Organic Farming

ചെല്ലിക്കും പുഴുവിനും ജൈവചികിത്സ

files and worms vegetable

കീടത്തിന്റെ പ്രകൃതി ശത്രുക്കളായ പരാദങ്ങള്‍, പരപഭക്ഷികള്‍, രോഗാണുക്കള്‍ എന്നിവ ഉപയോഗിച്ചുളള നിയന്ത്രണമാണ് 'ജൈവനിയന്ത്രണം'. കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനത്തിന്റെ ഗവേഷണ ഫലമായി, തെങ്ങിനെ ആക്രമിക്കുന്ന കൊമ്പന്‍ ചെല്ലി, തെങ്ങോലപ്പുഴു എന്നീ കീടങ്ങള്‍ക്കെതിരെ ജൈവനിയന്ത്രണം ഫലപ്രദമായി വികസിപ്പിച്ച് പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്.
 

(എ) കൊമ്പന്‍ ചെല്ലി

വണ്ടുകള്‍ തെങ്ങിന്റെ നാമ്പോലയും വിടരാത്ത കൂമ്പും പൂങ്കുലയും തുളച്ചു നശിപ്പിക്കുന്നു. ചാണകം, കമ്പോസ്റ്റ്, അഴുകിയ ജൈവാവശിഷ്ടങ്ങള്‍, അഴുകിയ തെങ്ങിന്‍ തടി എന്നിവയില്‍ മുട്ടയിട്ട് പെരുകും. ചെല്ലിയുടെ ജീവിതചക്രം നാലു മുതല്‍ ആറു മാസം വരെയാണ്. രണ്ടുതരം രോഗാണുക്കളെ ഉപയോഗിച്ച് കൊമ്പന്‍ചെല്ലികളെ ഫലപ്രദമായി നിയന്ത്രിക്കാം. ഇവ ബാക്കുലോ വൈറസ് എന്ന വിഷാണുവും മെറ്റാറൈസിയം കുമിളുമാണ്. 

1. ബാക്കുലോവൈറസ് ഒറിക്ടസ്
(Baculovirus oryctes)

ഈ വൈറസ് ബാധയേല്‍ക്കുമ്പോള്‍ പുഴുക്കളുടെ ചലനശേഷി കുറഞ്ഞ് ആഹാരം കഴിക്കാതാകും. വൈറസ് പെരുകുന്നതനുസരിച്ച് പുഴുക്കളുടെ കുടലിനകത്ത് വെളുത്ത നിറത്തിലുളള ദ്രാവകം നിറയും. എന്നാല്‍ രോഗബാധയില്ലാത്ത പുഴുക്കള്‍ കുടല്‍ഭാഗങ്ങള്‍ ആഹാരവസ്തുക്കള്‍ നിറഞ്ഞ് കറുപ്പു നിറമായിരിക്കും. രോഗബാധയേറ്റ പുഴുക്കള്‍ 10 - 15 ദിവസത്തിനകം ചത്തു പോകും.  രോഗബാധിതമായ പുഴുക്കളുടെ കുടലിന്റെ തൊലിഭാഗങ്ങള്‍ ജിംസ (Giemsa Stain) കളര്‍ ലായനിയില്‍ മുക്കി സൂക്ഷ്മദര്‍ശിനിയില്‍ കൂടി നോക്കിയാല്‍ അവയുടെ കോശമര്‍മം വലുതായും കുമിളകള്‍ നിറഞ്ഞതായും കാണാം. എന്നാല്‍ വൈറസ് അണുക്കളെ ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പില്‍ കൂടി മാത്രമെ കാണാന്‍ കഴിയുകയുളളൂ. ഈ വൈറസിനെ വന്‍തോതില്‍ വളര്‍ത്തിയെടുക്കുന്നത് ചെല്ലികളിലും അവയുടെ പുഴുക്കളിലുമാണ്. വൈറസ് കള്‍ച്ചര്‍ ചെല്ലികളുടെയും പുഴുക്കളുടെയും വായില്‍ കൂടി സിറിഞ്ച് ഉപയോഗിച്ച് ഒഴിച്ചു കൊടുത്തോ, അവയുടെ ഭക്ഷണത്തില്‍ കലര്‍ത്തിയോ രോഗബാധയേല്‍പ്പിക്കാം. ഒരു ഹെക്ടര്‍ തെങ്ങിന്‍തോപ്പില്‍ ചെല്ലി നിയന്ത്രണത്തിന് രോഗബാധയേറ്റ  10-15 ചെല്ലികളെ വിടണം. അവ മറ്റ് ചെല്ലികളിലേക്കും, പുഴുക്കളിലേക്കും രോഗം പരത്തി അവയുടെ വംശവര്‍ദ്ധന നിയന്ത്രിക്കും. രോഗബാധയേറ്റ ഒരു ചെല്ലിയുടെ വിസര്‍ജ്ജ്യത്തില്‍ കൂടി പ്രതിദിനം 0.3 മി. ഗ്രാം വൈറസ് ചുറ്റുപാടും പരക്കും. ഈ വൈറസ് കൊമ്പന്‍ ചെല്ലിയെ മാത്രമേ ബാധിക്കൂ. മനുഷ്യനോ മറ്റു ജീവികള്‍ക്കോ ഉപദ്രവമില്ല. 

2. മെറ്റാറൈസിയം കുമിള്‍ ( Metarhizium anisopliae) 

ഈ കുമിള്‍ പുഴുക്കളിലാണ് അധികവും രോഗബാധയുണ്ടാക്കുന്നത്. ചൂടുകുറഞ്ഞ ഈര്‍പ്പമുളള അന്തരീക്ഷാവസ്ഥ കുമിളിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തും. കുമിള്‍ ബാധയേറ്റ പുഴുക്കള്‍ ചലനശേഷി കുറഞ്ഞ് 12-15 ദിവസത്തിനകം ചാകും. പുഴുക്കളുടെ പുറം തൊലിയില്‍ വെളുത്ത പാട പോലെ കുമിള്‍ പ്രത്യക്ഷപ്പെടും. ക്രമേണ ഇത് പച്ച നിറമായി ശരീരം മുഴുവന്‍ വ്യാപിച്ച് പുഴുവിന്റെ ശരീരം കല്ലുപോലെ കട്ടിയായി തീരും. ഈ കുമിളിനെ കപ്പക്കഷ്ണങ്ങളും തവിടും കൊണ്ടുണ്ടാക്കിയ മിശ്രിതത്തിലോ, തേങ്ങാവെളളത്തിലോ വന്‍തോതില്‍ വളര്‍ത്തിയെടുക്കാം.  ചെല്ലി വളരുന്ന ജൈവാവശിഷ്ടങ്ങളില്‍ ഒരു ക്യൂബിക് മീറ്ററിന് 250 മില്ലി മെറ്റാറൈസിയം കള്‍ച്ചര്‍ 750 മില്ലി വെളളവുമായി കലര്‍ത്തിയ മിശ്രിതം തളിച്ച് കീടനിയന്ത്രണം സാധ്യമാക്കാം. ഒരിക്കല്‍ തളിച്ചാല്‍ ഏകദേശം രണ്ടു വര്‍ഷത്തോളം ഈ കുമിള്‍വിത്തുകള്‍ ജീവനോടെ കഴിയും, അനുകൂല പരിതസ്ഥിതിയില്‍ അവയ്ക്ക് വളര്‍ന്ന് പുഴുക്കളെ നശിപ്പിക്കാനാകും.

ഇവ കൂടാതെ പലതരം ചെറുവണ്ടുകളും അവയുടെ പുഴുക്കളും പ്രകൃത്യാ തന്നെ ചെല്ലിയുടെ മുട്ടകളും പുഴുക്കളും തിന്ന് നശിപ്പിക്കുന്നു. അനിയന്ത്രിതമായ കീടനാശിനിപ്രയോഗം ഇവയുടെ നാശത്തിന് വഴിയൊരുക്കും. ലളിതവും, ചെലവു കുറഞ്ഞതും ദോഷരഹിതവുമായ ജൈവനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ വഴി കീടനാശിനിപ്രയോഗം കൂടാതെ തന്നെ തെങ്ങിനെ കൊമ്പന്‍ ചെല്ലിയില്‍ നിന്ന് രക്ഷിക്കാം. 


(ബി) തെങ്ങോലപ്പുഴു

തെങ്ങോലയുടെ അടിഭാഗത്ത് കൂടുണ്ടാക്കി അവയിലിരുന്ന് ഓലയുടെ ഹരിതകം ഭക്ഷിക്കുന്ന തെങ്ങോലപ്പുഴുക്കള്‍ തീരപ്രദേശങ്ങളിലാണ് ധാരാളം കാണുന്നത്. ഇവയുടെ ആക്രമണം  ഓല കരിഞ്ഞു പോകാനും തെങ്ങിന്റെ ഓജസ്സും ഉല്‍പാദനശേഷിയും കുറാനും കാരണമാകും. കൂടാതെ കേടു ബാധിച്ച ഓലകള്‍ മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകില്ല. ഈ കീടം രണ്ട്-രണ്ടര മാസം കൊണ്ട് ജീവിതചക്രം പൂര്‍ത്തിയാക്കും. ഒരു പെണ്‍ ശലഭം തന്നെ 140 ല്‍ അധികം മുട്ട നിക്ഷേപിക്കും. വേനല്‍കാലത്താണ് ഇതിന്റെ ആക്രമണം രൂക്ഷമാകുന്നത്.

പരാദങ്ങള്‍ (Parasites)

തെങ്ങോലപ്പുഴുവിനെ ബാധിക്കുന്ന 40 ഇനം പരാദങ്ങളെ ഇന്ത്യയില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ പുഴു ദശയെ ബാധിക്കുന്ന ബത്തിലിഡ് പരാദമായ ഗോണിയോസസ് നെഫാന്റിഡിസ് (Goniozus Nephantidis), സമാധിദശയ്ക്ക് തൊട്ടുമുമ്പുളള പ്രീപ്യൂപ്പല്‍ദശയെ ബാധിക്കുന്നു ഇലാസ്മിഡ് പരാദമായ ഇലാസ്മസ് നെഫാന്റിഡിസ് (Elasmus nephantidis) സമാധിദശയെ ബാധിക്കുന്ന ചാല്‍സിഡ് പരാദമായ ബ്രാക്കിമേറിയ നൊസട്ടോയ് (Brachymeria nosatoi) എന്നിവയാണ് ജൈവനിയന്ത്രണത്തിനുപയോഗിക്കുന്നത്. ജൈവനിയന്ത്രണം നടപ്പാക്കാന്‍ 20 ശതമാനം തെങ്ങുകള്‍ പരിശോധിച്ച് പുഴുബാധയുടെ ഏകദേശ രൂപം തിട്ടപ്പെടുത്തും. തെങ്ങോലപ്പുഴുവിനെതിരെ ഉപയോഗിക്കുന്ന മൂന്നു പരാദങ്ങള്‍ക്കും കീടത്തിന്റെ വിവിധ ദശകള്‍ക്കനുസൃതമായി കൃത്യമായ അനുപാതം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ബെത്തിലിഡ് പരാദത്തെ ആകെയുളള പുഴുവിന്റെ 20 ശതമാനവും ഇലാസ്മിഡ് പരാദത്തെ പ്രീപ്യൂപ്പല്‍ ദശയുടെ 50 ശതമാനവും ചാല്‍സിഡ് പരാദത്തെ സമാധിദശയുടെ 32 ശതമാനവും ആണ് വിടേണ്ടത്. പരാദത്തെ വളര്‍ത്തിയ പുതിയതായി കീടബാധയുളള ഓലയുടെ സമീപത്ത് തുറന്ന് ട്യൂബില്‍ നിന്ന് പുറത്തു വരുന്ന പരാദങ്ങള്‍ തെങ്ങോലപ്പുഴുവിനെ കണ്ടെത്തി അവയില്‍ മുട്ട ഇടും. മുട്ട വിരിഞ്ഞിറങ്ങുന്ന പരാദപ്പുഴുക്കള്‍ തെങ്ങോലപ്പുഴുവിന്റെ ശരീരത്തില്‍ നിന്ന് നീരൂറ്റിക്കുടിച്ച് പുഴുവിനെ നശിപ്പിക്കും. കീടബാധ പൂര്‍ണമായും നിയന്ത്രണത്തില്‍ വരുന്നതുവരെ രണ്ടാഴ്ച ഇടവേളയില്‍ ഈ പരാദങ്ങളെ വിട്ടുകൊണ്ടേയിരിക്കണം.

ഇവയെ കൂടാതെ കരാബിഡ് വര്‍ഗത്തില്‍പെട്ട വണ്ടുകളും പുഴുക്കളും ചിലയിനം ചിന്തികളും പ്രകൃതിയില്‍ പുഴുനശീകരണത്തില്‍ വലിയ പങ്കു വഹിക്കുന്നു. അതിനാല്‍ തത്വദീക്ഷയില്ലാത്ത കീടനാശിനിപ്രയോഗം ഒഴിവാക്കി. ഇത്തരം മിത്രകീടങ്ങളെ സംരക്ഷിച്ചേ തീരൂ.

ജൈവനിയന്ത്രണ ഉപാധികള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ കൈവരിക്കാന്‍ സഹായിക്കുന്നതിനാല്‍ ഇവയുടെ ഫലം വര്‍ഷങ്ങളോളം നിലനില്‍ക്കും. എതിര്‍ പ്രാണികളെ ഉപയോഗിക്കുന്നതു വഴി മറ്റു പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയുണ്ടാകുന്നില്ല. തെങ്ങിന്റെ പരാഗണം നടത്തുന്നത് തേനീച്ചകളും മറ്റു പ്രാണികളുമായതിനാല്‍ കീടനാശിനി പ്രയോഗം അവയുടെ നാശത്തിന് വഴിതെളിയിക്കുകയും വിളവിനെ പ്രതികൂലമായി ബാധിക്കുകയും ചെയ്യാനിടയുണ്ട്. അതിനാല്‍ തെങ്ങുപോലെയുളള തോട്ടവിളകളില്‍ ജൈവ നിയന്ത്രണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, പ്രാദേശിക സ്റ്റേഷന്‍, കൃഷ്ണപുരം കായംകുളം- 690533


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox