സ്ഥലപരിമിതി കാരണം താല്പര്യമുണ്ടെങ്കിലും കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയാണിന്നുള്ളത്. എന്നാൽ ഉള്ള സ്ഥലത്ത് കൃഷി ചെയ്യാമെന്ന് കരുതി ടെറസിലോ മറ്റോ കൃഷിയാരംഭിച്ചാൽ ഫലം മേൽക്കൂരയുടെ ചോർച്ചയാണ്. എന്നാൽ ടെറസിൽ ഈർപ്പം തട്ടാതെ പ്രകൃതിദത്തമായ രീതിയിൽ വലിയ ചിലവുകളില്ലാതെ നമുക്ക് കൃഷി ചെയ്യാം. ഇതിന് ആവശ്യം ഒരേയൊരു വസ്തുവാണ്. തൊണ്ട്, അതെ നമ്മൾ പാഴ്വസ്തുവെന്ന് വലിച്ചെറിയുന്ന തൊണ്ട് മാത്രം മതി വീടിനെ സംരക്ഷിച്ചു കൊണ്ട് നമുക്ക് ടെറസിൽ കൃഷി ചെയ്യാൻ.
ഇതിലേക്കായി ആദ്യം ടെറസിന്റെ പ്രതലത്തിൽ വാട്ടർ പ്രൂഫ് സിമന്റ് പൂശിയ ശേഷം ഉണങ്ങിയ തൊണ്ട് ഓരോ കഷ്ണങ്ങളായി അടർത്തി മാറ്റിയത് ചാക്കിന്റെ വലുപ്പം അനുസരിച്ച് മലർത്തി അടുക്കുക. ഇതിനു മുകളിലേക്ക് രണ്ടു വശം കീറിയ പ്ലാസ്റ്റിക് ചാക്ക് വിരിക്കുക
ചാക്കിനു മുകളിൽ ചകിരിച്ചോറ്, കരിയില, ചപ്പുചവറുകൾ എന്നിവ ഇടുന്നു. പിന്നീട് ഒരു പാളി മേൽമണ്ണ് (ഒരിഞ്ചു കനത്തിൽ) ഇട്ട് ഉണങ്ങി പൊടിഞ്ഞ ചാണകം, ആട്ടിൻ കാഷ്ഠം, കോഴിക്കാഷ്ഠം ഉണ്ടാക്കിയത് എന്നിവ വളമായി ഇടാം.
ഇങ്ങനെ തയ്യാറാക്കിയ തടത്തിലേക്ക് ആവശ്യമുള്ള പച്ചക്കറി വിത്ത് നടീൽ വസ്തുക്കൾ പാകുക. ആവശ്യാനുസരണം വെയിലും വളവും ലഭിക്കുന്നതിനാൽ വളരെ പെട്ടെന്ന് വളരുകയും (തറയിൽ വളരുന്നതിന് രണ്ടാഴ്ച്ച വ്യത്യാസത്തിൽ) കായ്‌ഫലം ലഭിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ആട്ടിൻ മൂത്രം നേർപ്പിച്ച് തളിച്ചു കൊടുത്താൽ ചെടികൾ വളരെ കരുത്തോടെ പെട്ടെന്ന് വളരും.
പൊടിഞ്ഞ തൊണ്ടുകൾക്ക് പകരം പുതിയ തോണ്ടുകൾ വച്ച് കൊടുക്കണം. മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ ഒഴുകിപോകാൻ സൗകര്യം ഉണ്ടെങ്കിൽ തൊണ്ട് പെട്ടെന്ന് നാശമാകില്ല. പൊടിയുന്ന പഴയ തോണ്ടുകൾ ആ തടത്തിൽ തന്നെ വളമായി ചേർക്കുകയും ചെയ്യാം. തടങ്ങൾക്കിടയിൽ ആവശ്യത്തിന് വഴിയിട്ട് വേണം സജ്ജമാകേണ്ടതാണ്.
ഇത്തരത്തിൽ വീട്ടാവശ്യത്തിനുള്ള പച്ചക്കറി നമ്മുടെ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാനും ആരോഗ്യവും വരുമാനവും വർദ്ധിപ്പിക്കാനും കഴിയുമെന്നതിൽ സംശയമില്ല.
We can strop leakage in Terrace with the waste during cultivation.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ഇഞ്ചി കഴിക്കുന്നത് ജലദോഷം മുതൽ ദഹനക്കേടുവരെയുള്ള അസുഖങ്ങൾക്ക് ഉപാധി
Share your comments