Flowers

പടനിലത്തിന് നിന്ന് ഒരു പൂച്ചെടി

ചരിത്രത്താളുകളില്‍ രേഖപ്പെടുത്തിയിട്ടുളള ട്രോജന്‍ യുദ്ധത്തിന്റെ പടനായകനായിരുന്നു അക്കിലസ്. യുദ്ധക്കളത്തില്‍ മുറിവേറ്റുവീഴുന്ന തന്റെ ഭടന്മാരുടെ മുറിവുകളില്‍ നിന്നുളള രക്തസ്രാവം നിറുത്താന്‍ ഒരു ചെടിയുടെ ഇലകള്‍ അദ്ദേഹം ഉപയോഗിച്ചിരുന്നു. പിന്നീട് ഈ ചെടിക്ക് അക്കിലസിന്റെ ഓര്‍മ്മയ്ക്കായി 'അക്കിലിയ' എന്ന് പേരും നല്‍കി. ഇതാണ് അതിസുന്ദരമായ മഞ്ഞപ്പൂക്കള്‍ വിടര്‍ത്തുന്ന 'അക്കിലിയ' എന്നു പേരായ ഉദ്യാന പുഷ്പിണി.

അക്കിലിയയുടെ പൂക്കള്‍ വെറും മഞ്ഞനിറമാണ്. 'കമ്പോസിറ്റേ' സസ്യകുലത്തില്‍ പെട്ട അക്കിലിയയുടെ ശാസ്ത്രനാമം 'അക്കിലിയ ഫിലിപെന്‍ഡുലിന' എന്നാണ്.മൂന്നു മുതല്‍ നാല് അടി വരെ ഉയരത്തില്‍ വളരുന്ന ഈ ചെടിക്ക് സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുളള വളര്‍ച്ചാമാധ്യമവും നിര്‍ബന്ധമാണ്. യൂറോപ്പ് ആണ് ഈ സുന്ദര പുഷ്പിണിയുടെ ജന്മനാട്. ' ഗ്ലോബ് യാരോ' എന്നും ഇതിന് പേരുണ്ട്. ഇതിന്റെ നേരിയ തവിട്ടുകലര്‍ന്ന പച്ചിലകള്‍ പന്നല്‍ച്ചെടിയുടേതുപോലെ വിഭജിച്ചതും 2-6 ഇഞ്ച് നീളമുളളതും സുഗന്ധവാഹിയുമാണ്.

ചെടിച്ചുവട്ടില്‍ വിത്ത് വീണു കിളിര്‍ക്കാന്‍ 30-90 ദിവസമെടുക്കും. തൈകള്‍ 3-4 ഇല പാകമാകുമ്പോള്‍ എട്ട് സെ.മീ. വലിപ്പമുളള ചട്ടികളിലേക്ക് മാറ്റി നടണം. തുടര്‍ന്ന് വളരുന്നതിനനുസരിച്ച് നല്ല വെയില്‍ കിട്ടുന്ന സ്ഥലത്ത് 60 സെ.മീ. അകലത്തില്‍ തൈകള്‍ നടാം. ചാണകപ്പൊടി കമ്പോസ്റ്റ്, എല്ലുപൊടി, മണ്ണിരകമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങളാണ് ചെടി നന്നായി വളരാനും കടും നിറമുളള മഞ്ഞപ്പൂക്കള്‍ വിടര്‍ത്താനും നല്ലത്. കടുകുമണിയുടെ വലിപ്പമുളള ചെറിയ ചെറിയ മഞ്ഞപ്പൂക്കള്‍ ഒരുമിച്ചു ചേര്‍ന്ന് പരന്ന ഒരു വലിയ 'ഡിസ്‌ക്' അഥവാ തളിക പോലെ രൂപപ്പെടുന്ന ഒറ്റപ്പൂവാണ് അക്കിലിയയുടെ പ്രത്യേകത. ശിലാരാമങ്ങള്‍, ഉദ്യാനത്തിലെ ചെറിയ ചരിവുകള്‍, അതിര്‍ത്തികള്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇത് നന്നായി വളര്‍ത്താം. അതിരുകളില്‍ വളര്‍ത്തുമ്പോള്‍ ഉയരമുളള ഇനങ്ങളാണ് നന്ന്. 

'അക്കിലിയഫിലിപെന്‍ഡുല' എന്ന ഇനം ഒരു നിത്യഹരിത പുഷ്പിണിയാണ്. ദൃഢമായ തണ്ടില്‍ വളരുന്ന ഇലകളും സ്വര്‍ണ്ണ മഞ്ഞനിറമുളള പൂക്കളും നിറഞ്ഞ ഒറ്റപ്പൂവിന് അഞ്ച് ഇഞ്ച് വലിപ്പമുണ്ട്. 'അക്കിലിയ ക്ലാവ്' എന്ന ഇനത്തിന്റെ ഇലകള്‍ തിളക്കമുളളതും രോമാവൃതവുമായിരിക്കും. രണ്ട് ഇഞ്ച് വലിപ്പമുളള ഓരോ പൂവിനും 25 കുഞ്ഞുപൂക്കള്‍ വീതം കാണും. ഇതില്‍ വെളളയും മഞ്ഞയും കലര്‍ന്ന പൂക്കള്‍ ഉണ്ടായിരിക്കും. പിങ്ക്, കടും ചുവപ്പ്, ഓറഞ്ച് കലര്‍ന്ന ചുവപ്പ്, ഇളം മഞ്ഞ എന്നിങ്ങനെ വിവിധ ഇനങ്ങളില്‍ പൂക്കള്‍ വിടര്‍ത്തുന്ന ഇനങ്ങളുണ്ട്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് അക്കിലിയയുടെ പൂക്കാലം. ഇതിന്റെ പൂക്കള്‍ അലങ്കാര പുഷ്പമായി പുഷ്പ സംവിധാനത്തിലും ഉണക്കിയ പൂക്കളായും ഉപയോഗിക്കുന്നുണ്ട്.

വിത്തു പോകുന്നതിനു പുറമെ, ചെടിച്ചുവട്ടില്‍ വളരുന്ന ചെടികള്‍ ഇളക്കി നട്ടും അക്കിലിയ വളര്‍ത്താം. ഉണങ്ങിയ പൂക്കള്‍ യഥാസമയം മുറിച്ചു നീക്കിയാല്‍ അത് പുതിയ പൂക്കള്‍ വിടരാന്‍ പ്രേരകമാകും. പുഷ്പിച്ച ചെടിയുടെ തലപ്പ് ഇടയ്ക്ക് മുറിച്ചു നീക്കുന്നതും നല്ലതാണ്. അക്കിലിയയുടെ ശ്രദ്ധേയമായ ഒരിനമാണ് 'പാര്‍ക്കേഴ്‌സ് വെറൈറ്റി' പന്നല്‍ച്ചെടിയോട് വളരെ സാമ്യമുളള ഇതിന്റെ ഇലകള്‍ക്ക് തവിട്ടു കലര്‍ന്ന പച്ചനിറമാണ്. സുഗന്ധവുമുണ്ട്. പ്രകാശമാനമായ മഞ്ഞനിറമുളള പൂക്കള്‍ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും. ചെടികള്‍ 3-4'' പൊക്കത്തില്‍ വളരും. ഇതിന്റെ സുഗന്ധവാഹിയായ ഇലകള്‍ ഉണങ്ങിയാലും സുഗന്ധം നിലനില്‍ക്കുന്നതും പുഷ്പ സംവിധാനത്തില്‍ ഉപയോഗിക്കാവുന്നതാണ്.അക്കിലിയ പുഷ്പങ്ങള്‍ക്ക് ഔഷധഗുണവും ഉണ്ട്. പൂക്കളില്‍ നിന്നുണ്ടാക്കുന്ന ഔഷധം ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.


Share your comments