ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും നിറവും നൽകുന്നതിനും വസ്ത്രങ്ങൾക്ക് നിറം നൽകുന്നതിനും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ധാരാളമായി ഉപയോഗിച്ച് വരുന്ന ഉത്പന്നമാണ് മഞ്ഞൾ. മഞ്ഞൾ ഉത്പാദനത്തിനും കയറ്റുമതിയിലും ഇന്ത്യ മുൻപന്തിയിൽ തന്നെ ഉണ്ട്. ആസാം, മഹാരാഷ്ട്ര, മേഘാലയ, ഗുജറാത്ത്, പശ്ചിമബംഗാൾ, ഓഡീസ്സ, കർണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് മഞ്ഞൾ കൃഷി പ്രധാനമായും ചെയ്യുന്നത്.
ഒട്ടേറെ ആരോഗ്യഗുണങ്ങളടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധപരമായും, മതപരമായും, സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന ഘടകമാണ് മഞ്ഞളിൻ്റെ നിറത്തിനും ഗുണത്തിനും കാരണം.
മഞ്ഞളിൻ്റെ കൃഷി രീതി
ഇടവിളയായും തനിവിളയായും മിശ്രവിളയായും കൃഷി ചെയ്യാൻ പറ്റുന്ന സുഗന്ധ വ്യഞ്ജനമാണ് മഞ്ഞൾ. തെങ്ങിൻ്റെ തോപ്പുകളിലും കവുങ്ങിൻ്റെ തോപ്പുകളിലും ഇത് ഇടവിളയായി കൃഷി ചെയ്യാം. ചോളം, വഴുതന, ചേന, മുളക് എന്നിവയുടെ കൂടെ മിശ്രവിളയായും ഇത് കൃഷി ചെയ്യാവുന്നതാണ്.
എല്ലാത്തരം മണ്ണിലും കൃഷി ചെയ്യാമെങ്കിലും നല്ല നീർവാഴ്ചയുള്ള പരിമരാശി മണ്ണാണ് കൃഷിക്ക് ഏറ്റവും ഉത്തമം. ആദ്യത്തെ മഴ ലഭിച്ചതിന് ശേഷം ഫെബ്രുവരി, മാർച്ച് കാലയളവിലായി നിലം ഒരുക്കി തുടങ്ങാവുന്നതാണ്. ഏപ്രില്‍, മേയ് മാസങ്ങളിൽ കൃഷി തുടങ്ങാം. കൃഷി ചെയ്യാനെടുക്കുമ്പോൾ കീടരോഗബാധയില്ലാത്ത മാതൃപ്രകന്ദങ്ങളോ അല്ലെങ്കിൽ പ്രകന്ദങ്ങൾ ചെറിയ കഷ്ണങ്ങളാക്കിയോ ഉപയോഗിക്കാം. വിത്തുകൾ നടുന്നതിന് മുമ്പ് ചാണകവെള്ളത്തിലോ അല്ലെങ്കിൽ ന്യൂഡോമോണസ് ലായനിയിലോ മുക്കി തണലത്ത് സൂക്ഷിക്കാം. ഇത് മഞ്ഞളിന് കേട് വരാതെ ഇരിക്കുന്നതിനും കരുത്തോടെ വളരുന്നതിനും സഹായിക്കുന്നു.
കാലിവളമോ അല്ലെങ്കിൽ കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോർ, കോഴിവളം, പച്ചിലവളം, പിണ്ണാക്ക്, ഗോമൂത്രം എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്. വലിയ പരിചരണം ഒന്നും ആവശ്യമില്ലാതെ തന്നെ സമൃദ്ധമായി വളരുന്ന സസ്യമാണ് മഞ്ഞൾ. സ്ഥല പരിമിതിയുള്ളവർക്ക് ഗ്രോബാഗിലോ അല്ലെങ്കിൽ ചാക്കിലോ കൃഷി ചെയ്യാവുന്നതാണ്.
മഞ്ഞൾ കൃഷിയിലെ പ്രധാന പ്രശ്നമാണ് കളകൾ. ഇത് മഞ്ഞളിൻ്റെ വിളവിനെ സാരമായി ബാധിക്കുന്നു. മണ്ണ് കിളയ്ക്കുന്നത് കളകളെ നിയന്ത്രിക്കുന്നതിനും ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കുന്നു. വേപ്പിൻ പിണ്ണാക്ക് ഉപയോഗിക്കുന്നത് നിമാവിരകളെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ വേപ്പിൻകുരു സത്ത്, വേപ്പെണ്ണ എമൽഷൻ, വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, പുകയില കഷായം എന്നിവ ജൈവകൃഷിയിൽ ഉപയോഗിക്കുന്ന കീട കുമിൾ നാശിനികളാണ്.
മഞ്ഞളിൻ്റെ ഇനങ്ങളുടെ പ്രത്യേകത അനുസരിച്ച് വിളവെടുപ്പ് കാലം വ്യത്യാസമായിരിക്കും. എന്നിരുന്നാലും 7 മുതൽ 8 മാസം വരെയാണ് സമയം. ഇലകൾ മഞ്ഞളിച്ച് ചെടികൾ ഉണങ്ങിത്തുടങ്ങുമ്പോഴാണ് വിളവെടുപ്പിന് പാകമാകുന്നത്.വിളവെടുത്ത മഞ്ഞൾ വെള്ളത്തിലിട്ട് നന്നായി കഴുകി മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വേരും നീക്കം ചെയ്യണം.
പ്രനകന്ദങ്ങളിൽ നിന്നും ഉപകാന്ദങ്ങളെ വേർതിരിച്ചെടുത്താണ് ഉണങ്ങുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. തിളപ്പിച്ചെടുത്ത മഞ്ഞളിനെ വെയിലത്ത് വെച്ച് ഉണക്കി സംസ്കരിക്കാം.
Share your comments