ഓറഞ്ച് നിറമുള്ള കാലുറക്കൽ ഇട്ട് നൃത്തം ചെയ്യുന്ന പെൺകുട്ടിയെ അനുസ്മരിപ്പിക്കുന്ന പൂക്കൾ അവ ഒരുപൂങ്കുലയിൽ ഒന്നായി വിരിഞ്ഞുനിൽക്കുന്നു. പവിഴമല്ലി ചെടി പൂത്തത് കാണാൻ കൗതുകമുള്ള കാഴ്ചതന്നെയാണ്. പൂന്തോട്ടങ്ങൾക്ക് എന്നും ഒരു മുതൽക്കൂട്ടാണ് പവിഴമല്ലി ചെടി. ചിലയിടങ്ങളിൽ പാരിജാതം എന്നും പേരുണ്ട് ഇതിന്. മിക്ക കാലാവസ്ഥയിലും ഈ വൃക്ഷം വളരുന്നു. ദക്ഷിണേന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒന്നാണ് ഈ ചെടി. വലിയ കുറ്റിച്ചെടിയായൊ ചെറിയ മരമായോ വളരുന്നു. പരുപരുത്തതും രോമങ്ങളുള്ളതുമായ വലിയ ഇലകളുണ്ട്. ഉഷ്‌ണകാലത്ത് ഇലകൾ പൊഴിയുകയും പുതിയ ഇലകൾ വരികയും ചെയ്യും. സുഗന്ധമുള്ള ഇതിന്റെ പൂക്കൾ വൈകുന്നേരങ്ങളിലാണ് വിരിയുക പകൽ കൊഴിയുകയും ചെയ്യും. പൂക്കളുടെ അടിഭാഗത്തിന് ഓറഞ്ച് നിറം ആണ്. ദളപുടം വെളുപ്പ് നിറത്തിലുമായിരിക്കും.
പാരിജാതത്തിന്റെ തടി ശരാശരി ഉറപ്പുള്ളതിനാൽ ഗൃഹോപകരണങ്ങളുടെ നിർമ്മിതിക്കുപയോഗിക്കുന്നു. എന്നാൽ കെട്ടിടങ്ങളുടെ ആവശ്യത്തിനായിട്ട് ഈ വൃക്ഷം ഉപയോഗിക്കാറില്ല. മരത്തിൽ കാതലിനു പുറമെ വെള്ളയും കാണുന്നുണ്ട്.ഇതിന്റെ കായ കാപ്‌സ്യൂൾ രൂപത്തിൽ കാണുന്നു. പാരിജാതത്തിനു വിത്തുണ്ടെങ്കിലും വിത്തുമൂലം ഇതിന്റെ വംശവർദ്ധനവ് നടക്കുന്നില്ല. കമ്പുകൾ നട്ടാണിതിന്റെ വംശവർദ്ധനവു നടത്തുക.ഇല, വേരു്, തൊലി എന്നിവ ആയുർവേദ ഔഷധങ്ങൾക്കുപയോഗിക്കുന്നു. പാരിജാതത്തിന്റെ വിത്ത് തലയിലെ താരൻ കളയാൻ ഉപയോഗിക്കാറുണ്ട്. ഇലകൾ ഉദരസംബന്ധിയായ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചുവരുന്നു
Share your comments