ടില്‍ ഇട്ട് അല്‍പം മണ്ണ് മൂടിയാല്‍ മതി. മീന്‍ കഴുകിയ വെള്ളം പച്ചക്കറിക്ക് ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. അലങ്കാരച്ചെടികളില്‍ പ്രയോഗിച്ചാല്‍ ധാരാളം പൂക്കളുണ്ടാകും. മാംസാവശിഷ്ടം (എല്ല് ഉള്‍പ്പെടെ) തെങ്ങ്, കമുക് എന്നിവയ്ക്കും എല്ല് നുറുക്കിയത് പൂച്ചെടികള്‍ക്കും ഉത്തമമാണ്. എല്ലിലെ ഫോസ്ഫറസ് ഘടകം പ്രത്യേകം ഗുണം ചെയ്യും.
പച്ചക്കറി, ഇലക്കറി, പഴവര്‍ഗ്ഗ അവശിഷ്ടങ്ങള്‍
ഇവ ചെടികളുടെ ചുവട്ടില്‍ ഇട്ട് അഴുകാന്‍ അനുവദിച്ചും അല്ലാത്തപക്ഷം വിവിധ കമ്പോസ്റ്റ് വഴിയും ജൈവവളമാക്കാം. പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചാല്‍ ചെറിയ ചെലവില്‍ നല്ല ജൈവവളമുണ്ടാക്കി ഉപയോഗിക്കാം. ഇതുപയോഗിച്ച് മണ്ണിരക്കമ്പോസ്റ്റും സാധാരണ കുഴിക്കമ്പോസ്റ്റും നിര്‍മിച്ച് വളമാക്കി മാറ്റാം.
ചിരട്ടക്കരി
ചിരട്ട കത്തിച്ച കരി ജലശുദ്ധീകരണത്തിന് ഉപയോഗിക്കാം. കൂടാതെ ഇതു പൊടിച്ച് വെള്ളം ചേര്‍ത്ത് ചാന്താക്കി മാറ്റി നടുന്ന സമയം തണ്ടിലും വേരിലും മുക്കിയാല്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുകയും വേരുകള്‍ പെട്ടെന്ന് മുളയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ: ഈ കാർഷിക അറിവുകൾ അറിഞ്ഞിരിക്കണം
തേയില, കാപ്പി, മുട്ടത്തോട്
അവശിഷ്ടങ്ങള്‍ ചെടികള്‍ക്കു ചുറ്റും മണ്ണില്‍ വിതറിക്കൊടുക്കാം. തേയിലയും കാപ്പിയും വെയിലത്തിട്ടുണക്കിവേണം നല്‍കാന്‍. മുട്ടത്തോട് വളര്‍ച്ച ത്വരിതപ്പെടുത്തും. പൂച്ചെടികള്‍ക്കും ഉത്തമമാണ്.
തേങ്ങാവെള്ളം
കീടനാശിനിയായും ഉത്തേജകവസ്തുവായും തേങ്ങാവെള്ളം ഉപയോഗിക്കാം. പയര്‍ പൂവിടുമ്പോള്‍ തളിച്ചാല്‍ ഉത്പാദനവര്‍ദ്ധനവുണ്ടാകും. കൂടാതെ വിവിധ ജൈവകീടനാശിനി കൂട്ടുകള്‍ക്കും തേങ്ങാവെള്ളം ഉപയോഗിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: തേങ്ങാവെള്ളം ചെടികൾക്ക് ഇങ്ങനെ ഒഴിച്ചുകൊടുക്കൂ, രണ്ടാഴ്ചയ്ക്കുള്ളിൽ നല്ല കായ്ഫലം ലഭ്യമാക്കുകയും രോഗ കീടബാധ കുറയുകയും ചെയ്യും
ചാരം
അടുക്കളയില്‍ നിന്നും വിറകുപയോഗിക്കുന്ന ഇടങ്ങളില്‍ ചാരം നിത്യേന ഉണ്ടാകും. മിക്ക പച്ചക്കറിക്കും ചാരം ഉപയോഗിക്കാം. നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് മൂലകങ്ങള്‍ക്കു പുറമെ ഇത് കീടനാശിനിയായും പ്രയോഗിക്കാം. ഇലതീനിപ്പുഴുവിനു മുകളില്‍ ഇലയില്‍ ചാരം വിതറിയാല്‍ മതി. കൂടാതെ ഇതില്‍ ഒരു കിലോഗ്രാം ചാരം അരിച്ചെടുത്ത് അതില്‍ 200 ഗ്രാം ഉപ്പുപൊടി (പരലുപ്പ് പൊടിച്ചത്), 200 ഗ്രാം നീറ്റുകക്കപ്പൊടി എന്നിവ കൂട്ടിച്ചേര്‍ത്ത് കീടങ്ങളുള്ള ഭാഗത്ത് നന്നായി തൂവിക്കൊടുത്താല്‍ പുഴുക്കളും മൂഞ്ഞയും മാറിക്കിട്ടും.
Share your comments