“വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില്‍...”
വാക എന്ന വാക്കിനൊപ്പം ഏതൊരു മലയാളിക്കും അറിയാതെ നാവിൻ തുമ്പിൽ വരുന്ന വരികൾ. മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. ഒരുപക്ഷെ ഒരു നിത്യഹരിത ഗാനം എന്നു തന്നെ പറയാം.
മധ്യവേനലിൽ പൂത്തുലഞ്ഞു നിൽക്കുന്ന വാകപ്പൂമരം വസന്തകാലത്തിന്റെ തുടക്കത്തോടെ പൊഴിയുകയും ചെയ്യുന്നു. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾ ചുവന്ന പരവതാനി വിരിച്ചു വർണാഭമാക്കുന്നു.
വാക, ഗുൽമോഹർ, അലസിപ്പൂമരം, കൃഷ്ണചുര, മദിരാശിമരം തുടങ്ങി പല പേരുകളിലും ഇവ അറിയപ്പെടുന്നു. മനോഹരമായ ഓറഞ്ച് കലർന്ന ചുവന്ന പൂക്കളായതിനാൽ ഇതിനെ 'കാടിന്റെ ജ്വാല' എന്നും വിളിക്കുന്നു. വേനലിൽ പൂക്കുന്നത് കൊണ്ടാകാം വേനൽപ്പൂക്കൾ എന്നൊരു പേരും ഇതിനുണ്ട്. കുട നിവർത്തിയതു പോലെ തളിർത്തു നിൽക്കുന്നതുകൊണ്ടു തന്നെ ഇവ തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്നു. തണ്ടിന് അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരം കൂടിയാണിത്. ഇതിന്റെ തടി വിറകായും ഉപയോഗിക്കാറുണ്ട്.
അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള വാകമരം ലോകത്തിന്റെ നാനാഭാഗത്തും കണ്ടുവരുന്നു. മഡഗാസ്കർ എന്ന ആഫ്രിക്കൻ ദ്വീപ് ആണ് വാകമരത്തിന്റെ സ്വദേശം. ഇവ ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. കേരളത്തിലെ വഴിയോരങ്ങളിൽ മധ്യവേനൽക്കാലമായ ഏപ്രിൽ - മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. സിസാൽ പിനിയേസി (Caesalpinioideae) എന്ന സസ്യ കുടുംബത്തിൽപ്പെട്ട വാകമരത്തിന്റെ ശാസ്ത്രീയ നാമം ഡെലോനിക്സ് റീജിയ (Delonix regia) എന്നാണ്. ഇംഗ്ലീഷിൽ Gold Mohar, Royal Poinciana എന്നൊക്കെ ഇതിന് പേരുകളുണ്ട്. ഉഷ്ണമേഖലാസസ്യമാണ് വാക. സൂര്യപ്രകാശം ആവശ്യമുള്ള ഇവയ്ക്ക് ചെറുവരൾച്ചയും അതിശൈത്യവുമെല്ലാം താങ്ങാൻ സാധിക്കും.
പരമാവധി പത്തു മീറ്ററാകുമ്പോൾ തന്നെ ഇവയുടെ തലപ്പ് പടർന്നു പന്തലിക്കും. അതുകൊണ്ട് തന്നെ അധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. പരമാവധി അര സെന്റീമീറ്റർ മാത്രമുളള, പുളിയിലയോട് സമാനമായ വളരെ ചെറിയ ഇലകളാണ് ഇവയ്ക്കുള്ളത്. കടുത്തവേനലിലാണ് ഇവ പുഷ്പിക്കുന്നത്. ഓരോ ശാഖകളുടെയും അറ്റത്ത് കുലകളായാണ് പൂക്കൾ വിടരുക. ഏകദേശം സ്പൂണിന്റെ ആകൃതിയിൽ കടും ചുവപ്പ് നിറത്തിലുള്ള പൂക്കളാണ് ഇവയുടേത്. പരന്ന പച്ച തലപ്പും അതുനിറയെ ചുവന്ന പൂക്കളുമായി നിൽക്കുന്ന വാകപ്പൂമരം നൽകുന്ന ദൃശ്യഭംഗി പറഞ്ഞറിയിക്കാൻ പറ്റില്ല. ഒരുപാട് ആഴത്തിലേക്കു പോകാതെ ഇതിന്റെ ചുവട്ടിൽ തന്നെ വ്യാപിച്ചു നിൽക്കുന്ന രീതിയിലുള്ള വേരുകളാണ് ഇവയ്ക്ക്. അതുകൊണ്ടു തന്നെ വാകമരത്തിന്റെ ചുവട്ടിൽ മറ്റ് ചെടികൾ വളരാനുള്ള സാധ്യത വളരെ കുറവാണ്. ഏകദേശം 50 സെന്റീമീറ്ററോളം നീളവും 4 സെന്റിമീറ്ററോളം വീതിയുമുള്ള നീണ്ടു പരന്ന തോടോടു കൂടിയ കായകൾ ഇതിനുണ്ട്. ഒക്ടോബർ മാസമാണ് കായ വിളയുന്നത്. ഈ കായകളിൽ നാരുകളാൽ ചുറ്റപ്പെട്ട വിത്തുകൾ അടങ്ങിയിരിക്കുന്നു. ഇവ ഏറെ നാളുകൾക്കു ശേഷമേ മരത്തിൽ നിന്നും അടർന്നു വീഴുകയുള്ളു. ഇത് വളരെക്കാലം മരത്തിൽ തന്നെ കിടക്കും. വിത്തുകൾ പാകിയും വേരിൽ നിന്നും തൈകൾ ഉണ്ടാക്കിയും തണ്ട് മുറിച്ചു നട്ടും ഇവ വളർത്തിയെടുക്കാം.
ഈടുനിൽക്കുന്ന തടി ആയതിനാൽ ഗൃഹോപകരണങ്ങൾ പണിയുന്നതിനും അലങ്കാരവസ്തുക്കൾ നിർമിക്കുവാനും വാക മരം ഉപയോഗിക്കാറുണ്ട്. പ്രകൃതിദത്ത ചായങ്ങൾ ഉണ്ടാക്കാൻ വാകപ്പൂവും ഇതിന്റെ കായകളും ഉപയോഗിക്കാം. ഗുൽമോഹർ ചെടികളുടെ ഇലകൾ ചിലയിടങ്ങളിൽ പരമ്പരാഗത വൈദ്യത്തിൽ ഉപയോഗിച്ചു വരുന്നു. വാകപ്പൂ വിടരുന്ന സമയത്ത് നൽകുന്ന നയനാനന്ദത്തിനു പുറമെ ഇങ്ങനെയുള്ള മറ്റു ഗുണങ്ങളും ഇവ നമുക്ക് തരുന്നുണ്ട്.
ഏതൊരു കാര്യത്തിനും ഗുണങ്ങളും ദോഷങ്ങളും ഉണ്ടാകും എന്നതു പോലെ തന്നെ വാകയ്ക്കുമുണ്ട് ചില ദോഷവശങ്ങൾ. ഇവയുടെ വിത്തുകളും കായ്‌കളും ഉൾപ്പെടെയുള്ള ചില ഭാഗങ്ങളിൽ വിഷാംശം അടങ്ങിയിരിക്കുന്നു എന്നതാണ് അതിൽ പ്രധാനം. അതുകൊണ്ടുതന്നെ ചെടിയെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക, പ്രത്യേകിച്ചും വളർത്തുമൃഗങ്ങളോ ചെറിയ കുട്ടികളോ ഉണ്ടെങ്കിൽ ചെടിയുടെ ഏതെങ്കിലും ഭാഗങ്ങൾ കഴിക്കുന്നത് ഒഴിവാക്കുന്നതിൽ പ്രത്യേക ശ്രദ്ധ പുലർത്തുക. നമ്മുടെ ചുറ്റുപാടും കാണുന്ന ഓരോ ചെടികളുടെയും മരങ്ങളുടെയും ഗുണങ്ങളും ദോഷങ്ങളും ഒരുപോലെ മനസിലാക്കാൻ നാം ശ്രമിക്കണം.
Share your comments