വൈവിധ്യമാര്‍ന്ന വാഴകളാല്‍ സമൃദ്ധമാണ് നമ്മുടെ നാട്. എന്നാല്‍ കദളിപ്പഴം ഇതില്‍ നിന്നെല്ലാം രൂപത്തിലും ഗുണങ്ങളിലുമെല്ലാം വ്യത്യസ്ഥമാണ്. മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മണവും രുചിയുമെല്ലാം ഒന്നുവേറെയാണ് കദളിപ്പഴത്തിന്
ഉണങ്ങിയ കദളിപ്പഴം ഒരിക്കലെങ്കിലും രുചിച്ചവര്‍ക്കറിയാം അതിന്റെ മാധുര്യം. ഔഷധഗുണങ്ങളുമേറെയാണ് കദളിപ്പഴത്തിന്. വാഴപ്പഴങ്ങളിലെ രാജാവായാണ് കദളിയെ കണക്കാക്കുന്നത്. കൂടുതല്‍ കദളി വിശേഷങ്ങളിലേക്ക്.
ചില ആയുര്‍വ്വേദ ഔഷധക്കൂട്ടുകളിലും ഹൈന്ദവ ആരാധാനാലയങ്ങളില്‍ പൂജയ്ക്കും തുലാഭാരത്തിനുമെല്ലാം കദളിപ്പഴം വ്യാപകമായി ഉപയോഗിക്കാറുണ്ട്.
ഉദാഹരണമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടുതന്നെ കദളിപ്പഴ നിവേദ്യമാണ്. കദളിപ്പഴത്തില്‍ നിന്നുമുണ്ടാക്കുന്ന കദളി രസായനം, ബനാന ഫിഗ്‌സ് എന്നിവയ്ക്കും വിപണിയില്‍ വലിയ ഡിമാന്റാണ്.
കദളിപ്പഴം ദിവസവും കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി കൈവരിക്കാനാകും. അതുപോലെ അമിതവണ്ണം പോലുളള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാം.
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും കദളപ്പഴം ഉത്തമമാണെന്ന് പറയപ്പെടുന്നു. ചര്‍മസംരക്ഷണത്തിനും ഇതുപകരിക്കും. നാരുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും നല്ലതാണ്. മലബന്ധം പോലുളള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും കദളിപ്പഴത്തിന്റെ ദിവസേനയുളള ഉപയോഗത്തിലൂടെ സാധിക്കും.
കൃത്യമായൊരു വിപണി ഉറപ്പാക്കാന്‍ സാധിക്കാത്തതാണ് കദളിവാഴ കൃഷി ചെയ്യുന്നതില്‍ നിന്നും കര്‍ഷകര്‍ പിന്‍വാങ്ങുന്നതിന്റെ പ്രധാന കാരണമെന്ന് പറയാം.
മറ്റ് വാഴയിനങ്ങള്‍ കൃഷി ചെയ്യുന്ന പോലെ തന്നെ കദളിവാഴകൃഷിയും ചെയ്യാവുന്നതാണ്. ചാണകപ്പൊടിയും ജൈവവളങ്ങളുമെല്ലാം ഉപയോഗിക്കാവുന്നതാണ്. മെച്ചപ്പെട്ട വിളവ് തരുന്നതും കീടബാധയേല്‍ക്കാന്‍ സാധ്യതയില്ലാത്തതുമായ മാതൃവാഴയില്‍ നിന്നുളള വാഴക്കന്നുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
Share your comments