സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാമെന്നല്ലേ! പഴമൊഴിയ്ക്കുള്ളിലെ വലിയ അർഥങ്ങളിലേക്ക് പോകാതെ ഇതിന്റെ അർഥം നോക്കുകയാണെങ്കിൽ, കാലാവസ്ഥക്ക് അനുസരിച്ച് കൃഷി ചെയ്ത് മികച്ച വിളവെടുക്കാം എന്നും ഇത് സൂചിപ്പിക്കുന്നു. വേനലിലെ പൊള്ളുന്ന വെയിലിൽ നാം മിക്കവരും നല്ല തണുത്ത ജ്യൂസോ, ജലാംശം അധികമുള്ള പഴങ്ങളോ ആയിരിക്കും കൂടുതൽ കുടിയ്ക്കാനും കഴിയ്ക്കാനും ഇഷ്ടപ്പെടുന്നത്. തണ്ണിമത്തനായിരിക്കും ഇക്കൂട്ടത്തിൽ ഏറ്റവും ഡിമാൻഡുള്ള കക്ഷിയും.
ബന്ധപ്പെട്ട വാർത്തകൾ: ഗർഭിണികൾക്ക് കഴിക്കാൻ ഉത്തമം തണ്ണിമത്തൻ
കൂടുതലായും കേരളത്തിന് പുറത്തെ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തണ്ണി മത്തന് മാർച്ച്- മെയ് മാസങ്ങളാകുമ്പോഴേക്കും വേനൽച്ചൂടിനേക്കാൾ പൊള്ളുന്ന വിലയായിരിക്കും. ഇതിനുപരി കേരളത്തിലേക്ക് എത്തിക്കുന്ന തണ്ണിമത്തനിൽ വലിയ തോതില്‍ കീടനാശിനിയും പ്രയോഗിക്കാറുണ്ട്.
വലിയ തുക നൽകി വിഷമയമുള്ള തണ്ണിമത്തൻ വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ വീട്ടുമുറ്റത്തോ അടുക്കളത്തോട്ടത്തിലോ ആവശ്യത്തിനുള്ള തണ്ണിമത്തൻ വിളയിച്ചെടുക്കുക എന്നുള്ളതാണ്. നല്ല സൂര്യപ്രകാശം ലഭിക്കേണ്ട വിളയാണിത്. ശീതകാലത്ത് നട്ട് വേനൽക്കാലത്ത് വിളവെടുക്കാമെന്നതിനാൽ, വെള്ളരി വര്‍ഗത്തില്‍പ്പെട്ട തണ്ണിമത്തനെ ഇപ്പോൾ തന്നെ നിങ്ങളുടെ കൃഷിത്തോട്ടത്തിലും ഉൾപ്പെടുത്തേണ്ടതാണ്.
തണ്ണി മത്തൻ നടാം
തണ്ണി മത്തന്റെ വിത്ത് തെരഞ്ഞെടുക്കുമ്പോൾ നന്നായി പഴുത്ത കായ്കളില്‍ നിന്നു വേണം എടുക്കേണ്ടത്. തണ്ണിമത്തനായി ഒരുക്കിയ കൃഷിസ്ഥലത്ത് മൂന്ന് മീറ്റര്‍ അകലത്തിൽ രണ്ട് മീറ്റര്‍ ഇടവിട്ട് കുഴി എടുക്കുക. ഇതിലേക്ക് വിത്ത് പാകണം. കുഴികൾക്ക് ഏകദേശം 60 സെ.മി. നീളവും 60 സെ.മീ.വീതിയും 45 സെ.മീ. ആഴവും ഉണ്ടായിരിക്കണം. അടിവളമായി മൂന്നു കിലോഗ്രാം ചാണകം ചേര്‍ത്ത്, മണ്ണിളക്കിയാണ് തടം മൂടേണ്ടത്. ഇതിന് മേല്‍ മണ്ണും അടി വളവും ചേര്‍ത്ത് കുഴി മൂടണം.
തൈകൾ മുളച്ചു തുടങ്ങിയാൽ, ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം നിറുത്തുക. ബാക്കിയുള്ളവ പറിച്ചു കളയണം. ഈ തൈകൾ ഗ്രോബാഗിലും നട്ടു വളർത്താവുന്നതാണ്.
തൈകളിൽ മൂന്നു നാല് ഇല മുളയ്ക്കുമ്പോള്‍ 3 കിലോഗ്രാം മണ്ണിര കമ്പോസ്‌റും 100 ഗ്രാം കടലപ്പിണ്ണാക്കും മേല്‍വളമായി ചേര്‍ക്കുക. ഒരു മാസത്തിന് ശേഷം ഇവ വള്ളികളായി പടർന്നു തുടങ്ങിയാൽ മണ്ണിര കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് ഇളക്കി കൊടുക്കണം. തുടക്കത്തിലുള്ള രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ മണ്ണ് നനച്ചു കൊടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാൽ മണ്ണില്‍ അധികം ഈര്‍പ്പം വരാതിരിക്കാനും ശ്രദ്ധിക്കണം. കാരണം, ഈര്‍പ്പം കൂടിയാല്‍ അതിൽ വിളയുന്ന തണ്ണി മത്തന്റെ സ്വാദ് കുറയുന്നതിന് ഇടയാകും.
വള്ളികള്‍ വാടിത്തുടങ്ങുന്നതാണ് തണ്ണി മത്തൻ പാകമായെന്നതിനുള്ള സൂചന. ഏകദേശം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ തണ്ണിമത്തൻ വിളവെടുക്കാം.
കേരളത്തിന് ഇണങ്ങിയ തണ്ണി മത്തൻ ഇനങ്ങൾ
ഷുഗര്‍ബേബിയാണ് കേരളത്തിലെ മണ്ണിന് മികച്ച ഇനം. അഞ്ച് കിലോ വരെ തൂക്കമുള്ള തണ്ണി മത്തനുകളാണിവ. ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ചര്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്തതാണിവ. സ്വാദിലും കെങ്കേമനായ തണ്ണി മത്തനാണിത്.
ബെംഗളൂരുവിലുള്ള ഐഐഎച്ച്ആര്‍ വികസിപ്പിച്ചെടുത്ത അര്‍ക്കജ്യോതി, അര്‍ക്കമണിക് എന്നിവയും ശോണിമ, സ്വര്‍ണ എന്നിവയും തണ്ണിമത്തനിലെ മികച്ച ഇനങ്ങളാണ്.
കീടങ്ങൾ നശിപ്പിക്കുന്നതിന്
കേരളത്തിൽ തണ്ണിമത്തൻ കൃഷിയ്ക്ക് കീടങ്ങൾ വലിയ ഭീഷണിയാകാറില്ല. എങ്കിലും, മത്തന്‍ വണ്ട്, കായീച്ച എന്നിവ തണ്ണിമത്തനെ ചിലപ്പോൾ ആക്രമിച്ചേക്കാം. പഴക്കെണി വച്ച് കായീച്ചകളുടെ ആക്രമണം തടയാം. ഒരു ലിറ്റര്‍ വെളളത്തില്‍ നാലു ഗ്രാം കാര്‍ബറില്‍ കലക്കി തളിക്കുന്നതിലൂടെ മത്തന്‍ വണ്ടുകളെ പ്രതിരോധിക്കാം.
Share your comments