എന്തു നടുമ്പോഴും പെട്ടെന്ന് ഫലം കിട്ടണമെന്ന ചിന്തയാണ് നമ്മളില്‍ പലര്‍ക്കും. എന്നാല്‍ നമ്മുടെ നാട്ടിലെ പല ഫലവൃക്ഷങ്ങളും വളര്‍ന്ന് കായ്കള്‍ ഉണ്ടാകാന്‍ കാലങ്ങളെടുക്കുന്നവയാണ്.
അപൂര്‍വ്വം ചിലത് മാത്രമാണ് ഇതില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത്. അത്തരത്തില്‍ നട്ട് കുറച്ചുനാളുകള്‍ക്കുളളില്‍ ഫലം തരുന്ന ചില ഫലവൃക്ഷങ്ങളെ പരിചയപ്പെടാം.
പപ്പായ
നട്ടശേഷം പെട്ടെന്ന് ഫലം തരുന്ന മരമാണ് പപ്പായ. 20-25 അടിയോളം ഉയരത്തില്‍ വളരുന്ന മരമാണിത്. 9-11 മാസത്തിനുളളില്‍ ഫലം ലഭിക്കും. ഏറെ സ്വാദിഷ്ടമായ പപ്പായയക്ക് ഔഷധഗുണങ്ങളും ഏറെയാണ്. പൂര്‍ണമായും മഞ്ഞനിറമാകുന്നതിന് മുമ്പെ തന്നെ പപ്പായ പറിച്ചെടുത്ത് കഴിക്കാവുന്നതാണ്.
ചെറുനാരങ്ങ
നമ്മുടെ നാട്ടില്‍ മിക്കയിടത്തും കാണാറുളള ഒന്നാണ് ചെറുനാരങ്ങ മരം. 3-5 വര്‍ഷത്തിനുളളില്‍ ഇതില്‍ കായ്കളുണ്ടാകും. വിറ്റാമിന്‍ സി, പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധശേഷിയ്ക്കും ഉത്തമമാണിത്. യുറേക്ക, മെയര്‍ പോലുളളവ വളരെ പെട്ടെന്ന് കായ്ക്കുന്ന ഇനങ്ങളാണ്.
അത്തിമരം
ഏതാണ്ട് അഞ്ച് മുതല്‍ പത്ത് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷമാണിത്. നട്ട് രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഇതില്‍ ഫലങ്ങളുണ്ടാകും. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ഏറെ ഇഷ്ടമുളള പഴമായാണ് ഇതിനെ കണക്കാക്കുന്നത്. അത്തിപ്പഴം ഉണക്കിയ ശേഷം കഴിക്കാനാണ് പലര്‍ക്കും താത്പര്യം കൂടുതല്‍. ചെറിയ ഇലകളും ധാരാളം കായ്കളുമാണ് ഇതിന്റെ പ്രത്യേകത. വിത്ത് മുളപ്പിച്ചും വേരില്‍ നിന്നും കൊമ്പുകള്‍ നട്ടുമെല്ലാം തൈകള്‍ ഉണ്ടാക്കിയെടുക്കാം.
പേരമരം
വിത്തുകളില്‍ നിന്നും ഉണ്ടാക്കുന്ന മരങ്ങളില്‍ പേരയ്ക്കയുണ്ടാകാന്‍ സമയമെടുക്കും. എന്നാല്‍ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ തൈകളാണെങ്കില്‍ പെട്ടെന്ന് കായ്ക്കും. കാഴ്ചയില്‍ ചെറുതാണെങ്കില്‍ ധാതുസമ്പത്തിന്റെ പവര്‍ഹൗസ് എന്നാണ് പേരയ്ക്കയെ വിശേഷിപ്പിക്കുന്നത്. പേരയുടെ ഇലയ്ക്കും ഔഷധഗുണങ്ങള്‍ ഏറെയാണ്.
സീതപ്പഴം
പരമാവധി എട്ടുമീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരത്തിന് നിറയെ ശാഖകളുണ്ടായിരിക്കും. പലതരത്തിലുളള ഔഷധഗുണമുളള മരമാണിത്. രണ്ടോ മൂന്നോ വര്‍ഷത്തിനുളളില്‍ ഇതില്‍ കായ്കളുണ്ടാകും. കസ്റ്റാര്‍ഡ് ആപ്പിള്‍, ആത്തച്ചക്ക എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ഇതില്‍ ധാരാളമായുണ്ട്.
വാഴ
നമ്മുടെ നാട്ടില്‍ വ്യാപകമായി കൃഷി ചെയ്യുന്ന ഒന്നാണ് വാഴ. പരമാവധി ഒരു വര്‍ഷത്തിനുളളില്‍ കുലയ്ക്കും. വാഴയുടെ വിവിധ ഇനങ്ങള്‍ അലങ്കാരച്ചെടികളായും വെച്ചുപിടിപ്പിക്കാറുണ്ട്. വിവിധ പോഷകങ്ങളാല്‍ സമ്പന്നമാണ് വാഴപ്പഴം.
കൂടുതല്‍ അനുബന്ധ വാര്‍ത്തകള്‍ വായിക്കൂ :https://malayalam.krishijagran.com/farming/fruits/popular-foreign-fruits-in-kerala/
Share your comments