നമ്മുടെ വീടുകളിലെ മുറ്റങ്ങളെയും, അകത്തളങ്ങളെയും മനോഹരമാക്കുന്ന ഒരു പുഷ്‌പമാണ് റോസ് പനിനീർച്ചെടി എന്നും ഇതിനെ വിളിക്കുന്നു. പല കളറുകളിൽ പല തരത്തിൽ റോസാ ചെടികൾ കാണാൻ കഴിയും. അത്ര മനോഹരമായത് കൊണ്ട് തന്നെ ആവശ്യങ്ങളും ആവശ്യക്കാരും ഏറെയാണ്.
ഇന്ന് വിപണിയിൽ കിട്ടുന്ന ബഡ് റോസുകൾ വളർത്തുക അത്ര എളുപ്പമല്ല. നന്നായി ശ്രദ്ധിച്ചാൽ മാത്രമേ ചെടി നിലനിൽക്കുകയുള്ളൂ. സാധാരണയായി നാട്ടിൽ മഴക്കാലം കഴിഞ്ഞാൽ നഴ്‌സറികളിൽ റോസ് ചെടികൾ വന്നുതുടങ്ങും. ഇവ എല്ലാരും വാങ്ങി നട്ടുവളർത്തും എന്നാൽ കുറച്ചു കഴിഞ്ഞു വേനൽക്കാലമായാൽ രോഗം വന്ന് ചെടിയൊക്കെ നശിച്ചു പോകുന്നു. എന്നാൽ അല്പം ശ്രദ്ധയും പരിചരണവും കൊടുത്താൽ നന്നായി വളരുന്ന ചെടിയാണ്.
ഒരേ അളവിൽ എടുത്ത ആറ്റുമണൽ, പശപ്പില്ലാത്ത ചുവന്ന മണ്ണ്, നന്നായി ഉണങ്ങിയ ചാണകപ്പൊടി എന്നിവ എടുത്ത് ഒരുപിടി കൂടി ചേർത്താൽ നടാനുള്ള മിശ്രിതമായി. ഇലയുടെ മഞ്ഞളിപ്പ് നിയന്ത്രിക്കാൻ 20 ഗ്രാം സ്യൂഡോമോണസ് ചേർത്താൽ മതി. വലിപ്പമുള്ള ചട്ടിയിലാണ് മിശ്രിതം നിറയ്‌ക്കേണ്ടത്. മിശ്രിതം നന്നായി നനച്ചശേഷം ഏകദേശം 6–7 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്ത് ചട്ടി സ്ഥിരമായി വയ്ക്കണം.
ചെടികൾക്ക് നല്ല വായുസഞ്ചാരം ആവശ്യമാണ്. ചെടികൾ/ബഡ് റോസ് ഇനങ്ങൾ ചട്ടിയിൽത്തന്നെ നട്ടുവളർത്തുന്നതാണ് നല്ലത്. വർഷത്തിലൊരിക്കൽ, മഴക്കാലത്തിനു തൊട്ടുമുമ്പ് ശിഖരങ്ങളെല്ലാം താഴ്ത്തി പ്രൂൺ ചെയ്യുന്നത് പുതിയ ചിനപ്പുകളും കൂടുതൽ പൂക്കളും ഉണ്ടാകാൻ സഹായിക്കും.
രണ്ട് വർഷത്തിൽ ഒരിക്കൽ മിശ്രിതം മാറ്റണം. റോസ് തൈ നട്ടതിന് ശേഷം മൂന്ന് ആഴ്ചത്തേക്ക് വളപ്രയോഗം ആവശ്യമില്ല. ജൈവവളമായി പൊടിച്ചെടുത്ത ഉണങ്ങിയ ആട്ടിൻകാഷ്ടം, ചാണകപ്പൊടി, മീൻ ചേർത്ത ജൈവവളം എന്നിവയൊക്കെ ഉപയോഗിക്കാം. വേനൽക്കാലത്തു രണ്ട് നേരവും നനയ്ക്കണം.
റോസാച്ചെടികളിൽ ഏറ്റവും ഗൗരവമുള്ള കീടബാധയാണ് ഇലമുരടിക്കൽ. ചെടികളുടെ പൂമൊട്ടുകളിലും ഇളം ഇലകളിലും കൂട്ടമായി വന്നിരുന്ന് നീര് ഊറ്റിക്കുടിക്കുമ്പോഴാണ് കീടശല്യത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. ഈ കീടശല്യ നിവാരണത്തിന്റെ ആദ്യപടിയായി മുരടിച്ചുനില്‍ക്കുന്ന ശാഖകളും പൂമൊട്ടുകളും നീക്കം ചെയ്യണം. വിപണിയിൽ ലഭ്യമായ ഒബറോൺ, ഇമിഡാക്ലോപ്രിഡ് അടങ്ങിയ കീടനാശിനി ഒരു മി.ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ലായനിയാക്കി ഇലകളുടെ അടിഭാഗമുൾപ്പെടെ ചെടി മുഴുവനായി തളിച്ചുകൊടുക്കണം. വൈകുന്നേരങ്ങളിലാണ് ഇവ തളിക്കേണ്ടത്.
ബന്ധപ്പെട്ട വാർത്തകൾ
ഒക്ടോബർ മുതൽ ഡിസംബർ വരെ, റോസാച്ചെടി നടാൻ പറ്റിയ സമയം
Share your comments