 
            കേരളത്തിലെ ഒരു മുഖ്യ തോട്ടവിളയാണ് കശുമാവ്. കേരളത്തില്‍ 48972 ഹെക്ടര്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നു. ഇതില്‍ നിന്ന് പ്രതിവര്‍ഷം 36450 ടണ്‍ കശുവണ്ടി ലഭിക്കുന്നുണ്ട്. ഇതോടൊപ്പം എട്ടിരട്ടിയോളം കശുമാങ്ങയും ലഭിക്കുന്നുണ്ട്. എന്നാല്‍ കശുമാങ്ങ ഏതാണ്ട് മുഴുവനും ഇന്ന് പാഴാക്കിക്കളയുകയാണ് ചെയ്യുന്നത്.
പച്ചക്കറികളുടെ വില കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്നു. വിഷലിപ്തമായ പച്ചക്കറികള്‍ ലോഡ് കണക്കിന് അതിര്‍ത്തി കടന്നു ഇപ്പോഴും വന്നു കൊണ്ടിരിക്കുന്നു. വലിയ വില കൊടുത്തു നമ്മള്‍ വിഷമുള്ള പച്ചക്കറികള്‍ ഉപയോഗിക്കേണ്ട ഗതികേടാണ് പലപ്പോഴും. പച്ചക്കറികളിലെ വിഷാംശം നീക്കുന്നതിനെപ്പറ്റി വലിയ പരസ്യങ്ങള്‍ പത്രത്തില്‍ കൊടുത്തു സര്‍ക്കാര്‍ അവരുടെ ചുമതലയില്‍ നിന്നും കൈ കഴുകുന്ന കാഴ്ചയും നമ്മള്‍ കാണുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിഷമുള്ള പച്ചക്കറികളും ഫലങ്ങളും നമ്മുടെ സംസ്ഥാനത്ത് എത്തുന്നത് നിയന്ത്രിക്കാന്‍ ഫലപ്രദമായ ഒരു നടപടികളും സര്‍ക്കാര്‍ എടുത്തു കാണുന്നില്ല.
 
            ഫേസ് ബുക്കിലെ കൃഷി ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി വിഷമില്ലാത്ത , ജൈവ രീതിയില്‍ വളര്‍ത്തുന്ന പച്ചക്കറികള്‍ സ്വന്തം വീടുകളില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുവാന്‍
അംഗങ്ങക്കിടയില്‍ നടത്തുന്ന അവബോധനവും വിഷമില്ലാത്ത പച്ചക്കറി ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നടത്തുന്ന പരിശ്രമങ്ങളും ഈ അവസരത്തില്‍ എടുത്തു പറയേണ്ടതാണ്.
വിഷമില്ലാത്ത പച്ചക്കറികള്‍ നമ്മുടെ വീടുകളില്‍ തന്നെ നട്ട് വളര്‍ത്തുന്നതിനോടൊപ്പം രണ്ടു മൂന്നു കശുമാവുകള്‍ കൂടി നട്ടു പിടിപ്പിച്ചാല്‍ കറികള്‍ ഉണ്ടാക്കുന്ന കാര്യത്തില്‍ നമുക്ക് ആരെയും ആശ്രയിക്കേണ്ടി വരില്ല. രുചികരവും പോഷകഗുണവുമുള്ള വിവിധ തര൦ വിഭവങ്ങള്‍ കശുമാങ്ങ കൊണ്ട് നമുക്ക് ഉണ്ടാക്കാം എന്നത് പലര്‍ക്കും ഒരു പക്ഷെ പുതിയ അറിവ് ആയിരിക്കും .
കൂടാതെ കശുമാങ്ങ ഒരു ഹൃദയ സംരക്ഷക ഫലമാണ്. ഇതില്‍ ഉയര്‍ന്ന അളവില്‍ ജീവകം സി അടങ്ങിയിരിക്കുന്നു. കൂടാതെ ധാതുലവണങ്ങളും നിരോക്‌സീകാരികളും ഉണ്ട്. ഇതിനുപുറമെ ഇത് നല്ലൊരു ഔഷധം കൂടിയാണ്. രക്തത്തിലെ കൊളസ്‌ട്രോള്‍, ഗ്ലൂക്കോസ്, അമിതവണ്ണം എന്നിവയെ നിയന്ത്രിക്കാന്‍ ഉത്തമമാണ്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുവാനും രക്തപോഷണത്തിനും രക്തപ്രസാദം വര്‍ദ്ധിപ്പിക്കുവാനും വളരെ ഉത്തമമാണെന്നും സ്‌ത്രൈണ രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമാണെന്നും ആയുര്‍വേദ ആചാര്യന്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.
കശുമാങ്ങയുടെ ചവര്‍പ്പ് ആണ് പലപ്പോഴം കറികള്‍ ഉണ്ടാക്കുന്നതില്‍ നമുക്ക് വിമുഖത ഉണ്ടാക്കുന്നത് .കശുമാങ്ങ ചവര്‍പ്പുമാറ്റാന്‍ പച്ച കശുമാങ്ങ പറിച്ചെടുത്ത് ഞെട്ട് മാറ്റി പിളര്‍ന്ന് കഞ്ഞിവെള്ളത്തില്‍ മുക്കിവെയ്ക്കുക. രണ്ട് മണിക്കൂര്‍ കഴിഞ്ഞാല്‍ കഷണങ്ങള്‍ കഴുകി കറികള്‍ ഉണ്ടാക്കാം.
 
            നന്നായി മൂത്ത പച്ച കശുമാങ്ങ ഉപയോഗിച്ച് വിവിധതരം കറികള്‍ തയ്യാറാക്കാം. പത്ത് കശുമാങ്ങയുണ്ടെങ്കില്‍ ഒരു കുടുംബത്തിന് ആവശ്യമായ കറികള്‍ ഉണ്ടാക്കാം.
കശുമാങ്ങ കൊണ്ട് സ്വാദിഷ്ടമായ മസാലക്കറി, പച്ചടി, അവിയല്‍, മെഴുക്കുപുരട്ടി എന്നിവയ്ക്കുപുറമെ രുചികരമായ പ്രഥമനും തയ്യാറാക്കാം.
കശുമാങ്ങ കൊണ്ട് ഉണ്ടാക്കിയ രുചികരമായ ചില വിഭവങ്ങളുടെ പാചക രീതി താഴെ കൊടുക്കുന്നു.ഈ വിഭവങ്ങള്‍ ഒരിക്കല്‍ ഉണ്ടാക്കി കഴിച്ചാല്‍നിങ്ങള്‍ ഒരിക്കലും കശുവണ്ടി എടുത്തതിനു ശേഷം കശുമാങ്ങ പറമ്പിലേക്ക് എറിഞ്ഞു കളയില്ല എന്ന് തീര്‍ച്ചയാണ്.
1.കശുമാങ്ങ അവിയല്‍
ചേരുവകള്‍:
സംസ്‌കരിച്ചെടുത്ത കശുമാങ്ങ 200 ഗ്രാം
ചക്കച്ചുള അരിഞ്ഞത് 100 ഗ്രാം
പച്ചമാങ്ങ കഷണങ്ങളാക്കിയത് 1 എണ്ണം
പച്ചമുളക് മുറിച്ചത് 3 എണ്ണം
തേങ്ങപീര 80 ഗ്രാം.
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
വെളുത്തുള്ളി 2 അല്ലി
ജീരകം 1 നുള്ള്
പച്ചക്കുരുമുളക് 4-5 കുരു
വെളിച്ചെണ്ണ ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് പാകത്തിന്
പാചകവിധി:
അല്പം എണ്ണ ചൂടാക്കി ചക്കച്ചുളയും കശുമാങ്ങയും ഉപ്പും പച്ചമുളകും ചേര്‍ത്ത് ഇളക്കി അല്പം വെള്ളം തളിച്ച് ചെറുതീയില്‍ വേവിക്കുക. ഇതിലേക്ക് പച്ചമാങ്ങ കഷണങ്ങളാക്കിയത്, മഞ്ഞള്‍പ്പൊടി ചേരുവകളും ചേര്‍ത്തിളക്കണം. വെന്തു വരുമ്പോള്‍ തേങ്ങപീര, വെളുത്തുള്ളി, ജീരകം, പച്ചക്കുരുമുളക് ചേരുവകള്‍ കൂട്ടി ചതച്ച് ചേര്‍ത്തിളക്കണം. പാകമാകുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം. ഒരു കഷണം പാവയ്ക്ക ആവശ്യമെങ്കില്‍ കഷണങ്ങള്‍ക്കൊപ്പം ചേര്‍ത്ത് വേവിക്കാം.
2.കശുമാങ്ങ തീയല്‍
ചേരുവകള്‍:
സംസ്‌കരിച്ചെടുത്ത കശുമാങ്ങ 200 ഗ്രാം (അഞ്ച് എണ്ണം)
ചെറിയ ഉള്ളി അരിഞ്ഞത് 50 ഗ്രാം
കശുവണ്ടി (പച്ച) 50 ഗ്രാം
മുളകുപൊടി ഒന്നര ടീസ്പൂണ്‍
മല്ലിപ്പൊടി 2 ടീസ്പൂണ്‍
ജീരകം കാല്‍ ടീസ്പൂണ്‍
തേങ്ങപീര 100 ഗ്രാം
പുളി(പാകത്തിന്) 10 ഗ്രാം
മഞ്ഞള്‍പ്പൊടി കാല്‍ ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
കടുക് 1 ടീസ്പൂണ്‍
എണ്ണ 4 ടീസ്പൂണ്‍
കറിവേപ്പില 1 തണ്ട്
പാചകവിധി:
എണ്ണ പകുതിയെടുത്ത് ചൂടാക്കി സംസ്‌കരിച്ചെടുത്ത കശുമാങ്ങ, ചെറിയ ഉള്ളി അരിഞ്ഞത്, കശുവണ്ടി (പച്ച) ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് പാകത്തിന് പുളി, മഞ്ഞള്‍പ്പൊടി, ഉപ്പ് ചേര്‍ത്ത് വെള്ളം ഒഴിച്ച് വേവിക്കുക. മുളകുപൊടി, മല്ലിപ്പൊടി, ജീരകം, തേങ്ങപീര നല്ലപോലെ വറുത്ത് വെള്ളം തൊടാതെ അരച്ചെടുക്കുക. ഈ കൂട്ട് കറിയിലേയ്ക്ക് ചേര്‍ത്ത് ഇളക്കി പാകമാക്കുക. കടുക്, കറിവേപ്പില ശേഷിച്ച എണ്ണ ചൂടാക്കി താളിച്ച് ചേര്‍ത്ത് ഉപയോഗിക്കുക.
 
            
3.കശുമാങ്ങ പായസം
ചേരുവകള്‍:
കശുമാങ്ങ 500 ഗ്രാം
തേങ്ങാപാല്‍ 4 ഗ്ലാസ്
ചൗവ്വരി 30 ഗ്രാം
ശര്‍ക്കര 400 ഗ്രാം
പഞ്ചസാര 200 ഗ്രാം
നെയ്യ് 50 ഗ്രാം
ഏലക്ക 3 എണ്ണം
കശുവണ്ടി 25 ഗ്രാം
ഉണക്കമുന്തിരി 25 ഗ്രാം
തേങ്ങാകൊത്ത് 20 ഗ്രാം
പാചകവിധി:
1. കശുമാങ്ങ അരച്ചെടുക്കുക.
2. ശര്‍ക്കര അലിയിച്ച് അരിച്ചെടുക്കുക.
3. ചൗവ്വരി വേവിച്ചെടുക്കുക.
4. ശര്‍ക്കര പാനിയില്‍ കശുമാങ്ങയും ചൗവ്വരിയും ഏലക്കയുമിട്ട് തിളപ്പിക്കുക.
5. തേങ്ങാപ്പാല്‍ ഒഴിക്കുക
6. പായസം കുറുകി വരുമ്പോള്‍ ബാക്കി ചേരുവകള്‍ നെയ്യില്‍ വറുത്ത് ചേര്‍ക്കുക.
7. ചൂടുപോകാതെ ഉപയോഗിക്കുക.
8. പഞ്ചസാര ആവശ്യമെങ്കില്‍ ചേര്‍ക്കുക.
(കടപ്പാട്: ഡോ.സി.നിര്‍മ്മല, ഡോ.എം.ഗോവിന്ദന്‍
ഫാം ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ , കൃഷി വകുപ്പ് )
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കശുമാവ് കൃഷി വ്യാപന പദ്ധതി ജൂൺ അഞ്ചിന് തുടങ്ങും
#Cashew#Farm#Agriculture#Krishi
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments