ഏത് ഉദ്യാനത്തിലെയും കമാനങ്ങളും ചിത്രത്തൂണുകളും അലങ്കരിക്കാൻ അത്യുത്തമമാണ് , റോസ് പിങ്ക് നിറത്തിൽ, നിറയെ ചെറിയ പൂക്കൾ നിറഞ്ഞ വലിയ പൂങ്കുലകളുള്ള ഈ ഉദ്യാന സുന്ദരി. ജന്മനാട് മെക്സിക്കോ. നമ്മുടെ നാട്ടിൽ സമൃദ്ധമായി വളരും, സുലഭമായി പുഷ്പിക്കും.
കോറൽ വൈൻ, കോറൽ ക്രീപ്പർ, കോറൽ ബെൽസ്, ചെയിൻ ഓഫ് ലൗ, ലൗ വൈൻ, ക്വീൻസ് ജൂവൽസ്, മൗണ്ടൻ റോസ് എന്നിങ്ങനെ എത്രയെങ്കിലും ഓമനപ്പേരുകളുള്ള ഇതിനെ തീവള്ളി, തേൻപൂവള്ളി എന്നും വിളിക്കാറുണ്ട്. സസ്യനാമം 'ആന്റിഗൊണോൺ'. ദീർഘായുസ്സാണ് ഈ വള്ളിച്ചെടിയുടെ മുഖമുദ്ര.
വേനൽക്കാലത്ത് റോസ് പിങ്ക് പൂക്കൾ ചൂടി നിൽക്കുന്ന ഈ വള്ളിച്ചെടി ഏത് ഇതിന്റെ വള്ളി ഏതാണ്ട് 10-12 മീറ്റർ വരെ നീളത്തിൽ വളരും.പച്ചനിറത്തിൽ ഹൃദയാകൃതിയിൽ അഗ്രം കൂർത്ത ഇലകളുടെ സമ്പന്നമായ പശ്ചാത്തലമാണ് ഈ വള്ളിച്ചെടിയുടെ മറ്റൊരു പ്രത്യേകത.
ചെടിയുടെ ചുവട്ടിൽ വളരെ ആഴത്തിൽ വളരുന്ന കിഴങ്ങുകളിൽ നിന്ന് നിരവധി പുതിയ തൈകൾ പൊട്ടിപ്പൊട്ടി വളരുന്നത് കാണാം. ഇവ ശ്രദ്ധാപൂർവ്വം ഇളക്കി നട്ടാൽ പുതിയ ചെടി അനായാസം വളർത്തിയെടുക്കാം.
ഇതു കൂടാതെ പകുതി മൂപ്പെത്തിയ കമ്പുകൾ മുറിച്ചുവച്ചോ, വിത്തു പാകിയോ തൈകൾ മുളപ്പിക്കാം. രണ്ടു ഭാഗം മണ്ണും ഒരു ഭാഗം മണലും ഒരു ഭാഗം ഇലപ്പൊടിയും കലർത്തിയ പോട്ടിങ് മിശ്രിതം നിറച്ച ചട്ടികളിലും ഇത് വളർത്താം. ഇതിന്റെ പൂക്കളിൽ വേണ്ടത്ര തേനും പൂമ്പൊടിയും ഉള്ളതിനാൽ ധാരാളം തേനീച്ചകൾ ഈ ചെടിയെ ചുറ്റിപ്പറ്റി സദാ നിൽക്കുന്നതു കാണാം. അതുകൊണ്ടു തന്നെ തേനീച്ച വളർത്തലിൽ ഏർപ്പെടുന്നവർ വേനൽ പൂവള്ളി ധാരാളമായി നട്ടു വളർത്താറുണ്ട്.
റോസ് പിങ്കിനു പുറമെ ചുവപ്പ്, വെള്ള നിറങ്ങളിൽ പൂക്കുന്ന ചെടികളുമുണ്ട്. വെളുത്ത പൂക്കൾ പിടിക്കുന്ന ഇനത്തിന് 'ആൽബ' എന്നാണ് പേര്. വായുമലിനീകരണം ഒഴിവാക്കാൻ ഈ ചെടിക്ക് പ്രത്യേക കഴിവുണ്ട്. പൂർണ്ണ സൂര്യപ്രകാശത്തിൽ വളരാനും പൂ ചൂടാനുമാണ് വേനൽ പൂവള്ളിക്കിഷ്ടം.
Share your comments