Flowers

കനകാംബരം - ജീവിതത്തിലെ സൂര്യപ്രകാശം

kanakambaram

ഗോവയുടെ സംസ്ഥാന പുഷ്പമാണ് കനകാംബരം. മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങൾ കൂടാതെ വെള്ള, വയലറ്റ് എന്നീ നിറങ്ങളിൽ മൂന്ന് മുതൽ അഞ്ചു വരെ ഇതളുകൾ ഉള്ള പൂക്കൾ. ക്രോസ്സാന്ദ്ര ഇൻഫുൻഡിബുലിഫോർമിസ് എന്ന് ശാസ്ത്ര നാമം. തലയില്ച്ചൂടാനും അമ്പലങ്ങളില് മാലകോര്ക്കാനും കനകാംബരം ഉപയോഗിക്കുന്നു പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ. ഏകദേശം 1 മീറ്ററോളം പൊക്കത്തിൽ വളരുന്ന നിത്യഹരിത ഉദ്യാന സസ്യമായ കനകാംബരം മറാഠിയിൽ ആബോലി എന്നാണ് അറിയപ്പെടുന്നത്. ഇതിന് ഫയര്ക്രാക്കര് പൂവ് എന്ന് അപരനാമം ഉണ്ട്. യെല്ലോ ഓറഞ്ച്, ലൂട്ടിയ യെല്ലോ, ഡൽഹി, സെബാക്കുലിസ് റെഡ് എന്നിവ പ്രധാന ഇനങ്ങൾ. കടുത്ത ഓറഞ്ച് നിറത്തില് പൂക്കള് വിരിയുന്ന ’‘ഡൽഹിക്കു” ഏറെ പ്രിയം.

കനകാംബരം കൃഷിക്കു നല്ല വളക്കൂറുള്ള മണ്ണ് ഉത്തമം. നന്നായി പൊടിച്ച മണ്ണിൽ ചാണകം, വേപ്പിൻ പിണ്ണാക്ക്, മണല് സമാസമം ചേര്ത്ത് നനച്ചു വിത്ത് പാകണം. അഞ്ചുദിവസം കൊണ്ട് വിത്തുകള്‍ മുളയ്ക്കും. നാലഞ്ചു ജോഡി ഇലകളുള്ള ഏകദേശം ഒന്നര മാസം പ്രായമായ തൈകൾ പറിച്ച് നടാം. വേരുപിടിപ്പിച്ച കമ്പുകളും നടീൽ വസ്തുവായി ഉപയോഗിക്കാം. ചട്ടികളിലും തടങ്ങളില്‍ ഒന്നരയടി അകലത്തിലും തൈ നടാം . മഞ്ഞയോ കറുപ്പോ ആയിരിക്കും വിത്തുകളുടെ നിറം. വിത്തിനും പൂവിനും പ്രത്യേകിച്ച് ഗന്ധമുണ്ടാകില്ല. പറിച്ചുനടുന്ന സ്ഥലത്ത് നല്ല സൂര്യപ്രകാശം വേണം.പതിനഞ്ചുദിവസം കൂടുമ്പോള്‍ ചാണകപ്പൊടി അടിയില്‍ വിതറി മണ്ണ്കൂട്ടിക്കൊടുക്കാം. വളപ്രയോഗം ആവശ്യമാണ്‌. ജൈവവളമോ രാസവളമോ ഉപയോഗിക്കാം. ചെടി തഴച്ചുവളരാൻ ജൈവവളത്തിനു പുറമെ സെന്റിന് 280 ഗ്രാം യൂറിയയും 1200 ഗ്രാം സൂപ്പർഫോസ്ഫേറ്റും 300 ഗ്രാം പൊട്ടാഷും അടിവളമായി നൽകാം. വേനല്ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില് നന നിർബന്ധം. ചെടിയുടെ ചുവട്ടില് വെള്ളം കെട്ടിനില്ക്കരുത്. നിന്നാല് ചെടി ചീഞ്ഞു പോകാൻ സാധ്യതയുണ്ട്. മഴക്കാലത്ത് വേരുപൊന്താതിരിക്കാന് മണ്ണ് കൂട്ടിക്കൊടുക്കണം.

ചെടി നട്ട് ഏകദേശം രണ്ട് മൂന്ന് മാസത്തിനുള്ളിൽ നിറയെ ശാഖകള് വിരിയുകയും നിറയെ പൂക്കളും വിരിയുകയും ചെയ്യും.വേനല്ക്കാലത്ത് നനയും വളവും നല്കിയാല് വര്ഷം മുഴുവനും പൂക്കള് ലഭിക്കും. മഴക്കാലത്ത് പൂക്കള് കുറവായിരിക്കും. ഒന്നരാടം ദിവസങ്ങളില് അതിരാവിലെ പൂക്കളിറുക്കാം. ഒരു ഹെക്ടറില് നിന്ന് അഞ്ചുടണ് വരെ വിളവ് ലഭിക്കാം.വെള്ളീച്ച, എഫിഡുകള്, നിമാവിര എന്നീ കീടങ്ങൾ വേപ്പധിഷ്ഠിത കീടനാശിനികള് തളിച്ച് നിയന്ത്രിക്കാം. വിത്തുകള് കീടനാശിനിയില് മുക്കിവെച്ച് നടുന്നത് ബാക്ടീരിയല് വാട്ടം ഒഴിവാക്കാം . ഇലപ്പുള്ളിരോഗം കാണുന്ന ഇലകള് നശിപ്പിക്കുകയും രണ്ടുശതമാനം വീര്യത്തില് സ്യൂഡോമോണസ് ലായനി ഇലകളുടെ ഇരുവശങ്ങളിലും വീഴത്തക്കവിധവും തളിച്ച് നിയന്ത്രിക്കാം.

ബിന്ദു വിവേക ദേവി,

(അസിസ്റ്റന്റ് ഡയറക്ടർ, കൃഷി വകുപ്പ് )


English Summary: Gardening fire crack flower - Crossandra

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine