വീട്ടുമുറ്റത്ത് എന്നും ഇളനീരുപോലുള്ള തെളിനീര് ചുരത്തുന്ന കിണര്‍ ഒരു ശരാശരി മലയാളിയുടെ മനോജ്ഞ സങ്കല്പമാണ്. അതുകൊണ്ടാണല്ലോ വീടിന് സ്ഥലം വാങ്ങുമ്പോള്‍ ജലലഭ്യതയുള്ള സ്ഥലം തന്നെ തെരഞ്ഞെടുക്കുന്നത്. എന്നാല്‍ മോഹിച്ചുണ്ടാക്കിയ കിണര്‍ ഡിസംബറോടെ വെള്ളം കുറഞ്ഞ് വറ്റി മെയ് അവസാനം വരെ വെറുമൊരു കാഴ്ചവസ്തുവായാലോ? ആലോചിക്കാനേ വയ്യ. എന്നാല്‍ കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇത് സംഭവിച്ചിരിക്കുന്നു. ഓരോ വര്‍ഷവും വറ്റുന്ന കിണറുകളുടെ എണ്ണം കൂടുന്നു!
എന്നു മുതലാണ് നമ്മുടെ കിണറുകള്‍ വറ്റാന്‍ തുടങ്ങിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? കിണറിനു ചുറ്റും സിമന്റിടുകയും വെള്ളം കോരി ഉപയോഗിച്ചിരുന്നതിനുപകരം പമ്പ് വച്ച് വെള്ളം എടുക്കാന്‍ തുടങ്ങിയപ്പോഴുമാണ് കിണറുകള്‍ വറ്റാന്‍ തുടങ്ങിയത്.
നിങ്ങളുടെ കിണറ്റിലെ വെള്ളം വറ്റാതിരിക്കാന്‍ രണ്ടു കാര്യങ്ങളാണ് ചെയ്യാവുന്നത്. കിണറിനുചുറ്റിനും മുറ്റത്തും ഇട്ടിരിക്കുന്ന സിമന്റ് പൊട്ടിച്ചു കളഞ്ഞ് വെള്ളം ഇറങ്ങുംവിധമുള്ള നിര്‍മിതികളാക്കുക; കിണര്‍ റീചാര്‍ജ് ചെയ്യുക. എടുത്താലും എടുത്താലും തീരാത്തതാണ് കിണറിലെ വെള്ളമെന്ന അബദ്ധ ധാരണ തിരുത്താന്‍ തയാറായില്ലെങ്കില്‍ വവറ്റുന്ന കിണറുകള്‍ മലയാളിക്ക് ഒരു പേടിസ്വപ്നമായിതന്നെ തീരും.
ഏറ്റവും ലളിതവും ഫലപ്രദവുമായ മാര്‍ഗം കിണര്‍ റീചാര്‍ജിങ് അഥവ കിണറിന്റെ ദാഹമകറ്റല്‍ (കിണറിന് കുടിനീര് നല്‍കല്‍) തന്നെ. മേല്‍ക്കൂരയില്‍ നിന്ന് നഷ്ടപ്പെട്ടുപോകുന്ന മഴവെള്ളത്തെ കിണറിലെത്തിക്കുന്ന രീതിയാണിത്.
കേരളത്തില്‍ ഒരു വര്‍ഷം ശരാശരി 3000 മില്ലിലിറ്റര്‍ (മൂന്നു മീറ്റര്‍) മഴ ലഭിക്കുന്നു. ഒരു സെന്റ് സ്ഥലത്ത് (40 ച.മീ) ഒരു വര്‍ഷം 1,20,000 ലിറ്റര്‍ വെള്ളമാണ് മഴയായി പെയ്‌തൊഴിയുന്നത്. (40ഃ3 = 120 ഘനമീറ്റര്‍) ഒരേക്കറില്‍ 1,20,00,000 ലക്ഷെ ഹെക്ടറില്‍ മൂന്നു കോടി ലിറ്റര്‍. ഇതില്‍ ഭൂരിഭാഗവും ഉപരിതലത്തിലൂടെ ഒഴുകി നഷ്ടമാകുന്നു. ഇതിന്റെ വളരെ ചെറിയ ഒരു ശതമാനം ഭൂമിയില്‍ പതിക്കാതെ ശുദ്ധമായ രൂപത്തില്‍ ശേഖരിച്ചാല്‍ തന്നെ ഒരു കുടുംബത്തിന് വര്‍ഷം മുഴുവന്‍ ആവശ്യമായ കുടിവെള്ളം ലഭിക്കും.
ഒരു തുണ്ട് ഭൂമിയിലോ ഒരു വീടിന്റെ മേല്‍ക്കൂരയിലോ പതിക്കുന്ന മഴവെള്ളത്തിന് നമ്മുടെ ആവശ്യം പരിഗരിക്കാനുള്ള വമ്പിച്ച സാധ്യത, മഴയുടെ സ്ഥിതിവിവര കണക്കുകളുപയോഗിച്ച് കണ്ടുപിടിക്കാം. ഒരു വീടിന് ശരാശരി 50 ച.മീ. മേല്‍ക്കൂരപ്പരപ്പ് ഉണ്ടെന്നും ഒരു വര്‍ഷത്തെ ശരാശരി മഴലഭ്യത 3000 മീ.മീറ്റര്‍ ആണെന്നും കരുതുക. ഇതില്‍ നിന്ന് ആവിയായോ ചോര്‍ന്നോ വെള്ളം നഷ്ടപ്പെടുന്നില്ല എങ്കില്‍ ഇവിടെ നിന്ന് ഒരു വര്‍ഷം മൂന്നു മീറ്റര്‍ (1,50,000 ലിറ്റര്‍) ഉയരം വരുന്ന ജലം കിട്ടും. അഞ്ച് അംഗങ്ങളുള്ള വീട്ടില്‍ ആളൊന്നിന് പ്രതിദിനം 60 ലിറ്റര്‍ വീതം വര്‍ഷം മുഴുവന്‍ ഉപയോഗിച്ചാല്‍ അഥിന് 109500 ലിറ്റര്‍ വെള്ളം മതി. ഈ കണക്കു പ്രകാരം 40,500 ലിറ്റര്‍ ജലം ബാക്കിയാണ്. ഇത് വളരെ ചെറിയ ഒരു വീടിന്റെ കഥ. അപ്പോള്‍ കേരളത്തിലെ കെട്ടിടങ്ങളില്‍ മുഴുവന്‍ റീച്ചാര്‍ജിങ് ഏര്‍പ്പെടുത്തിയാല്‍ എന്താകുമവസ്ഥയെന്ന് ആലോചിച്ചുനോക്കൂ.
വേനലില്‍ ഭൂഗര്‍ഭജലവിതാനം താഴുന്ന കിണറുകളില്‍ മേല്‍ക്കൂരയില്‍ നിന്നുള്ള മഴ വെള്ളം കടത്തിവിട്ടാല്‍ തന്നെ ജലവിതാനം ഒരു പരിധിവരെ ഉയര്‍ത്താം. ഇത് എല്ലാവര്‍ഷവും ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കിണര്‍ വറ്റുകയില്ല.
റീച്ചാര്‍ജിങ് രണ്ടുവിധം
കിണറില്‍നിന്ന് മൂന്നു മീറ്ററോ അഞ്ചു മീറ്ററോ അകലത്തില്‍ ഒരു മീറ്റര്‍ ചുറ്റളവിലും ഒരു മീറ്റര്‍ താഴ്ചയിലും ഒരു കുഴി കുത്തുക. ഇതില്‍ ചകിരി കമഴ്ത്തി തൊണ്ട് അടുക്കി വയ്ക്കുക. ചുറ്റും ഒരടി ഉയരത്തില്‍ കല്ല് അല്ലെങ്കില്‍ ഓട് വച്ച് മുകളില്‍ കൊതുകുവലയിടുക. ഇതിലേക്ക് മേല്‍ക്കൂരയില്‍ നിന്നുള്ള പൈപ്പ് ഘടിപ്പിക്കാം. ഇതുവഴി ഒരിക്കലും വെള്ളം പാഴായിപ്പോകില്ല. മാത്രമല്ല അത്രയും വെള്ളം ഭൂമിയിലേക്ക് താഴുക വഴി കിണറിലെ ജലനിരപ്പ് ഉയരാനും കൂടുതല്‍ നീരുറവകള്‍ ഉണ്ടാകാനും സഹായിക്കും.
രണ്ടാമത്തെ രീതിയില്‍ മേല്‍ക്കൂരയില്‍ വീഴുന്ന വെള്ളം പൈപ്പ് വഴി ശേഖരിച്ച് കിണറിനടുത്തുള്ള അരിപ്പ ടാങ്കിലേക്ക് എത്തിച്ച് അരിച്ച് ശുദ്ധമായ ജലം കിണറിലേക്ക് നല്‍കുകയാണ്. ഇതിന് ഏകദേശം 300 ലിറ്റര്‍ കൊള്ളുന്ന ടാങ്ക് വേണം. ഇത് സ്റ്റീലോ ഫൈബറോ അലുമിനിയമോ കൊണ്ടാകാം. ഇതില്‍ ഏറ്റവും അടിയില്‍ മധ്യഭാഗത്ത് 3/4 ഇഞ്ചിന്റെ മെറ്റല്‍ ഇടണം. ഇതിന് മുമ്പ് ടാങ്കില്‍ നിന്ന് കിണറ്റിലേക്കുള്ള പൈപ്പ് മൂന്നോ നാലോ ഇരുമ്പിന്റെത് ഒരു വലവച്ച് അടച്ചത് ഇതില്‍ ഉറപ്പിക്കണം. മെറ്റലിനുമുകളില്‍ 20 ശതമാനം സ്ഥലത്ത് പരുക്കന്‍ മണല്‍ നന്നായി കഴുകി വൃത്തിയാക്കിയതും അതിന് മുകളില്‍ 20 ശതമാനം സ്ഥലത്ത് ചിരട്ടക്കരിയും അടുക്കുകളായി നിരത്തുക. ഇതിന് മുകളില്‍ വീണ്ടും 10 ശതമാനം സ്ഥലത്ത് മണലും 10 ശതമാനം സ്ഥലത്ത് മെറ്റലും നിറക്കുക.
ഇങ്ങനെ അഞ്ചു പാളികളായി തയാറാക്കുക. ഇതിന് മുകളില്‍ 30 ശതമാനം വരെ സ്ഥലം ഒഴിഞ്ഞു കിടക്കണം. ഇങ്ങനെ പുരപ്പുറത്തെ മഴവെള്ളം പാത്തികളില്‍ സംഭരിച്ച് പൈപ്പുവഴി ഇറങ്ങി ഈ അരിപ്പയിലൂടെ അരിച്ച് പൈപ്പിലൂടെ കിണറിലേക്ക് റീച്ചാര്‍ജ് ചെയ്യാം. പുരപ്പുറത്തുനിന്ന് ആദ്യ മഴയ്ക്ക് വരുന്ന പൊടിപടലങ്ങള്‍ അടങ്ങിയ ജലം കളയുന്നതിനായി പൈപ്പിന്റെ ഏറ്റവും അടിഭാഗത്ത് ഫ്‌ളഷ് വാല്‍വ് വയ്ക്കാം. ഇതിലൂടെ ആദ്യത്തെ വെള്ളം ഒഴുക്കിക്കളയാം. ഇങ്ങനെ ലക്ഷക്കണക്കിന് ലിറ്റര്‍ മഴവെള്ളം കിണറ്റില്‍ സംഭരിക്കാന്‍ കഴിയും. ജൂണ്‍-ജൂലൈ മാസം കിണര്‍ നിറഞ്ഞൊഴുകണമെങ്കില്‍ ഈ വെള്ളം തൈഴത്തെ കണ്‍ട്രോള്‍ സിസ്റ്റം തുറന്ന് മണ്ണിലേക്ക് നേരിട്ട് ഒഴുക്കുകയും ചെയ്യാം.
ഇതുവഴി ശുദ്ധമായ മഴവെള്ളം കിണറിലെത്തിച്ച് കിണറിലെ ജലനിരപ്പുയര്‍ത്താനും വേനല്‍ വറ്റാത്ത കിണറുകള്‍ യാഥാര്‍ഥ്യമാക്കാനും കഴിയും. നഗരപ്രദേശങ്ങളില്‍ ഇതുവഴി അമൂല്യമായ ജലത്തിന്റെ നഷ്ടം തടയാനും വെള്ളപ്പൊക്കം ഒഴിവാക്കാനും സാധിക്കും. ഫില്‍റ്റര്‍ ടാങ്ക്, പൈപ്പ്, പാത്തികള്‍, ബന്ധിപ്പിക്കുന്ന പൈപ്പുകള്‍, അരിപ്പ സംവിധാനം എന്നിവയ്ക്കുള്ള ചെലവ് മാത്രമേ വരുന്നുള്ളൂ. ഇപ്പോള്‍ മിക്കവാറും എല്ലാ പഞ്ചായത്തുകളിലും ഹരിതകേരളം, ജനകീയാസൂത്രണം എന്നിവയുടെ ഭാഗമായി ഏകദേശം 80-90 ശതമാനം വരെ ധനസഹായം നല്‍കിക്കൊണ്ട് കിണര്‍ റീചാര്‍ജിങ്ങിനുള്ള പദ്ധതി നടപ്പിലാക്കിവരുന്നു.
മഴ പ്രകൃതിയുടെ വരദാനമെന്ന് തിരിച്ചറിഞ്ഞ് പെയ്‌തൊഴിയുന്ന മഴമേഘങ്ങളെ നമ്മുടെ കിണര്‍ നിറയ്ക്കാന്‍ ഉപയോഗിക്കാം. പെയ്തു തീരുന്ന മഴകള്‍ നീരുറവകളെന്ന് തിരിച്ചറിയുക. ഇത്തരത്തില്‍ ശാസ്ത്രീയമായി കിണര്‍ റീച്ചാര്‍ജ് ചെയ്യുകയാണെങ്കില്‍ മുറ്റത്തെ വറ്റാത്ത കിണറെന്ന നിങ്ങളുടെ സ്വപ്നം പൂവണിയുമെന്നതിന് സംശയം വേണ്ട.വറ്റുന്ന കിണറുകളുടെ രോദനം കേള്‍ക്കാം... വറ്റാത്ത കിണറുകള്‍ക്കായി റീചാര്‍ജിങ് ചെയ്യാം കിണറില്‍ നിന്ന് വെള്ളമെടുത്താല്‍ മാത്രം പോര അതിന് തിരികെ കിണറ്റിലേക്ക് നല്‍കുകയം വേണമെന്നതാണ് യഥാര്‍ഥ ജലസാക്ഷരതയുടെ ആദ്യ പാഠം. വിവിധ ഏജന്‍സികള്‍ ഇന്ന് കിണര്‍ റീച്ചാര്‍ജിങ് ചെയ്തുകൊടുക്കുന്നുണ്ട്. തൃശൂര്‍ ജില്ലയിലെ മഴപ്പൊലിമ ഇതിന് ഉത്തമോദാഹരണമാണ്. കിണറിന്റെ പ്ലാറ്റ് ഫോമിന് അഞ്ചു മീറ്റര്‍ അകലത്തില്‍ അഞ്ചു മുതല്‍ പത്തു വരെ മഴക്കുഴികള്‍ നിര്‍മിക്കുന്ന രീതിയും കിണര്‍ റീ ചാര്‍ജിങ്ങിന് ചെയ്യാം. കിണറിന് ചുറ്റുമുള്ള കോണ്‍ക്രീറ്റ് വളരെ അടിയന്തരമായി മാറ്റണം.
എന്താ നിങ്ങളും കിണര്‍ റീച്ചാര്‍ജിങ്ങിനൊരുങ്ങുകയല്ലേ?
കിണര്‍ റീച്ചാര്‍ജിങ്ങിന് ഇവരെ സമീപിക്കാം
1. ജലനിധി ഓഫീസുകള്‍
2. ഐ.ആര്‍.ടി.സി. മുണ്ടൂര്‍, പാലക്കാട്
3. സി.ഡബ്ല്യൂ.ആര്‍.ഡി.എം. കോഴിക്കോട്
4. ഹരിതകേരളം
5. ശുചിത്വമിഷന്‍
6. കോസ്റ്റ് ഫുഡ്, തൃശൂര്‍
7. മലനാട് വികസന സമിതി, കാഞ്ഞിരപ്പള്ളി
8. പീരുമേട് വികസന സമിതി
9. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി
10. കോട്ടപ്പുറം ഇന്റഗ്രേറ്റ് ഡവലപ്‌മെന്റ് സൊസൈറ്റി, കൊടുങ്ങല്ലൂര്‍
11. മൈത്രി, എരിമയ്യൂര്‍ പി.ഒ., പാലക്കാട്
12. എന്‍.ജി.ഒ. (search in net)
13. മഴപ്പൊലിമ, തൃശൂര്‍ 0487 2363616
14. വര്‍ഷ - റെയ്ന്‍ വാട്ടര്‍ ഹാര്‍വെസ്റ്റിംഗ് സ്‌കീം... - അന്ധ്യോദയ
15. പഞ്ചായത്തുകള്‍, പദ്ധതികള്‍, തൊഴിലുറപ്പ്, കുടുംബശ്രീകള്‍
16. ജലസുഭിക്ഷ പദ്ധതി 2016
ശ്രീലേഖ പുതുമന, കൃഷി ആഫീസര്‍, എടയൂര്‍, മലപ്പുറം
Share your comments