ഒട്ടേറെ നാടൻ വിത്തിനങ്ങളുടെ കലവറയായിരുന്നു നമ്മുടെ കേരളം. ഓരോ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ പച്ചക്കറിവിത്തുകളും നെൽവിത്തിനങ്ങളും നമുക്കുണ്ടായിരുന്നു. എന്നാൽ പലതും അപ്രത്യക്ഷമായി.ഉള്ളതുതന്നെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പലർക്കും ഇപ്പോഴും മനസ്സിലായിട്ടില്ല. വിത്തു സംരക്ഷണം മാത്രമല്ല.വിത്തു ശേഖരണവും അവയുടെ വ്യാപകമായ വിതരണവും നമ്മുടെ ലക്ഷ്യമാകണം.
വിത്തിലൂടെ പണമുണ്ടാക്കാം
.നാടൻ വിത്തുകൾക്ക് നിരവധി ആവശ്യക്കാരുണ്ട്. അങ്ങനെയെങ്കിൽ നാടൻ വിത്തുകളുടെ ശേഖരണത്തിലൂടെയും അവയുടെ വിപണനത്തിലൂടെയും നമുക്കും പണം ഉണ്ടാക്കാം. വിപണിയിൽ ലഭ്യമാകുന്ന ഹൈബ്രിഡ് വിത്തുകളുടെ വില വളരെക്കൂടുതലാണ്. ഒരു തവണമാത്രം കൃഷിചെയ്യാവുന്ന തരത്തിലുള്ളതാണത്.10 ഗ്രാം കയ്പക്കയുടെ വിത്തിന് 160 രൂപയാണ് ചില്ലറ വിൽപ്പനക്കാർ വിത്തിന് ഈടാക്കുന്നത്. അങ്ങനെ ഓരോ തരം വിത്തിനും വില കൂടുതലാണ്.
വിത്തിനായി മാത്രം കൃഷിയിറക്കുന്ന രീതി പണ്ടുനമുക്കില്ലായിരുന്നു.ഭക്ഷ്യാവശ്യത്തിനായി ഉത്പാദിപ്പിക്കുന്നതിൽനിന്ന് സൂക്ഷിക്കുന്നതായിരുന്നു അന്ന് നമുക്ക് വിത്തുകൾ. പലവിത്തുകളും വേനൽക്കാലത്ത് വയലുകളിലും മഴക്കാലത്ത് പറമ്പുകളിലും മാറിമാറി കൃഷിചെയ്തായിരുന്നു പണ്ട് പല വിത്തുകളും കുറ്റിയറ്റുപോവാതെ സൂക്ഷിച്ചിരിക്കുന്നത്.
വിത്തുത്പാദനം നടത്തുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് .
1. നന്നായി മുളയ്ക്കുന്നതും ജനിതകശുദ്ധിയുള്ളതുമായ വിത്തുകൾ ശേഖരിച്ച് കൃഷിയിറക്കുന്നതുവരെ സുരക്ഷിതമായി കേടാവാതെ സൂക്ഷിക്കുകയെന്നതാണ് വിത്തുത്പാദനത്തിൽ ബാലപാഠം.
2. വിത്തിനായി കൃഷിയിറക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം തുറസ്സായതും നല്ല സൂര്യപ്രകാശം ലഭിക്കുന്നതും നല്ല വളക്കൂറുള്ളതുമാകണം.
3. കൃഷിയിടത്തിലെ മണ്ണ് പരിശോധിച്ച് സസ്യത്തിന്റെ വളർച്ചയ്ക്കുവേണ്ട എല്ലാ മൂലകങ്ങളും മണ്ണിൽ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണം.
4. നല്ലനീർവാർച്ചയുള്ളതാകണം കൃഷിയിടം.
5. ഓരോവിളയ്ക്കും അനുയോജ്യമായ കാലാവസ്ഥ, മണ്ണ്, കൃഷിചെയ്യുന്ന ഇനത്തിന്റെ പ്രത്യേകതകൾ, അവയെ ബാധിക്കുന്ന കീടങ്ങൾ, രോഗങ്ങൾ, അവയുടെ നിയന്ത്രണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കൃഷിയിറക്കുന്നയാൾ നല്ല അറിവ്‌നേടിയിരിക്കണം.
6. വിത്തിനായി കൃഷിയിറക്കാൻ നല്ല മുന്തിയ വിത്തുകൾ തന്നെ ഉപയോഗിക്കണം.
7. ഒന്നിലധികം തരങ്ങൾ ഇടകലർത്തി കൃഷിചെയ്യരുത്, അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അവ തമ്മിൽ നിശ്ചിതമായ അകലം കൃത്യമായും പാലിച്ചിരിക്കണം.കലർപ്പുണ്ടെന്ന് തോന്നുന്നതും രോഗകീടബാധയേറ്റതുമായ ചെടികൾ തോട്ടത്തിൽ നിന്ന് നീക്കം ചെയ്യണം.
8. കൃത്യമായ ഇടവേളകളിൽ തോട്ടത്തിലെ കളകൾ പറിച്ചു മാറ്റണം.
9. ഓരോ കൃഷിയിനത്തിനും വേണ്ട വിളപരിചരണവും ചെടികളുടെ ശുശ്രൂഷയും വിത്തിനായുള്ള കൃഷിയിലും തുടരണം.
10. കൃത്യമായ നനയും സസ്യസംരക്ഷണവും നൈട്രജൻ, പൊട്ടാഷ് വളങ്ങൾ എന്നിവയും കായ്‌വളർച്ചയുടെ കാലത്ത് മേൽ വളമായിനൽകണം.
11. നമ്മുടെ കാലാവസ്ഥയിൽ വിത്തുകൾക്കുള്ള കൃഷിയിൽ വിത്തുകൾ വിളവെടുക്കാനുള്ള സമയം സെപ്റ്റംബർ മുതൽ ജനുവരി വരെയാണ്.
12. കൃത്യമായ മൂപ്പിൽത്തന്നെ വിത്തിനുള്ള കായകൾ വിളവെടുക്കണം അല്ലെങ്കിൽ മറ്റുജീവികൾ തിന്നുപോവും മാത്രമല്ല മൂപ്പു കുടുന്നതും കുറയുന്നതും വിത്തിന്റെ മുളയ്ക്കൽ ശേഷിയെ ബാധിക്കും.
വിത്തിനെ സംരക്ഷിക്കാം
പല നാടൻ വിത്തുകളും ആറുമാസത്തിൽ അപ്പുറം നിലനിൽക്കുന്നില്ല. ആറുമാസത്തിനിടയ്ക്കാണ് മികച്ച മുളയ്ക്കൽശേഷി വിത്തുകൾ പ്രകടിപ്പിക്കാറ്.
കൃത്യമായ രീതിയിൽത്തന്നെ സംരക്ഷിച്ചാൽ അതിന്റെ മുളയ്ക്കൽ കാലത്തിന്റെ ദൈർഘ്യം കൂട്ടാം. സ്യൂഡോമോണസ് ഫ്‌ളൂറസെന്റ് ഒരു കിലോ വിത്തിന് 50 ഗ്രാം വീതം കലർത്തി പുരട്ടി ഉണക്കിയെടുത്ത് വിത്തുകൾ വിതരണത്തിന് തയ്യാറാക്കാം.
പോളിത്തീൻ കവറുകളിൽ കാറ്റുകടക്കാതെ പാക്ക് ചെയ്തും കാറ്റുകടക്കാത്ത ടിൻ പാത്രങ്ങളിൽ സീൽ ചെയ്തും അഗ്രി മാർക്കുകളിൽ വിപണനം നടത്തി വിത്തുകൊണ്ട് പണം കൊയ്യാം.
നന്നായി മുളയ്ക്കൽശേഷി കാണിക്കുന്നത്, കാലാവസ്ഥയ്ക്കും മണ്ണിനും ചേർന്നത്, നല്ല വിളനൽകാൻ പര്യാപ്തമായത്, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്നത് എന്നിങ്ങനെയാണ് ഒരു വിത്തിനു വേണ്ട പ്രധാന ഗുണങ്ങൾ.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കൊല്ലത്തെ പുതുതായി തുടങ്ങിയ യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം
Share your comments