രുചിയും ഗന്ധവും കൂട്ടാന്‍ ഭക്ഷണത്തില്‍ ചേര്‍ക്കുന്ന സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്ക് ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളും നിരവധിയാണ്. ഇന്തൊനേഷ്യയാണ് ജാതിക്കയുടെ ജന്മദേശം.
ജാതിപത്രി, ജാതിക്കക്കുരു, ജാതിക്കയുടെ പുറന്തോട് എന്നിവയെല്ലാം നിരവധി ഗുണങ്ങളാല്‍ സമ്പന്നമാണ്. നിരവധി ആന്റി ഓക്‌സിഡന്റുകളുടെ കലവറ കൂടിയാണിത്.
ദഹനപ്രശ്‌നങ്ങള്‍ക്ക്
നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുളളതിനാല്‍ ജാതിക്ക ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും. മലബന്ധം, വയറിളക്കം തുടങ്ങി ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് തീര്‍ച്ചയായും ഭക്ഷണത്തില്‍ ജാതിക്ക ഉള്‍പ്പെടുത്താം.
കൊളസ്‌ട്രോള്‍ നിയന്ത്രിക്കും
ഭക്ഷണത്തില്‍ ജാതിക്ക ചേര്‍ക്കുന്നത് ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ജാതിക്ക അടങ്ങിയ പഞ്ചസാര നിറച്ച മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണം. പകരം ലളിതമായ ഭക്ഷണങ്ങളില്‍ ചേര്‍ത്ത് ജാതിക്ക കഴിക്കാന്‍ ശ്രമിക്കാം.
വേദന കുറയ്ക്കാന്‍
രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ ജാതിക്ക ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ക്കു കഴിയും, പ്രമേഹരോഗികളില്‍ കാണപ്പെടുന്ന കടുത്ത വേദന കുറയ്ക്കാന്‍ ജാതിക്കാ തൈലം സഹായിക്കും. ജാതിക്കാ തൈലം വേദനസംഹാരിയാണ്.
നല്ല ഉറക്കത്തിന്
ഒരു ഗ്ലാസ് ചൂടുപാലില്‍ ഒരു നുളള് ജാതിക്കാപ്പൊടി ചേര്‍ത്ത് ഉറങ്ങുന്നതിന് മുമ്പ് കുടിച്ചാല്‍ സുഖമായ ഉറക്കം ലഭിക്കും. മാത്രമല്ല മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും മനസ്സ് ശാന്തമാക്കാനും ജാതിക്ക സഹായകരമാണ്. വിഷാദലക്ഷണങ്ങളെ അകറ്റാന്‍ ജാതിക്ക സഹായിക്കുന്നു. സെറോടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദനം കൂട്ടുക വഴിയാണിത്.
അമിതമായി ഉപയോഗിക്കല്ലേ
ജാതിക്കയില്‍ പോഷകങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അമിതമായി ഇതുപയോഗിക്കുന്നത് നല്ലതല്ല. ഒരു ദിവസം അര ടീസ്പൂണ്‍ ജാതിക്കയില്‍ കൂടുതല്‍ കഴിക്കരുത്. അതും വെറുതെ കഴിക്കരുത്. അമിതമായ അളവില്‍ കൂടുതല്‍ കഴിക്കുന്നത് ലഹരിക്ക് കാരണമാകും. ഇത് അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചേക്കും. മറ്റെന്തെങ്കിലും രോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ ജാതിക്കയുടെ അമിതോപയോഗം പ്രതികൂലമായി ബാധിക്കും.
Share your comments