സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് മുതൽകൂട്ടാകുന്ന 'Edwin Agrocart' എന്ന യന്ത്രം വികസിപ്പിച്ച് കൊച്ചെറ സ്വദേശി മനു ജോസഫ്. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ഡിപ്ലോമ പൂർത്തിയാക്കിയ മനു ലോക്ക്ഡൗൺ കാലത്താണ് ഈ യന്ത്രം വികസിപ്പിച്ചത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ബഹ്‌റൈനിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു മനു.
ചെറുകിട കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് മണ്ണും വളവുമെല്ലാം ചെടികളുടെ ചുവട്ടിൽ ചുമന്നെത്തിക്കുക എന്നത്. വളം വാങ്ങിയ വിലയുടെ മൂന്നിരട്ടി ചിലവാക്കിയാണ് തോട്ടങ്ങളിൽ അവ എത്തിക്കുന്നത്. കാശ് മുടക്കി ചുമട്ടുതൊഴിലാളികളെ വിളിക്കാമെന്ന് കരുതിയാലോ? ആളെ കിട്ടാനുമില്ല... ഈ സാഹചര്യത്തിലാണ് മനുവിന്റെ യന്ത്രം കർഷകർക്ക് സഹായകമാകുന്നത്.
ചെറു തോട്ടങ്ങളിൽ 250 കിലോയോളം ഭാരം വഹിക്കാണ് സഹായിക്കുന്നതാണ് ഈ യന്ത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഹൈ പ്രഷർ പമ്പ് ഘടിപ്പിച്ചിരിക്കുന്നതിനാൽ തോട്ടങ്ങളിൽ മരുന്നടിക്കാനു൦ ഇത് സഹായിക്കുന്നു. ആറ് മാസം സമയമെടുത്താണ് മനു മെഷീൻ വികസിപ്പിച്ചത്. മൂന്നടി വീതിയുള്ള ഏത് വഴിയിലൂടെയും ഈ യന്ത്രം ചലിപ്പിക്കാനാകും. കൃഷിയിടത്തിൽ എവിടെയും മെഷീൻ എത്തിക്കാൻ കർഷകർക്ക് തന്നെ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
ക്ലച്ച്, ഗിയർ, ബ്രേക്ക് തുടങ്ങി ഒരു വാഹനത്തിനു ആവശ്യമായ എല്ലാ ഘടകങ്ങളും ഈ യന്ത്രത്തിനുണ്ട്. അതുകൊണ്ട് തന്നെ കയറ്റവും ഇറക്കവും ഒന്നും ഈ യന്ത്രത്തിന് പ്രശ്‌നമല്ല. എന്നാൽ, കയറ്റവും ഇറക്കവുമുള്ള പ്രതലങ്ങളിൽ 100-150 കിലോ ഭാരം വരെ മാത്രമേ ഈ യന്ത്രം വഹിക്കൂ. ഏകദേശം 65,000 രൂപയാണ് ഈ മെഷീൻ തയാറാക്കാൻ ചിലവായത്. പെട്രോൾ എഞ്ചിനിൽ പ്രവർത്തിക്കുന്ന ഈ മെഷീൻ ഒരു ലിറ്റർ പെട്രോളിൽ രണ്ടര മണിക്കൂർ വരെ പ്രവർത്തിക്കും.
രാത്രി സമയങ്ങളിൽ ഉപയോഗിക്കാൻ ലൈറ്റ് സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫുള്ളി ഓട്ടോമാറ്റിക് സംവിധാനത്തിലും Mannual സംവിധാനത്തിലും ഈ യന്ത്രം തയാറാക്കുന്നുണ്ട്. പേറ്റന്റ് രജിസ്റ്റർ ചെയ്ത ഈ യന്ത്രം അടുത്ത വർഷം ജനുവരി മുതൽ വ്യാവസായിക തലത്തിൽ നിർമ്മിക്കാനാണ് ഇപ്പോൾ മനുവിന്റെ ശ്രമം. ഈ മെഷീനെ കുറിച്ച് അറിഞ്ഞു നിരവധി കർഷകരാണ് മെഷീൻ വേണമെന്ന ആവശ്യവുമായി മനുവിനെ സമീപിച്ചത്.
Manu Joseph, a native of Kochera, has developed a machine called 'Edwin Agrocart' which contributes to the agricultural sector in the state.
Share your comments