1. Organic Farming

മെയ്‌മാസത്തിൽ തെങ്ങിൻ തൈകൾ നടുന്നതിന് കുഴികൾ എടുക്കാം

ഉത്പാദനം വർധിപ്പിക്കാനും ഉയർന്ന ഉത്പാദന നിരക്ക് നിലനിർത്താനും തെങ്ങിൻ തോട്ടങ്ങളിൽ വേനൽ മഴ ലഭിക്കുന്നതിനനുസരിച്ച് ഇടയിളക്കൽ നടത്താം.

Arun T
തെങ്ങും തേങ്ങയും
തെങ്ങും തേങ്ങയും

വേനൽക്കാല ഉഴവ്

ഉത്പാദനം വർധിപ്പിക്കാനും ഉയർന്ന ഉത്പാദന നിരക്ക് നിലനിർത്താനും തെങ്ങിൻ തോട്ടങ്ങളിൽ വേനൽ മഴ ലഭിക്കുന്നതിനനുസരിച്ച് ഇടയിളക്കൽ നടത്താം.

ds
തെങ്ങിൻ തൈകൾ

പച്ചില വളച്ചെടി വിത്തുകളുടെ വിത : Sowing of green fodder

ഇടവപ്പാതിക്കു മുമ്പ് ആവശ്യത്തിനു മഴ ലഭിച്ചാലുടൻ മെയ് മാസം അവസാനത്തോടെ ഏതെങ്കിലും പച്ചില വളച്ചെടികളുടെ വിത്തുകൾ തെങ്ങിൻ തോപ്പിൽ വിതയ്ക്കാവുന്നതാണ്. രണ്ടു പ്രാവശ്യം നിലം ഉഴുതു മറിച്ചതിനു ശേഷം വേണം വിത്തുകൾ വിതയ്ക്കുവാൻ. ചണമ്പ്, ഡയിഞ്ച, പയർ, കൊഴിഞ്ഞിൽ, തുടങ്ങിയവ ഇതിന് ഉത്തമമാണ്. ഏക വിളയായി തെങ്ങു കൃഷി ചെയ്യുന്ന തോട്ടങ്ങളിൽ താഴെപ്പറയുന്ന പച്ചില വളച്ചെടികളുടെ വിത്ത് നിർദ്ദിഷ്ട അളവിൽ വിതയ്ക്കാം.

ചണമ്പ് - ഒരു ഹെക്ടറിൽ 20 കിലോഗ്രാം

ഡയിഞ്ചി - ഒരു ഹെക്ടറിൽ 30 കിലോഗ്രാം

പയർ - ഒരു ഹെക്ടറിൽ 25 കിലോഗ്രാം

കൊഴിഞ്ഞിൽ - ഒരു ഹെക്ടറിൽ 15 കിലോഗ്രാം

തോട്ടത്തിൽ ഇടവിള കൃഷികൾ ഉണ്ടെങ്കിൽ പച്ചില വളച്ചെടി വിത്തുകൾ വിതയ്ക്കേണ്ടത് തെങ്ങിൻ തടങ്ങളിലാണ്. തെങ്ങിന്റെ ചുവട്ടിൽ 1.8 മീറ്റർ ചുറ്റളവിൽ വേണം ഇവ വിതയ്ക്കുവാൻ. പയറും ഡയിഞ്ചയും തടം ഒന്നിൽ 100 ഗ്രാം വീതം വിതയ്ക്കാം. മറ്റുള്ളവ 75 ഗ്രാം വീതവും.

df
തെങ്ങിന് തൊണ്ട് വച്ച് പുതയിടുന്നത്

നഴ്സറി പരിപാലനം

മഴ തുടങ്ങി അന്തരീക്ഷത്തിലെ ചൂട് കുറയുന്നതു വരെ നഴ്സറികളിൽ ജലസേചനം തുടരണം. മഴ ലഭിക്കാത്ത പക്ഷം, തൈതെങ്ങുകളുടെ ഓലകളുടെ അടിയിൽ പിരിയൻ വെള്ളീച്ചയുടെ ആക്രമണം തടയുന്നതിന് വെള്ളം ശക്തിയായി പേ ചെയ്തു കൊടുക്കണം. ആവശ്യമായി വരുന്ന പക്ഷം നഴ്സറികളിൽ കളയെടുക്കലും നടത്തണം. അടുത്ത വർഷത്തെ വിത്തു തേങ്ങകൾ പാകുന്നതിനു നഴ്സറി താരണകൾ തയാറാക്കുന്നതിലേയ്ക്ക് മണ്ണാരുക്കലും നടത്തണം

തെങ്ങിന്റെ തടം തുറന്ന് വളം ചെയ്ത് തുടങ്ങുന്ന സമയമാണല്ലോ ഇപ്പോൾ.അശാസ്ത്രീയമായ വളപ്രയോഗം ഒഴിവാക്കിയാല്‍ മികച്ച വിളവ് നേടാം.  തെങ്ങിൻ്റെ തടം തുറക്കുന്നത് മുതല്‍ എല്ലാ കാര്യത്തിലും അല്‍പം ശ്രദ്ധ നല്ലതാണ്. ഈ കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം തെങ്ങിന്‍ തടത്തിലൂടെ ഭൂമിയില്‍ സംഭരിക്കപ്പെടുകയും ചെയ്യും. ഇപ്പോള്‍ കൊടുക്കുന്ന വള പ്രയോഗവും പരിരക്ഷയും വരുന്ന ഒരു വര്‍ഷം നല്ല വിളവ് തെങ്ങില്‍ നിന്നു ലഭിക്കാനും സഹായിക്കും.

തടം തുറക്കുന്ന രീതി

തെങ്ങിന്‍ തടത്തിന്റെ ഒരു മീറ്റര്‍ ചുറ്റളവിലും ഒന്നര അടി താഴ്ച്ചയിലും മണ്ണെടുത്തു തടത്തിനു ചുറ്റിലുമായി വകഞ്ഞ് മാറ്റണം.തെങ്ങ് മുതല്‍ തടത്തിന്റെ വരമ്പ് വരെ 2 മീറ്റര്‍ വ്യാസാര്‍ദ്ധത്തില്‍ വേണം തടം തുറക്കാന്‍. തെങ്ങിന്റെ വേരുകള്‍ ധാരാളം ഈ ഭാഗങ്ങളില്‍ ഉണ്ടാകും. ഇവ ചെറുതായി മുറിഞ്ഞാലും കുഴപ്പമില്ല. നന്നായി തടം തയാറാക്കേണ്ടത് തെങ്ങുകളുടെ ആരോഗ്യപരമായ വളര്‍ച്ചയ്ക്കും വേനല്‍ക്കാലത്ത് പുതയിടാനും അത്യാവശ്യമാണ്. തടത്തില്‍ ആദ്യം ഇടേണ്ടത് കുമ്മായമാണ്. ഒരു തെങ്ങിന് ഒരു കിലോ കുമ്മായം അല്ലെങ്കില്‍ ഡോളൊമൈറ്റ് വേണം. മണ്ണ് പരിശോധനയിലൂടെ കുമ്മായത്തിന്റെ കൃത്യമായ അളവ് മനസ്സിലാക്കാം . 

ds
കരിക്ക് കൂട്ടിയിട്ടിരിക്കുന്നു

വളപ്രയോഗം

കുമ്മായത്തിന് ശേഷം പച്ചില വളപ്രയോഗമാകാം. വളക്കൂറുള്ളതും എളുപ്പം അഴുകുന്നതുമായ പച്ചിലകളാണ് ഉത്തമം.ശീമക്കൊന്ന , ചണമ്പ്, കൊഴിഞ്ഞില്‍ , പയറു വര്‍ഗ്ഗ വിളകള്‍ എന്നിവയെല്ലാം നല്ലതാണ് .പച്ചിലകള്‍, തെങ്ങിന്റെ ഓല എന്നിവ വെട്ടി തടത്തില്‍ മുക്കാല്‍ ഭാഗം നിറയ്ക്കണം. അതിനു ശേഷം നാല് അല്ലെങ്കില്‍ അഞ്ച് കൊട്ട ചാണകം പച്ചിലകളുടെ മുകളില്‍ വിതറുക. തെങ്ങ് ഒന്നിന് രണ്ട് കിലോ എല്ലുപൊടി ഇതോടൊപ്പം ചേര്‍ക്കാം. പച്ചിലകളും വളവും മഴയില്‍ നഷ്ടപ്പെടാത്ത തരത്തിലാകണം തടം തയാറാക്കേണ്ടത്.

സ്ഥൂല ജൈവവളങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ട തെങ്ങിന് 15 മുതല്‍ 25 കിലോ ജൈവവളങ്ങള്‍ ആവശ്യമാണ് .

പച്ചില വളപ്രയോഗത്തിന് ശേഷം മറ്റ് നാടന്‍ വളങ്ങള്‍ പ്രയോഗിക്കാം.  ചാണകം , കമ്പോസ്റ്റ് , ആല വളം, ചാരം , പിണ്ണാക്ക് , എല്ലുപൊടി , കോഴിവളം, മത്സ്യ വളം,മണ്ണിര കമ്പോസ്റ്റ് എന്നിവയൊക്കെ ലഭ്യതക്കനുസരിച്ച് ഉപയോഗിക്കാം . കടല പിണ്ണാക്ക് നല്ലതാണെങ്കിലും  വിലയും പോഷകാംശവും കീട രോഗ പ്രതിരോധശേഷിയും വെച്ചു നോക്കുമ്പോള്‍ വേപ്പിന്‍ പിണ്ണാക്കാണ് തെങ്ങിന് ഉത്തമം . മണ്ഡരി , ചെന്നീരൊലിപ്പ് , തഞ്ചാവൂര്‍ വാട്ടം എന്നിവയൊക്കെ പ്രതിരോധിക്കാന്‍ ഒരു പരിധിവരെ വേപ്പിന്‍ പുണ്ണാക്കിന് കഴിയും . ഒരു തെങ്ങിന് 5 കിലോ എന്ന നിരക്കില്‍ വേപ്പിന്‍ പിണ്ണാക്ക് ഉപയോഗിക്കാം.  ചാരം നല്ലവളമാണെങ്കിലും പൊട്ടാഷിന്റെ അളവ് പൊതുവെ കുറവാണ് . തെങ്ങിന്റെ ഭാഗങ്ങള്‍ കത്തിച്ചു കിട്ടുന്ന ചാരം മികച്ച പൊട്ടാഷ് വളമാണ് . ഒരു തെങ്ങിന് ഒരു കിലോ എല്ലുപൊടി പ്രയോഗിക്കാമെങ്കിലും ഗുണമേന്മ ഉറപ്പ് വരുത്തേണ്ടതുണ്ട് .  

മണ്ണിടല്‍

തടം തുറന്ന് വളങ്ങള്‍ ഇട്ട ശേഷം രണ്ടു മാസത്തിന് ശേഷമാണ് മണ്ണിടേണ്ടത്. ഈ സമയം കൊണ്ട് തടത്തില്‍ വീഴുന്ന മഴവെള്ളവും പച്ചിലകളും ചാണകവളവും എല്ല് പൊടിയുമെല്ലാം ചീഞ്ഞ് നല്ല വളമായിട്ടുണ്ടാവും. ഇതിന് മുകളിലേയ്ക്ക് ഒന്നോ രണ്ടോ കൊട്ട വെണ്ണീര് അഥവാ ചാരം നല്‍കാം. അതിനു ശേഷം നേരത്തെ വകഞ്ഞ് വെച്ച മണ്ണ് തടത്തില്‍ പച്ചില കമ്പോസ്റ്റിന്റെ മുകളിലേയ്ക്ക് വിതറി തടം അല്‍പ്പം ഉയര്‍ത്താം.

തൈകൾ നടുന്നതിനു കുഴിയെടുക്കാം

പുതിയ തെങ്ങിൻ തൈകളും, അടിതൈകളും വയ്ക്കുന്നതിനുദ്ദേശിക്കുന്ന സ്ഥലങ്ങളിൽ ഒരു മീറ്റർ വീതം നീളം, വീതി ,ആഴം എന്നീ അളവിൽ ഈ മാസത്തിൽ കുഴികൾ നിർമ്മിക്കാം. ഇതിനു പൊതുവിൽ ശുപാർശ ചെയ്യപ്പെടുന്ന ഇടയകലം 1.5 മീറ്റർ x 7.5 മീറ്റർ വീതമാണ്. എന്നാൽ ഇടവിളകൃഷി കൂടി ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കൂടുതൽ ഇടയകലം അതായത് 8 - 10 മീറ്റർ എങ്കിലും നല്കേണ്ടതാണ്. ചെങ്കൽ പ്രദേശങ്ങളിൽ കുഴികളിൽ രണ്ടു കിലോഗ്രാം വീതം കറിയുപ്പ് ഇടുന്നത് മണ്ണിന് അയവ് കിട്ടാൻ സഹായകരമാകും.

as
വളർച്ചയെത്തിയ തെങ്ങ്

വളപ്രയോഗം

കാലവർഷത്തിനു മുന്നോടിയായുള്ള വേനൽ മഴ ആവശ്യത്തിനു ലഭിക്കുകയും കാലവർഷം നേരത്തെ ആരംഭിക്കുകയും ചെയ്താൽ മഴയെ മാത്രം ആശ്രയിക്കുന്ന തോട്ടങ്ങളിലെ തെങ്ങുകൾക്ക് ശുപാർശ ചെയ്തിരിക്കുന്ന രാസവളത്തിൽ മൂന്നിലൊന്ന് മെയ്മാസം അവസാനത്തോടെ തടങ്ങളിൽ ചേർത്തു കൊടുക്കാവുന്നതാണ്. കായ്ഫലമുള്ള തെങ്ങുകൾക്ക് പൊതുവിൽ ശുപാർശ ചെയ്തിരിക്കുന്ന വളം പാക്യജനകം 500 ഗ്രാം, 320 ഗ്രാം ഭാവഹം, 1200 ഗ്രാം ക്ഷാരം എന്നിങ്ങനെയാണ്. തെങ്ങ് ഒന്നിന് ആദ്യ ഗഡുവായി ഇതിന്റെ മൂന്നിൽ ഒന്ന് ലഭിക്കുവാൻ ഏകദേശം 360 ഗ്രാം യൂറിയ, 500 ഗ്രാം റോക്ക് ഫോസ്ഫേറ്റ് (അമ്ലാംശം കൂടിയ മണ്ണിൽ), (മറ്റ് സ്ഥലങ്ങളിൽ 700 ഗ്രാം സൂപ്പർ ഫോസ്ഫേറ്റ്), 700 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതിൽ രാസവളങ്ങൾ ചേർക്കണം. രാസവളങ്ങൾ തെങ്ങിൻ തടത്തിൽ തെങ്ങിന്റെ ചുവട്ടിൽ നിന്നും 1.8 മീറ്റർ ചുറ്റളവിൽ വിതറി മണ്ണുമായി കൂട്ടി ചേർക്കണം. രാസ വളങ്ങൾ പൊതുവായി നിർദ്ദേശിച്ച അളവിൽ ചേർക്കുന്നതിനു പകരം മണ്ണു പരിശോധനയുടെ അടിസ്ഥാനത്തിൽ ശുപാർശ ചെയ്യുന്ന അളവിൽ ചേർക്കുന്നതാണ് ഉചിതം.

കുമ്മായ വസ്തുക്കൾ ചേർക്കുക

തെങ്ങിൻ തോട്ടങ്ങളിലെ മണ്ണിന്റെ പിഎച്ച് ഏഴിൽ താഴെയാണെങ്കിൽ തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം വീതം കുമ്മായമോ ഡോളോമൈറ്റോ തടങ്ങളിൽ ചേർത്തു കൊടുക്കണം. തെങ്ങിന്റെ ചുവട്ടിൽ നിന്ന് 1.8 മീറ്റർ ചുറ്റളവിൽ വേണം കുമ്മായം അല്ലെങ്കിൽ ഡൊളോമൈറ്റ് തെളിക്കൊടുക്കുവാൻ. പിഎച്ച് 8.5 നു മുകളിലാണെങ്കിൽ തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം വീതം ജിപ്സം ചേർത്തു കൊടുക്കണം. രാസവളപ്രയോഗത്തിനു രണ്ടാഴ്ച്ച മുമ്പു കുമ്മായ വസ്തുക്കൾ തടങ്ങളിൽ വിതറി ചേർക്കണം.

ജലസേചനം

കാലവർഷത്തിനു മുമ്പുള്ള വേനൽ മഴ ആവശ്യത്തിനു ലഭിക്കുന്നതു വരെ തെങ്ങിൻ തോട്ടങ്ങളിലെ ജലസേചനം തുടരണം

രോഗകീട നിയന്ത്രണം

കുറഞ്ഞ തോതിൽ മാത്രം തുലാമഴയും വേനൽ മഴയും ലഭിച്ചതിനാൽ 2019 ലെ വേനൽക്കാലം കഠിനമായിരുന്നു.അതുകൊണ്ടു തന്നെ വെള്ളീച്ചയുടെയും മണ്ഡരിയുടെയും ആക്രമണം മിക്ക പ്രദേശങ്ങളിലും രൂക്ഷമായിരുന്നു. നിലനില്പ്പിന് ആവശ്യമായ തോതിൽ വെള്ളം ലഭിക്കാത്ത സാഹചര്യം തെങ്ങുകളുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുകയും കീടരോഗബാധയുടെ തോത് വർധിപ്പിക്കുകയും ചെയ്യും.

വേനലിൽ നിന്നു മഴക്കാലത്തിലേയ്ക്കുള്ള മാറ്റം തെങ്ങുകളെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ്. തെങ്ങിന്റെ മണ്ട വൃത്തിയാക്കൽ, ഓലക്കവിളുകളിൽ മണൽ - വേപ്പിൻ പിണ്ണാക്ക് മിശ്രിതം നിറയ്ക്കൽ, ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിയ്ക്കൽ തുടങ്ങിയവ ഈ സമയത്ത് അതീവ പ്രാധാന്യമുള്ളവയും, നിർബന്ധമായി അനുഷ്ഠിക്കേണ്ടതുമായ പ്രതിരോധ നടപടികളാണ്. കൃത്യസമയത്തു തന്നെ പ്രതിരോധ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ കാലവർഷാരംഭത്തോടെയുള്ള രോഗ കീട ആക്രമണങ്ങളെ ഫലപ്രദമായി നിയന്ത്രണവിധേയമാക്കാൻ സാധിക്കും. അതുകൊണ്ട് നാളികേര തോട്ടങ്ങളിൽ നിർബന്ധമായും ഈ സമയത്ത് കീട രോഗപ്രതിരോധ നടപടികൾ ആരംഭിക്കേണ്ടതാണ്. വേനലിൽ വെള്ളീച്ചകളുടെ ആക്രമണം വ്യാപിച്ചേക്കാം. പക്ഷെ മഴക്കാലം തുടങ്ങുന്നതോടെ അത് ശമിക്കും. മഴക്കാല ആരംഭത്തോടെ തെങ്ങിനെ ആക്രമിക്കുന്ന രോഗ കീടങ്ങൾ ഇനി പറയുന്നവയാണ്.

കൊമ്പൻ ചെല്ലി

തെങ്ങിന് നാശം വരുത്തുന്ന സർവ വ്യാപിയായ കീടം എന്ന നിലയിൽ ഈ കീടത്തിന്റെ ആക്രമണം ആണ്ടുവട്ടത്തിൽ എല്ലാ സമയത്തും സാധാരണമാണ്. എന്നാൽ തെങ്ങുകൾ നടുന്ന സമയത്താണ് ഇവ വരുത്തുന്ന നാശം നമുക്ക് കു ടുതൽ അനുഭവപ്പെടുന്നത്. അതിനാൽ മെയ് - ജൂൺ മാസങ്ങളിൽ നടുന്ന തെങ്ങിൻ തൈകൾക്ക് ഈ കീടത്തിന്റെ ആക്രമണത്തിൽ നിന്നു ശക്തമായ സംരക്ഷണം ഉറപ്പാക്കണം.

കൊമ്പൻ ചെല്ലിയുടെ ജൈവിക നിയന്ത്രണത്തിന് ഉപകാരപ്രദമായ ഒറിക്ടസ് റൈനോസറസ് നൂഡിവൈറസ് (Or NV) എന്ന ഇനം വൈറസ് ഇന്ത്യയിലെ തെങ്ങിൻ തോട്ടങ്ങളിൽ പ്രകൃതിദത്തമായി തന്നെ 5 ശതമാനം എന്ന നിരക്കിൽ ഉണ്ട്. അന്താരാഷ്ട്ര സമൂഹത്തിന് ഏറെ ഉത്ക്കണ്ഠയുണ്ടാക്കുന്ന തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങളിലെ തെങ്ങുകൃഷിയിൽ വൻ തോതിൽ നാശമുണ്ടാക്കുന്നതും, ഈ വൈറസിനെ അതിജീവിക്കാൻ ശേഷിയുള്ളതുമായ വിഭാഗത്തിൽപെടുന്ന കൊമ്പൻ ചെല്ലി (CRB - G) അതുകൊണ്ട് ഭാഗ്യവശാൽ ഇന്ത്യയിൽ ഇല്ല. ചെറുപ്രായത്തിലുള്ള തെങ്ങുകൾക്കും തേങ്ങകൾക്കും നാശമുണ്ടാക്കുന്ന കൊമ്പൻ ചെല്ലി ബാധ ഇപ്പോൾ കൂടുതൽ ആശങ്ക ഉളവാക്കുന്നു.

കൊമ്പൻ ചെല്ലിയുടെ ആക്രമണത്തിന് ഇരയാകുന്ന തെങ്ങുകൾ സ്ഥിരമായി ചെമ്പൻ ചെല്ലിയുടെ മുട്ടയിടീൽ കേന്ദ്രമാകുന്നു. മാത്രമല്ല ഇവയിൽ കൂമ്പു ചീയലിനു കാരണമാകുന്ന കുമിൾബാധയും ഉണ്ടാകുന്നു.

നിയന്ത്രണ മാർഗ്ഗങ്ങൾ

കൊമ്പൻ ചെല്ലിക്കെതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങളിൽ മുഖ്യം തെങ്ങുകളുടെ ഏറ്റവും മുകളിലുള്ള മൂന്ന് ഓലക്കവിളുകളിൽ വേപ്പിൻ പിണ്ണാക്ക്, മരോട്ടി പിണ്ണാക്ക്, ഉങ്ങിൻ പിണ്ണാക്ക് ഇവയിൽ ഏതെങ്കിലും 250 ഗ്രാം വീതം തുല്യ അളവിൽ മണലും ചേർത്ത് മൂടുക എന്നതാണ്. അല്ലെ ങ്കിൽ മൂന്ന് ഓലക്കവിളുകളിലും മുന്നു വീതം പാറ്റാഗുളിക നിക്ഷേപിച്ച് മണൽ ഇട്ടു മൂടുക.

എല്ലാ ദിവസവും രാവിലെ തെങ്ങിൻ തോട്ടങ്ങളിൽ നിരീക്ഷണം നടത്തി ചെല്ലിയുടെ ആക്രമണം ഉള്ള തെങ്ങുകൾ കണ്ടെത്തി ചെല്ലിക്കോൽ ഉപയോഗിച്ച് അവയെ കുത്തിയെടുത്ത് നശിപ്പിക്കുക വഴി തോട്ടത്തിലെ ചെല്ലികളുടെ സംഖ്യ കുറയ്ക്കാം. ഇങ്ങനെ സാവകാശത്തിൽ ആ മേഖലയിലെ തന്നെ ചെല്ലികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.

ചെറിയ തെങ്ങിൻ തൈകളുടെ നാമ്പോലയുടെ ചുറ്റും മീൻവല കൊണ്ട് കവചം നിർമ്മിച്ച് പറന്നു വരുന്ന ചെല്ലികളെ ഫലപ്രദമായി കുടുക്കാൻ സാധിക്കും. സുഷിരങ്ങളുള്ള ചെറിയ സഞ്ചികളിൽ മൂന്നു ഗ്രാം ക്ലോറാൺട്രാനിലിപ്പോൾ അല്ലെങ്കിൽ ഫിയോനിൽ എന്ന കീടനാശിനി മുകളിലത്തെ മൂന്ന് ഓലക്കവിളുകളിൽ നിക്ഷേപിക്കുന്നതും ചെമ്പൻ ചെല്ലിയുടെ ആക്രമണം തടയും.

ക്ഷീര കർഷകർ അവരുടെ വളക്കുഴികളിൽ വളരുന്ന കൊമ്പൻ ചെല്ലി പുഴുക്കൾക്ക് രോഗം പിടിപെട്ടു നശിക്കുന്നതിന് (ക്യുബിക് മീറ്ററിന് പച്ചക്കുമിൾ (മെറ്റാറൈസിയം അനിസോപ്ലിയെ 5 x 10' എന്ന തോതിൽ വെള്ളത്തിൽ കലർത്തി ചാണക കുഴികളിലും മറ്റും തളിക്കണം. ഒരു പ്രദേശത്തെ മുഴുവൻ കൃഷിക്കാരും കൂട്ടായ്മയോടെ ഈ സാങ്കേതിക വിദ്യ ഏറ്റെടു ത്ത് പങ്കാളിത്തത്തോടെ നടപ്പാക്കിയാൽ ചെല്ലിയുടെ ആക്രമ ണത്തെ വളരെ ഫലപ്രദമായി തടയാൻ സാധിക്കും. മാത്രമല്ല, ഇത് കീടനിയന്ത്രണത്തിനുള്ള പരിസ്ഥിതി സൗഹൃദ സമീപനമാവുകയും ചെയ്യും.

കീടങ്ങളുടെ പുഴുക്കൾ വളരാൻ സാധ്യതയുള്ള വളക്കുഴികളിൽ കളച്ചെടിയായ പെരുവലം വേരോടെ പിഴുത് ചേർക്കുന്നതും ഫലപ്രദമായ മറ്റൊരു നിയന്ത്രണ മാർഗ്ഗമാണ്.

ഇടവിളകൾ കൃഷി ചെയ്യുന്നതിലൂടെ തെങ്ങിൻ തോപ്പിൽ വിള വൈവിധ്യവത്കരണം നടപ്പാക്കുന്നതും കീടങ്ങളെ ആശയക്കുഴപ്പത്തിലാക്കി തെങ്ങുകളിൽ നിന്നു ശ്രദ്ധ വ്യതിചലിപ്പി ക്കും. മാത്രവുമല്ല നാളികേര കർഷകർക്ക് ഇതിൽനിന്ന് അധിക വരുമാനം ലഭിക്കുകയും ചെയ്യും.

ചെമ്പൻ ചെല്ലി

കൊമ്പൻ ചെല്ലിയുടെ ആക്രമണം നിയന്ത്രിക്കാൻ സാധിച്ചാൽ അതുകൊണ്ടു തന്നെ തെങ്ങിന്റെ കൊലയാളി കീടമായ ചെമ്പൻ ചെല്ലിയെയും തെങ്ങിൽ നിന്ന് അകറ്റി നിർത്താനാവും. തെങ്ങിൽ എവിടെയെങ്കിലും ഒരു മുറിവ് ഉണ്ടെങ്കിൽ മാത്രമെ ചെമ്പൻ ചെല്ലിക്ക് അതിലൂടെ തെങ്ങിന്റെ ഉള്ളിൽ പ്രവേശിച്ചു മുട്ടയിടുന്നതിനു കഴിയൂ. കുള്ളൻ ഇനങ്ങൾ. അഞ്ചു മുതൽ 15 വർഷം വരെ പ്രായമുള്ള ചെറു തെങ്ങുകൾ എന്നിവയിലാണ് ഇവയുടെ ആക്രമണം കൂടുതൽ കാണുന്നത്. ഈ കീടത്തിന്റെ ജീവിത ചക്രത്തിലെ എല്ലാ ദശകളും കീടബാധയുള്ള തെങ്ങിന്റെ ഉള്ളിൽ കാണപ്പെടുന്നു. തെങ്ങുകളുടെ ഏറ്റവും മാരക ശത്രു എന്ന നിലയിൽ ഇതിനെ നിയന്ത്രിക്കാൻ ഫലപ്രദമായ നിർദ്ദേശങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

നിയന്ത്രണ മാർഗ്ഗങ്ങൾ

കൃഷിയിട ശുചിത്വമാണ്. അതിപ്രധാനം. തോട്ടത്തിൽ മണ്ട മറിഞ്ഞുവീണു ജീർണിക്കുന്ന തെങ്ങുകളുടെ അവശിഷ്ടങ്ങളിൽ വസിക്കുന്ന ചെല്ലികളെ നിർബന്ധമായും നശിപ്പിച്ചു കളയണം.

തെങ്ങുകളിൽ മുറിവുകൾ ഉണ്ടാക്കാതിരിക്കുക. അതുകൊണ്ട് ഓലകൾ പോലും വെട്ടുമ്പോൾ തെങ്ങിൻ തടിയിൽ നിന്ന് ഒരു മീറ്റർ എങ്കിലും നീട്ടി വച്ചു മുറിച്ചുമാറ്റാവൂ.

തെങ്ങുകൾക്കു തമ്മിൽ കൃത്യമായ അകലം നല്കുന്നത് . കീടങ്ങളുടെ ആകണം ചെറുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു.

കീടബാധ കണ്ടാൽ അപ്പോൾ തന്നെ ആക്രമണ ലക്ഷണം കാണുന്ന കൃത്യമായ സ്ഥലത്ത് 0.002 ശതമാനം വീര്യത്തിൽ ഇമിഡാക്ലോപിഡ് എന്ന കീടനാശിനി (ഒരു മില്ലി ഒരു ലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 0.04 ശതമാനം വീര്യ ത്തിൽ ഇന്നോ കാബ് 2.5 മില്ലി എന്ന കീടനാശിനി (ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ) ചെമ്പൻ ചെല്ലിയുടെ ആക്രമണമുള്ള തെങ്ങുകളിൽ പ്രയോഗിക്കുക. ഇത് തെങ്ങിനുള്ളിൽ വളരുന്ന പുഴുക്കളെ നശിപ്പിക്കുന്നതിനു സഹായിക്കും. ഏകവിളയെക്കാൾ കീടങ്ങളെ ചെറുക്കാൻ വിളവൈവിധ്യവത്ക്കരണമാണ് ഉചിതം.

ഓല ചീയൽ

പ്രധാനമായും കൊളിറ്റോട്രൈക്കം ഗ്ലിയോപോറോയി ഡസ്, എക്സറോഹൈലം റോറ്റം എീ കുമിളുകൾ മുലമുണ്ടാകുന്ന ഓല ചീയൽ രോഗം കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് കൂടുതൽ കണ്ടു വരുന്നത്. കാറ്റു വീഴ്ച രോഗം ബാധിച്ച തെങ്ങുകളിലാണ് ഓലചീയൽ കാണുന്നത്. നാമ്പോലയിലെ ഓലക്കാലുകളിൽ തിളച്ച വെള്ളം വീണ പോലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുതാണ് ആദ്യ രോഗ ലക്ഷണം. ഈ പുള്ളികൾ ക്രമേണ നിറം മാറി ചീഞ്ഞ് വലുതാവുന്നു. ക്രമേണ ഓലക്കാലുകളുടെ അരികും മൂലകളും കറുത്ത നിറം പ്രാപിച്ച് ചുരുങ്ങിയുണങ്ങിപ്പോകുന്നു. ആദ്യഘട്ടത്തിൽ തന്നെ വേണ്ട രോഗ പ്രതിരോധ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ എല്ലാ ഓലകളും ഈ അവസ്ഥയിലാകും. തൻമൂലം ഓലകളുടെ ഹരിത വിസ്തീർണ്ണത്തിന് ഗണ്യമായ കുറവ് സംഭവിക്കു.

രോഗ നിയന്ത്രണം :

ഹെക്സകൊണസോൾ എ കുമിൾ നാശിനി 2 മിലി., 300 മി.ലി. വെള്ളത്തിൽ എന്ന തോതിൽ കലർത്തി തയ്യാറാക്കിയ കുമിൾ നാശിനി ലായനി രോഗബാധിതമായ ഭാഗങ്ങൾ വെട്ടി നശിപ്പിച്ച ശേഷം രോഗബാധിത ഭാഗങ്ങളിൽ ഒഴിക്കുക. ഈ നിയന്ത്രണ രീതി ഏപ്രിൽ - മെയ്, സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ അനുവർത്തിക്കണം

കുമ്പു ചീയൽ

അന്തരീക്ഷ താപനില താഴ്ന്നിരിക്കുകയും ഈർപ്പം ഉയർന്നിരിക്കുകയും ചെയ്യുന്ന ചില മേഖലകളിൽ കൂമ്പു ചീയൽ രോഗം പിടിപെട്ട് നൂറു കണക്കിനു തെങ്ങുകൾ നശിച്ചു പോകു ന്നത് പതിവാണ്. നാമ്പോലയ്ക്കു ചുറ്റുമുള്ള ഒന്നോ രണ്ടോ ഓലകളെ ആക്രമിക്കുന്ന രോഗം തുടർന്ന് ഓലകളുടെ ചുവടുഭാഗത്തേയ്ക്ക് വ്യാപിക്കും. നാമ്പോലകൾ വാടി മഞ്ഞ നിറം കാ ണപ്പെടുന്നതാണ് ആദ്യ ലക്ഷണം. നാമ്പോല ഉണങ്ങി ഒടി ഞ്ഞു തുടങ്ങും. രോഗം ബാധിച്ച ഓലയിൽ പിടി ച്ചു വലിച്ചാൽ വേഗത്തിൽ ഊരിപ്പോരും. നാമ്പോല യുടെ കടഭാഗം പൂർണ മായും അഴുകി ദുർഗന്ധം വമിക്കുകയും ചെയ്യും. അന്തരീക്ഷ ഊഷ്മാവ് 20 -24 ഡിഗ്രി സെൽഷ്യസ് പരിധിയിലും ഈർപ്പം 98-100 ശതമാനത്തിലുമാണ് കൂമ്പു ചീയലിന് സഹായകരമായ അവസ്ഥ. ഇത്തരത്തിലുള്ള അനുകൂല ദിനാന്തരീക്ഷ സ്ഥിതി നീണ്ടു നില്ക്കുന്ന മഴക്കാലങ്ങളിലാണ് ഈ രോഗം തെങ്ങുകളെ ആക്രമിക്കുന്നതും നിയന്ത്രണാതീതമായി വ്യാപിക്കുന്നതും. ഫൈറ്റോഫ്ലോറ മൂലമുള്ള കുമിൾ രോഗമായതിന ൽ ഇത് വളരെ ഗുരുതരമാണ്. അതിനാൽ മഴക്കാലങ്ങളിൽ തെങ്ങുകൾ, പ്രത്യേകിച്ച് നാമ്പോലയും ചുറ്റുമുള്ള ഓലകളും അവയുടെ ആരോഗ്യ അവസ്ഥ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്.

നിയന്ത്രണ മാർഗ്ഗങ്ങൾ

തെങ്ങുകളുടെ മണ്ട കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം മഴക്കാലത്തിനു തൊട്ടു മുമ്പ് തളിക്കുകയും വേണം. പിന്നീട് 35-40 ദിവസം കഴിഞ്ഞ് ഒരു പ്രാവശ്യം കൂടി മരുന്നു തളി നടത്തണം. കൂമ്പു ചീയലിനെ ഒരു പരിധിവരെ ഈ നടപടി പ്രതിരോധിക്കും.

ട്രൈകോടർമ്മ ചേർത്തു സമ്പുഷ്ടീകരിച്ച ചകിരിച്ചോർ കട്ട രണ്ടെണ്ണം വീതം മഴക്കാലാരംഭത്തിനു മുമ്പെ നാമ്പോലയുടെ കവിളുകളിൽ വയ്ക്കുക. പിന്നീട് ഓരോ രണ്ടു മാസത്തിലും ഇത് ആവർത്തിക്കുക.

രോഗബാധിതമായ നാമ്പോലയുടെ അഴുകിയ ഭാഗം മൂർച്ചയുള്ള കത്തികൊണ്ട് മുറിച്ചു മാറ്റി വൃത്തിയാക്കിയ ശേഷം അവിടെ 10 ശതമാനം വീര്യമുള്ള ബോർഡോ കുഴമ്പ് പുരട്ടുക. ഈ ഭാഗം അടുത്ത പുതുനാമ്പ് ഉണ്ടാകുന്നതു വരെ പോളിത്തീൻ ഷീറ്റു കൊണ്ടു പൊതിഞ്ഞു മഴവെള്ളം കയറാതെ സൂക്ഷിക്കണം.

ഇത്തരത്തിൽ കൃത്യവും സമയബന്ധിതവുമായ രോഗ പ്രതിരോധ നടപടികൾ സ്വീകരിച്ച് മഴക്കാലത്ത് ഉണ്ടാകുന്ന രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണങ്ങളെ ചെറുക്കാൻ കൃഷിക്കാർ തെങ്ങുകളെ സജ്ജമാക്കണം. ചികിത്സയെക്കാൾ ഉത്തമം പ്രതിരോധമാണ് എന്ന പഴമൊഴി ഓർക്കുക. അതായിരിക്കണം തെങ്ങുകളുടെ സംരക്ഷണത്തിൽ കൃഷിക്കാർ സ്വീകരിക്കേണ്ടത്. രോഗ കീടങ്ങൾ വ്യാപിച്ച ശേഷം അവയ്ക്കെതിരെ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിനെക്കാൾ നല്ലത് അവയുടെ ആക്രമണം മുൻകൂട്ടി തടയുന്ന സമീപനമാണ്.

English Summary: Coconut farming methods in the month of may

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds