ഗൃഹാതുരത്വ ഓർമകളിലെ മധുരമേറിയ രുചിയാണ് ചാമ്പയ്ക്ക. സ്വാദിൽ മാത്രമല്ല ആരോഗ്യഗുണത്തിലും അത്യുത്തമമാണ് ചാമ്പയ്ക്ക. വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന ഫലമാണ് ചാമ്പയ്ക്ക.
വെള്ള, റോസ്, ചുവപ്പ് നിറങ്ങളില്‍ കാണപ്പെടുന്ന ഫലമാണ് ചാമ്പയ്ക്ക. നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്ന ചാമ്പയ്ക്കയുടെ സ്വദേശമെന്നാൽ കേരളമല്ല. ബാങ്കോക്കില്‍ നിന്നാണ് രുചിയേറിയ ഈ ഫലം കേരളത്തിലെത്തുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: അരി കഴുകിയ വെള്ളമോ കഞ്ഞിവെള്ളമോ ചാമ്പയുടെ ചുവട്ടിലൊഴിക്കാം, നല്ല കായ്ഫലം ലഭിക്കും
ഉപ്പും കൂട്ടി ചാമ്പയ്ക്ക കഴിച്ചിരുന്ന കുട്ടിക്കാലം എന്നാൽ ഇന്ന് വളരെ വിരളമായിരിക്കുന്നു. വിദേശ പഴങ്ങൾ വിപണിയിൽ നിറഞ്ഞപ്പോൾ ചാമ്പയ്ക്കക്ക് പഴയ മാറ്റില്ലാതായി. എന്നാൽ റോസ് ആപ്പിൾ എന്ന് വിളിപ്പേരുള്ള ചാമ്പ കൊളസ്ട്രോളിനെ നിയന്ത്രിക്കാനും പ്രമേഹത്തിന് എതിരെ പ്രവർത്തിക്കാനും വളരെ നല്ലതാണ്.
ഇതിനെല്ലാം പുറമെ ഉദര രോഗങ്ങളെ ശമിപ്പിക്കുന്നതിനുള്ള ശേഷിയും ചാമ്പയിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇത്രയധികം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ചാമ്പ എങ്ങനെ കൊളസ്ട്രോളിനും പ്രമേഹത്തിനും എതിരെ പ്രവർത്തിക്കുന്നുവെന്ന് നോക്കാം.
കൊളസ്ട്രോൾ നീക്കം ചെയ്യാൻ ചാമ്പയ്ക്ക
വിറ്റാമിന്‍ സിയുടെ കലവറയായ ചാമ്പയ്ക്കയില്‍ അടങ്ങിയിട്ടുള്ള മറ്റ് പ്രധാന പോഷക ഘടകങ്ങൾ വിറ്റാമിന്‍ എ, നാരുകള്‍, കാത്സ്യം, തൈമിന്‍, നിയാസിന്‍, ഇരുമ്പ് എന്നിവയാണ്. ഈ ഫലത്തിലുള്ള നാരുകളും പോഷകങ്ങളും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനായി പ്രവർത്തിക്കുന്നു.
രക്തക്കുഴലുകളില്‍ അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനെ നീക്കം ചെയ്യുന്നതിനൊപ്പം രക്തസഞ്ചാരം സുഗമമാക്കുന്നതിനും ചാമ്പയ്ക്ക ഗുണകരമാണ്. ഇതിനായി ചാമ്പയ്ക്ക വെറുതെ കഴിയ്ക്കാം. അല്ലാത്ത പക്ഷം ചാമ്പയ്ക്കയുടെ കുരു ഉള്‍പ്പെടെ ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനുമൊപ്പം കഴിക്കുകയും ചെയ്യാം.
ഉദരപ്രശ്നങ്ങൾക്ക് പ്രതിവിധി
ചാമ്പയ്ക്കയില്‍ 93 ശതമാനം ജലാംശം അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ പ്രശ്‌നങ്ങൾ മാറ്റാൻ സഹായകരമാണ്. വയറിളക്കം പോലുള്ള പ്രശ്നമായാലും ദഹനപ്രശ്‌നമായാലും ചാമ്പയ്ക്ക ഒരുപോലെ പ്രവർത്തിക്കുന്നു. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള ശേഷി ചാമ്പയ്ക്കയിലുണ്ട്. ഇതില്‍ ആന്റി-മൈക്രോബിയല്‍, ആന്റി-ഫംഗല്‍ എന്നീ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചിലതരം ബാക്ടീരിയല്‍ അണുബാധ, ഫംഗസ് എന്നിവയെ ഇവയ്ക്ക് പ്രതിരോധിക്കാൻ സാധിക്കും. ഇതിന് പുറമെ, കുടലില്‍ കാണപ്പെടുന്ന ചില വിരകളെ നശിപ്പിക്കുന്നതിനും ചാമ്പയ്ക്കയിലെ പോഷകഘടകങ്ങൾക്ക് സാധിക്കും.
പ്രമേഹത്തിനെതിരെ ചാമ്പയ്ക്ക
ചാമ്പയ്ക്കയിലെ ജലാംശത്തിന്റെ അളവും ഒപ്പം ഇതിലെ കാല്‍സ്യം, വിറ്റാമിന്‍ എ, സി, ഇ, ഡി6, ഡി3, കെ തുടങ്ങിയവയും പ്രമേഹത്തെ പ്രതിരോധിക്കുന്നു.
Share your comments