ഒരു പ്രധാന ഉഷ്ണമേഖലാവിളയാണ് കരിമ്പ്. കരിമ്പ്, വ്യാവസായികമായി ശര്‍ക്കര, പഞ്ചസാര എന്നീ മധുര പദാര്‍ത്ഥങ്ങള്‍ നിര്‍മിക്കാനാണ് വ്യാപകമായി ഉപയോഗിച്ചു വരുന്നത്. നല്ലനീര്‍വാര്‍ച്ചയുള്ള ഫലഭൂയിഷ്ടമായ കരിമണ്ണിലാണ് ഇത് ധാരാളമായി വളരുക. ഏകദേശം ഒരു മില്യണ്‍ ആളുകള്‍ക്ക് നേരിട്ടോ അല്ലാതെയോ തൊഴില്‍ സാധ്യത നല്‍കുന്ന കാര്‍ഷിക വിളയാണ് കരിമ്പ്. നദീതടങ്ങളിലെ എക്കല്‍ കലര്‍ന്ന മണ്ണിലും കരിമ്പ് നന്നായി വളരും. കരിമ്പുകൃഷിയില്‍ ബ്രസീല്‍ കഴിഞ്ഞാല്‍ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. ഉത്തര്‍പ്രദേശിലെ ഗംഗാതടങ്ങളിലാണ് കരിമ്പ് സമൃദ്ധമായി വളരുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയായ കരിമ്പ് മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം എന്നതാണ് പ്രത്യേകത.
കൃഷിയിടമൊരുക്കല്‍
ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യമായാണ് കൃഷി നടക്കുന്നത്. ഒക്ടോബര്‍, ഫെബ്രുവരി-മാര്‍ച്ച്, ജൂലൈ മാസങ്ങളിലാണ് വ്യാപകമായി കൃഷി നടത്താറുള്ളത്. നല്ല സൂര്യപ്രകാശമുള്ള സ്ഥലത്താണ് സാധാരണയായി കരിമ്പ് കൃഷി ചെയ്യാറുള്ളത്. കരിമ്പ് കൃഷിയില്‍ നിലമൊരുക്കലില്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. കരിമ്പ് നടുന്നതിനുമുമ്പ് കൃഷിയിടം കുറഞ്ഞത് മൂന്നു പ്രാവശ്യമെങ്കിലും ഉഴുത് മറിക്കണം എങ്കില്‍ മാത്രമാണ് കരിമ്പ് നല്ല രീതിയില്‍ വളരുകയുള്ളു. നല്ല ആരോഗ്യത്തോടെ മുള പൊട്ടിവരാന്‍ വേണ്ടത് 25 മുതല്‍ 32 ഡിഗ്രി വരെയുള്ള അന്തരീക്ഷ താപനിലയാണ്. അതിനുശേഷം അതില്‍ സെന്റൊന്നിന് 30-40 കിലോ തോതില്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തിളക്കി നിരപ്പാക്കണം. അമ്ലഗുണം കൂടുതലുള്ള മണ്ണാണെങ്കില്‍ ആവശ്യത്തിന് ഡോളമൈറ്റോ കുമ്മായമോ ചേര്‍ത്തുകൊടുക്കാന്‍ ശ്രദ്ധിക്കുക. അങ്ങനെ വളംചേര്‍ത്ത് നിരപ്പാക്കിയ നിലത്ത് നീളത്തിലോ കുറുകെയോ ചാലെടുത്താണ് കരിമ്പിന്‍ തണ്ടുകള്‍ നടേണ്ടത്. വളര്‍ച്ചയുടെ ആദ്യകാലങ്ങളില്‍ കൂടിയ താപനില വേണം. വരിയും നിരയുമായാണ് ചാലുകളെടുക്കേണ്ടത്. ചാലുകള്‍ തമ്മില്‍ കുറഞ്ഞത് മുക്കാല്‍മീറ്റര്‍ അകലവും ചാലിന്റെ താഴ്ച കുറഞ്ഞത് അരമീറ്ററെങ്കിലും ഉണ്ടായിരിക്കണം. ഉഷ്ണമേഖലാ പ്രദേശത്ത് വളരുന്ന ദീര്‍ഘകാല വിളയാണ് കരിമ്പെങ്കിലും മഴക്കാലത്തും തണുപ്പുകാലത്തും വേനല്‍ക്കാലത്തുമെല്ലാം കൃഷി ചെയ്ത് വിളവെടുക്കാം.
കരിമ്പ് ഉല്പന്നങ്ങള്‍.
പഞ്ചസാര: പായസം, ചായ,കാപ്പി മറ്റ് മധുരപലഹാരങ്ങല്‍ തുടങ്ങി പഞ്ചസാരയുടെ ഉപയോഗം പലതാണ്. കരിമ്പുനീര് തിളപ്പിച്ച് വിവിധപ്രക്രിയകളിലൂടെ ക്രിസ്റ്റല്‍ രൂപത്തിലാക്കുന്നു. ഇരുണ്ടനിറമുള്ള ഈ ഖരരൂപത്തിനു നിറശുദ്ധിവരുത്താന്‍ വിവിധ വസ്തുക്കള്‍ ചേര്‍ത്താണ് സംസ്‌കരിക്കുന്നത്. ഘടനാപരമായി പഞ്ചസാര കാര്‍ബോഹൈഡ്രേറ്റ് ആണ് മോണോ ഹൈഡ്രേറ്റുകളായ ഗ്ലൂക്കോസ്, ഫ്രക്‌റ്റോസ്, എന്നിവയും സുക്രോസും പഞ്ചസാരയിലുണ്ട്.
കരിമ്പുജ്യൂസ്: ഇന്ത്യയില്‍ മുഴുവന്‍ കരിമ്പുനീര്‍ ഒരു ഉത്തമപാനീയമായി ഉപയോഗിക്കുന്നുണ്ട്. അതിനായി കരിമ്പു ചതച്ച് നീരെടുക്കുന്ന ചക്കുകള്‍ വഴിയോരങ്ങളില്‍ കാണാം. ധാതുസമ്പുഷ്ടമായ ഈ ജ്യൂസ് ദാഹശമനിയായി ഉപയോഗിക്കുന്നു. പച്ചസ്വാദു നീക്കുന്നതിനായി ഇഞ്ചി, ചെറുനാരങ്ങ, എന്നിവ ചേര്‍ക്കുന്നുണ്ട്.
ശര്‍ക്കര: കരിമ്പുനീരുകുറുക്കി ആണ് ശര്‍ക്കര നിര്‍മ്മിക്കുന്നത്. പലയിടത്തും ഉണ്ടശര്‍ക്കര ഉപയോഗിക്കുന്നു. മറയൂര്‍ ശര്‍ക്കര, തിരുവിതാംകൂര്‍ ശര്‍ക്കര എന്നിവയ്ക്ക് ഭൗമസൂചികാ പദവി ലഭിച്ചിട്ടുണ്ട്.
കല്‍ക്കണ്ടം : ഏറേ ഔഷധഗുണമുള്ള കല്‍ക്കണ്ടമുണ്ടാക്കുന്നതും കരിമ്പില്‍ നിന്നാണ്. പഞ്ചസാരയുടെ ലായനി ക്രിസ്റ്റലൈസ് ചെയ്താണ് കല്‍ക്കണ്ടമുണ്ടാക്കുന്നത്. ചുമപോലെയുള്ള രോഗങ്ങള്‍ക്ക് കല്‍ക്കണ്ടം നല്ലൊരു ഔഷധമാണ്.
കരിമ്പുചണ്ടി : കരിമ്പുനീര്‍ എടുത്തശേഷമുള്ള ചണ്ടി ഇന്ധനമായി ഉപയോഗിക്കുന്നു. കാലിത്തീറ്റയ്ക്കും ഉപയോഗിക്കാറുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ
കരിമ്പു കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 8000 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു
Share your comments