ഗ്രാമ്പൂവിനെക്കുറിച്ചു ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല. പുരാതനകാലം മുതല്‍ക്കേ നമ്മൾ ഉപയോഗിച്ചുവരുന്ന അമൂല്യവുമായ സുഗന്ധവ്യഞ്ജനമാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ. .ഇന്ത്യയില്‍ പലയിടങ്ങളിലും പ്രത്യേകിച്ച് കേരളത്തില്‍ , ശ്രീലങ്ക, ഇന്തോനേഷ്യ, മഡഗാസ്കര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു. രൂപഭേദം വരുത്താതെ ഉണക്കിയെടുക്കുന്ന പൂമൊട്ടാണ് ഗ്രാമ്പൂ. പുരാതന കാലം മുതല്‍ക്കേ തന്നെ കരയാമ്പൂ സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു.
വീട്ടുകൃഷിത്തോട്ടത്തിലും തെങ്ങിന്‍തോപ്പിലുമെല്ലാം കവുങ്ങിൻതോപ്പിലും ആദായകരമായി വളര്‍ത്താവുന്ന സുഗന്ധവിളയാണ് ഗ്രാമ്പൂ. സാധാരണയായി ഗ്രാമ്പൂ കൃഷി ചെയ്യുന്നത് വിത്തുപാകി മുളപ്പിച്ച തൈകൾ ഉപയോഗിച്ചാണ് . പതിനെട്ടു മാസം പ്രായമായ തൈകളാണ് നടുന്നതിനു അനുയോജ്യം . തൈകള്‍ നടാന്‍ മുന്‍കൂട്ടി കുഴികളെടുക്കണം. ചെടികള്‍ തമ്മില്‍ 25 അടി അകലവും കുഴികള്‍ക്ക് ഒന്നരയടി ചതുരവും ആഴവും വേണം. ഒരേക്കറില്‍ 80 മുതല്‍ 100 വരെ ചെടി നടാം. മേല്‍ മണ്ണിനോടൊപ്പം 10 കിലോ ചാണകപ്പൊടിയും ഓരോ കിലോ വീതം വേപ്പിന്‍ പിണ്ണാക്കും, എള്ളിന്‍പിണ്ണാക്കും എല്ലുപൊടിയും ചേര്‍ത്ത് കുഴി മൂടി മഴക്കാലം തുടങ്ങുമ്പോള്‍ നട്ട് തണലും നല്‍കണം. വര്‍ഷംതോറും ഓരോ കിലോ വീതം വേപ്പിന്‍പിണ്ണാക്കും എല്ലുപൊടിയും നല്‍കി കളമെടുക്കാം.
ചെറുശാഖകളാല്‍ അധികം പടരാതെ വളരുന്ന ഗ്രാമ്പൂ മരം 30 അടിയോളം ഉയരം വെക്കും 7 , 8 വർഷംകൊണ്ടാണ് ഗ്രാമ്പൂ പൂക്കുക . ആദ്യം 150 മുതല്‍ 300 ഗ്രാം വരെയും തുടര്‍ന്ന് വളരുംതോറും വിളവ് കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. സമതലങ്ങളിൽ സെപ്തംബര് ഒക്ടോബര് മാസങ്ങളിലും ഹൈറേഞ്ചിൽ ഡിസംബർ ജനുവരി മാസങ്ങളിലുമാണ് ഗ്രാമ്പൂ പൂക്കുക .ചെറു ചില്ലകളുടെ അഗ്രഭാഗത്ത് കൊത്തുകളായിട്ടാണ് ഇവ പൂക്കുന്നത്. ആദ്യം ഇളം പച്ച നിറത്തിലുള്ളവ. പാകമാകുമ്പോള്‍ ഞെട്ടു മുതല്‍ അഗ്രം വരെ പിങ്ക് നിറമായിത്തീരും. ഇതാണ് പറിക്കാന്‍ പറ്റിയ സമയം. മൂക്കാത്ത മൊട്ടിനും വിടര്‍ന്നവയ്ക്കും വില കിട്ടുകയില്ല. അതുകൊണ്ടുതന്നെ വിളവെടുപ്പ് ശ്രമകരമാണ്. രണ്ടു മൂന്ന് തവണകളായി ഒരു മരത്തില്‍നിന്ന് മുഴുവനായും പറിച്ചെടുക്കാം. പറിച്ച ഉടന്‍ ഞെട്ടുകള്‍ മാറ്റി സിമന്റ് കളങ്ങളില്‍ നിരത്തി പലതവണ ഇളക്കി നാല് ദിവസത്തോളം ഉണക്കിപാറ്റിയ ശേഷം തുണിസഞ്ചികളിലോ പ്ലാസ്റ്റിക് ലെയറുള്ള ചാക്കുകളിലോ നിറച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിച്ച് വില്‍ക്കുന്നു.
വാണിജ്യപ്രാധാന്യമുള്ള ഭാഗം മൊട്ടുകളാണ്. ഗ്രംബുവിന്റെ പൂവിനുമാത്രമല്ല പൂവിന്റെ ഞെട്ടിനുപോലും വിലലഭിക്കും. മൊട്ടിന്റെ ഞെട്ട്, ഉണങ്ങിയ ഇലകള്‍ എന്നിവ വാറ്റി തൈലമെടുക്കുന്നു. ഈ തൈലത്തിനു വിപണിയിൽ വൻ ഡിമാൻഡ് ആണ്. പൂമൊട്ടുകളില്‍ 19% വരെ തൈലമുണ്ട്. യൂജിനോള്‍ എന്ന രാസവസ്തുവാണ് തൈലത്തിനു മണവും എരിവും നല്കുന്നത്. ഗ്രാമ്പൂ മൊട്ടുകള്‍ക്ക് ആദ്യം ഇളംപച്ച നിറമായിരിക്കും. മൊട്ടു വളരുന്നതോടെ നിറം ഇളം റോസാകുന്നു. ഈ ഘട്ടത്തില്‍ തൈലത്തിന്റെ അളവു കൂടും. ഭക്ഷണസാധനങ്ങളില്‍ രുചി കൂടുവാന്‍ സഹായിക്കുന്ന ഒരു മസാലയാണ്. എന്നാല്‍ ഒരു മസാലയെന്നതിനുപരിയായി ധാരാളം ആരോഗ്യവശങ്ങളും ഗ്രാമ്പൂവിനുണ്ട്. പെര്‍ഫ്യൂം, സോപ്പ് എന്നിവയുണ്ടാക്കാനും ചിലതരം മരുന്നുകളുണ്ടാക്കുവാനും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്. രക്തചംക്രമണ വ്യവസ്ഥയെ ദൃഢപ്പെടുത്താനും ശരീരോഷ്മാവിനെ ക്രമീകരിക്കാനും സഹായിക്കുന്ന വസ്തുക്കള്‍ ഗ്രാമ്പൂ എണ്ണയിലുണ്ട്. ഇതു പുരട്ടി തിരുമ്മുന്നത് ചര്‍മ്മത്തിനു ബലമേകും. ഉദര രോഗങ്ങളുടെ ചികിത്സയില്‍ ഗ്രാമ്പൂ ഫലപ്രദമാണ്. വിപണിയിൽ ഇത്രയും ഡിമാൻഡ് ഉള്ള ഗ്രാമ്പൂ കൃഷിചെയ്യുകയാണെങ്കിൽ ഭാവിയിൽ നല്ല വരുമാനം ലഭിക്കും സ്ഥലപരിമിതി ആണ് പ്രശനമെങ്കിൽ വീട്ടുവളപ്പിൽ ഒരു ചെടിയെങ്കിലും നമുക്ക് നടാം ഇന്ന് തന്നെ.
Share your comments