വയലും അടുക്കളത്തോട്ടവും പൂന്തോട്ടവുമായി മാത്രമൊതുങ്ങുന്ന കർഷകനാണോ നിങ്ങൾ? കൃഷിയിൽ ലാഭമുണ്ടാക്കണമെങ്കിൽ വേറെയുമുണ്ട് മാർഗങ്ങൾ. എളുപ്പത്തിൽ കൃഷി ചെയ്ത് മികച്ച ആദായം നേടാനാവുന്ന ഒരു പാരമ്പര്യേതര കൃഷിയാണ് മുത്തുകൃഷി. ഇന്ത്യയിലെ ഏറ്റവും മികച്ച അക്വാകൾച്ചർ ബിസിനസ്സുകളിൽ ഒന്നാണിത്.
ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും മുത്തിനോടുള്ള പ്രിയം കൂടി വരികയും, അതെ സമയം തന്നെ അമിതമായ ഉപയോഗവും മലിനീകരണവും നിമിത്തം പ്രകൃതിയില്‍ നിന്നുള്ള മുത്തിന്‍റെ ലഭ്യത കുറയുകയുമാണ്.
വിദേശത്തുനിന്നും സംസ്ക്കരിച്ച മുത്തുകള്‍ വര്‍ഷം പ്രതി വലിയ തോതിലാണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ, ഇന്ത്യയിൽ മുത്തുകൃഷിക്കും അതിന്റെ വിപണനത്തിനുമുള്ള സാധ്യത കൂടുതൽ പറയേണ്ടതില്ലല്ലോ.
എങ്ങനെ മുത്ത് വളർത്താം
കുളങ്ങളിലും സിമന്റ് ടാങ്കുകളിലും മത്സ്യ ടാങ്കുകളിലും വരെ മുത്ത് കൃഷി ചെയ്യാം. വീട്ടിൽ ബക്കറ്റിലോ ചെറിയ ടാങ്കുകളിലോ മുത്തുകൾ വളർത്തുന്ന രീതിയെ റീസർക്കുലേറ്റിങ് അക്വാകൾച്ചർ സിസ്റ്റം എന്ന് വിളിക്കുന്നു.
പേൾ ഫാമിംഗ് അഥവാ മുത്തുകൃഷി ആരംഭിക്കുന്നതിന് മുമ്പായി ഇത് മുത്ത് കൃഷിക്ക് അനുയോജ്യമാണോ എന്ന് മനസിലാക്കാൻ വെള്ളം പരിശോധിക്കേണ്ടതുണ്ട്. കൃഷി വകുപ്പിന്റെ ലാബുകളിൽ തന്നെ ഇതിനുള്ള സൗകര്യമുണ്ട്. ചിപ്പികൾ ആ ജലത്തിൽ അതിജീവിക്കുമോ ഇല്ലയോ എന്നറിയാനാണ് ഇങ്ങനെ പരിശോധിക്കുന്നത്.
പിന്നീട് CIFA പോലുള്ള മുത്തുകൃഷിയെ കുറിച്ചുള്ള കോഴ്‌സുകളിലൂടെ പരിശീലനം നേടാം. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള ശരത്കാലമാണ് മുത്ത് കൃഷിക്ക് ഏറ്റവും അനുകൂലമായ സമയം. മുത്തുച്ചിപ്പികൾ വിപണികളിൽ വാങ്ങാനാകും. അതുമല്ലെങ്കിൽ കുളങ്ങളിൽ നിന്നോ മറ്റ് ജലാശയങ്ങളിൽ നിന്നോ ഇത് ശേഖരിക്കാം.
ശരാശരി ഒരു ചെറിയ ചിപ്പിയിൽ 2-8 മുത്തുകൾ വരെ ഉണ്ടാകും. വലുപ്പമുള്ള ചിപ്പികളിൽ 28 മുത്തുകൾ വരെയും.
ശേഖരിച്ച ചിപ്പികള്‍ ശസ്ത്രക്രിയയ്ക്കു മുമ്പുള്ള പതംവരുത്തലിനായി രണ്ടു മൂന്നു ദിവസം വരെ കൂട്ടത്തോടെ പഴകിയ പൈപ്പുവെള്ളത്തില്‍ സൂക്ഷിക്കണം. പിന്നീട് ചിപ്പികളുടെ ആരോഗ്യം ഉറപ്പുവരുത്തിയ ശേഷം ചിപ്പികളിൽ മൂന്നു തരത്തില്‍ മുത്തുകള്‍ പിടിപ്പിക്കാം.
ചിപ്പിത്തോടില്‍ നിന്നോ ഈ വര്‍ഗത്തില്‍പ്പെട്ട മറ്റേതെങ്കിലും ജീവികളില്‍ നിന്നോ ഉള്ള മുത്തുകള്‍ ആണ് ശസ്ത്രക്രിയയിലൂടെ പിടിപ്പിക്കുന്നത്. ശേഷം ഇവയെ മത്സ്യ ടാങ്കിലേക്ക് മാറ്റണം.
മുത്തുപിടിപ്പിച്ച ചിപ്പികള്‍ 10 ദിവസത്തേക്ക് ശസ്ത്രക്രിയാനന്തര പരിപാലന യൂണിറ്റില്‍ നൈലോണ്‍ ബാഗുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്. ആന്‍റിബയോട്ടിക്കും സ്വാഭാവിക ഭക്ഷണവുമാണ് നല്‍കേണ്ടത്. ഒരു മുത്ത് രൂപപ്പെടാൻ കുറഞ്ഞത് 6 മാസമെങ്കിലും എടുക്കും. എന്നിരുന്നാലും, മികവേറിയ വലുപ്പത്തിനായി മുത്തുകൾക്ക് കുറഞ്ഞത് ഒരു വർഷമെങ്കിലും ആവശ്യമായി വരും.
വീട്ടിൽ മുത്തുകൃഷി
വീട്ടിൽ മുത്തുകൃഷി ചെയ്യാൻ കുറഞ്ഞത് രണ്ട് ഫിഷ് ടാങ്കുകൾ സജ്ജീകരിക്കേണ്ടതായി വരും. മുകളിലെ ടാങ്കിൽ നിന്നുള്ള വെള്ളം താഴെയുള്ള ടാങ്കിലേക്ക് ഒഴുകുന്ന തരത്തിൽ ടാങ്കുകൾ ഒന്നിനു മുകളിൽ ഒന്നായി സ്ഥാപിക്കണം. മുകളിൽ സ്ഥാപിച്ചിരിക്കുന്ന ടാങ്കിൽ ഒരു ദ്വാരമിടണം.
ജലപ്രവാഹം നിയന്ത്രിക്കുന്നതിനും ജലത്തിന്റെ താപനില നിയന്ത്രിക്കാനും ടാങ്കുകളിൽ ഒരു എയർ പമ്പ്, വെഞ്ചുറി പമ്പ് എന്നിവ സജ്ജീകരിക്കുക.ഇതിന് ശേഷം തുടർച്ചയായി ഏഴ് ദിവസങ്ങളിൽ രാവിലെയും വൈകിട്ടും ഒന്നോ രണ്ടോ മണിക്കൂറുകളിൽ ഇവ പ്രവർത്തിപ്പിച്ചു നോക്കണം.
3 അടി നീളവും 2.5 അടി വീതിയും 1.5 അടി ആഴവുമാണ് ടാങ്കുകൾക്ക് വേണ്ടത്. ഈ വലിപ്പത്തിലുള്ള ഒരു ടാങ്കിൽ ഏകദേശം 50 ചിപ്പികളെ വളർത്താൻ കഴിയും.
ചിപ്പികൾക്ക് നൽകുന്ന ആൽഗകൾ ഉയർന്ന ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കുക. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ആൽഗകളാണ് നൽകേണ്ടത്. ടാങ്കുകളുടെ സജ്ജീകരണത്തിനും പരിപാലനത്തിനും ആഹാരത്തിനായി 20,000 രൂപയിൽ കൂടുതൽ ചിലവ് വരില്ല.
എന്നാൽ, ഇവയിൽ നിന്നും ലക്ഷങ്ങൾ വരുമാനം നേടാമെന്നതിനാൽ മുത്തുകൃഷി ലാഭകരമാണ്. വാണിജ്യ ആവശ്യങ്ങൾക്കായി മുത്തുകൃഷി ചെയ്യുന്നവർ ലൈസൻസിങ് സംബന്ധമായ നടപടികളും പൂർത്തിയാക്കണം.
ഒരു കക്കയ്ക്ക് 20 മുതൽ 30 രൂപ വരെയാണ് വില. 300 മുതൽ 1500 രൂപ വരെയാണ് ഒരു മില്ലിമീറ്റർ മുതൽ 20 മില്ലിമീറ്റർ വരെയുള്ള മുത്തുച്ചിപ്പിയുടെ വില. അതിനാൽ തന്നെ മാസ വരുമാനത്തിൽ മികച്ച ലാഭം കൊയ്യാൻ മുത്തുകൃഷി സഹായിക്കും.
Share your comments