നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അധികവും കാണപ്പെടുന്ന ഫലമാണ് കടച്ചക്ക അഥവാ ശീമച്ചക്ക. നാട്ടില്‍ സുലഭമായി കിട്ടുന്നതുകൊണ്ടാവാം ഇതിന് വേണ്ടത്ര പ്രാധാന്യം കിട്ടാറില്ലെന്നതാണ് സത്യം.
രുചികരമായ ഒട്ടേറെ വിഭവങ്ങള്‍ ഇതുപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കും. കേരളത്തിലും തെക്ക് പടിഞ്ഞാറന്‍ കൊങ്കണ്‍ തീരങ്ങളിലുമെല്ലാം കടച്ചക്ക വ്യാപകമായി കൃഷി ചെയ്തുവരുന്നുണ്ട്.
ഫലം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും ഇതിനെ പച്ചക്കറിയായാണ് പരിഗണിക്കുന്നത്. ബ്രഡ് ഫ്രൂട്ട് എന്നും ഇതിനെ വിളിക്കാറുണ്ട്. പോഷകഗുണങ്ങളില്‍ ചക്കയെ വെല്ലുന്നതാണ് കടച്ചക്കയെന്ന് പറയപ്പെടുന്നു.
വലിയ അളവില്‍ നാരുകളും കാര്‍ബോഹൈഡ്രേറ്റുകളും കടച്ചക്കയിലുണ്ട്. അതുപോലെ കാത്സ്യം, മെഗ്നീഷ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ എ, സി എന്നിവയും ഇതിലുണ്ട്. പ്രമേഹം, കൊളസ്‌ട്രോള്‍, വയറിളക്കം, ആസ്മ, ചര്‍മ്മരോഗങ്ങള്‍ എന്നിവ ശമിപ്പിക്കാനുളള പ്രകൃദത്തമായ ഔഷധമാണിത്.
നല്ല സൂര്യപ്രകാശമേല്‍ക്കുന്നതും നീര്‍വാര്‍ച്ചയുളളതുമായ മണ്ണില്‍ കടച്ചക്ക നന്നായി വളരും. കടച്ചക്കയ്ക്ക് വിത്തുകളില്ലാത്തതുകൊണ്ട് വേരോടുകൂടിയ തണ്ടുകള്‍ ആണ് കൃഷി ചെയ്യാന്‍ ഉപയോഗിക്കുന്നത്. 20 സെ.മീ നീളമുള്ള തണ്ടുകളാണ് നടാന്‍ ഉപയോഗിക്കുന്നത്.
ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുളള കാലയളവാണ് കടച്ചക്ക നടാന്‍ മികച്ച സമയം.
60 സെന്റീമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുള്ള കുഴിയാണ് ഇതിനായി വേണ്ടത്. ചെടികള്‍ തമ്മില്‍ 12 മീറ്റര്‍ അകലം വേണം. ഒരു മരത്തിന് 25 കി.ഗ്രാ അളവില്‍ ജൈവവളം വേണം. തൈകള്‍ നട്ടുവളര്‍ത്താന്‍ തുടങ്ങുമ്പോള്‍ തന്നെ ജലസേചനം നടത്തണം. വേനല്‍ക്കാലത്ത് നന്നായി വെള്ളം ആവശ്യമാണ്.
മണ്ണില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങളുടെയും നടാനുപയോഗിക്കുന്ന തൈകളുടെയും ആരോഗ്യത്തിന്റെയും അടിസ്ഥാനത്തില്‍ മൂന്ന് മുതല്‍ ആറുവരെ വര്‍ഷങ്ങള്‍ കൊണ്ടാണ് കടച്ചക്ക പൂര്‍ണവളര്‍ച്ചയെത്തി ഫലം നല്‍കുന്നത്. ചക്കയുണ്ടാകാന്‍ തുടങ്ങിയാല്‍ മൂന്ന് മാസം കഴിഞ്ഞാണ് വിളവെടുക്കുന്നത്
Share your comments