കശുമാവ് പൊതുവെ എല്ലായിടത്തും വളരുമെങ്കിലും വെള്ളക്കെട്ടുള്ളതും, ക്ഷാരാംശം കൂടുതലുള്ളതുമായ സ്ഥലങ്ങള്‍ ഇതിന് യോജിച്ചതല്ല.മഴക്കാലം തുടങ്ങുന്നതോടെ നടേണ്ട സ്ഥലം തയാറാക്കണം. പതിവെച്ച തൈകളോ ഒട്ടുതൈകളോ നടുന്നതിന് ഉപയോഗിക്കാമെങ്കിലും ഒട്ടുതൈകളാണ് കൂടുതല്‍ നല്ലത്. അര മീറ്റര്‍ ആഴവും വീതിയും ഉയരവുമുള്ള കുഴികളില്‍ 10 കി.ഗ്രാം ചാണകം/കമ്പോസ്റ്റ് മേല്‍മണ്ണും ചേര്‍ത്തു നിറച്ചശേഷം ഇടവപ്പാതിയോടുകൂടി തൈകള്‍ നടാം.
ഒട്ടുതൈകള്‍ നടുമ്പോള്‍ ഒട്ടിച്ചഭാഗം തറനിരപ്പിന് അര വിരല്‍ മുകളിലെങ്കിലുമായിരിക്കാന്‍ ശ്രദ്ധിക്കണം. ഫലപുഷ്ടിയുള്ള ആഴമുള്ള മണ്ണിലും സമുദ്രതീരങ്ങളിലുള്ള മണല്‍ മണ്ണിലും, തൈകള്‍ തമ്മിലും നിരകള്‍ തമ്മിലും 10 മീറ്റര്‍ അകലം വരുന്ന വിധത്തില്‍ ഏക്കറില്‍ 40 തൈകള്‍ നടാവുന്നതാണ്. ചരിഞ്ഞ ഭൂമിയില്‍ നിരകള്‍ തമ്മില്‍ 10 മുതല്‍ 15 മീറ്റര്‍ വരെയും, ചെടികള്‍ തമ്മില്‍ 6 മുതല്‍ 8 മീറ്റര്‍ വരെ അകലം വരുന്ന രീതിയില്‍ ഏക്കറില്‍ 33 മുതല്‍ 66 തൈകള്‍ വരെ നടാം.
രണ്ടു തവണയായി, ജൂണ്‍-ജൂലൈയിലും (ഇടവപ്പാതി), സെപ്റ്റംബര്‍-ഒക്ടോബറിലും (തുലാവര്‍ഷം), ചെടികള്‍ക്ക് വളപ്രയോഗം നൽകാം. ആഗസ്റ്റ് മാസമാണ് കളനിയന്ത്രണത്തിന് അനുയോജ്യം. 160 ഗ്രാം പാരാക്വാറ്റ്, 400 ഗ്രാം, 2,4 ഡി എന്നിവയാണ് ഒരേക്കറിലെ കള നിയന്ത്രണത്തിനു വേണ്ടിവരുന്ന കളനാശിനികള്‍.
കശുമാവിൻ ബാധിക്കുന്ന പ്രധാന രോഗം ഡൈബാക്ക് അഥവാ പിങ്ക് രോഗം എന്ന കുമിള്‍രോഗമാണ് . മഴക്കാലത്ത് ശിഖരങ്ങളില്‍ വെള്ളപ്പാടുകള്‍ വീണ് ഉണങ്ങുന്നതാണ് ലക്ഷണം. ഉണങ്ങിയ ശിഖരങ്ങള്‍ ഉണങ്ങിയിടത്തുവെച്ച് മുറിച്ചുമാറ്റി മുറിവില്‍ ബോര്‍ഡോക്കുഴമ്പോ, ബ്ലളിറ്റോക്‌സ് കുഴമ്പോ പുരട്ടുന്നതാണ് പ്രതിവിധി. ചെന്നീരൊലിപ്പ് കാണുന്നുണ്ടെങ്കില്‍ ആ ഭാഗം ചുരണ്ടിമാറ്റി ടാര്‍ പുരട്ടണം. ശ്രദ്ധയോടെ പരിപാലിച്ചാൽ കശുമാവിനോളം ലാഭം നേടിത്തരുന്ന വിളകൾ കുറവാണ്.
Share your comments