പോഷകസമൃദ്ധമാണ് പേരക്ക എങ്കിലും നാട്ടില്‍ മരങ്ങള്‍ താരതമ്യേന കുറവ് ഇതിന് പരിഹാരമായി ഓരോ വീട്ടിലും ഓരോ പേരമരം നടാം. ഇത് എങ്ങനെ സാധിക്കും എന്നു നോക്കാം.ഇന്ന് സിഡിയം ഗുജാവ 'നാനാ' എന്ന കുള്ളന്‍ പേരമരവും, പ്രൂണ്‍ ചെയ്ത് ഫലപ്രാപ്തിയില്‍ എത്തിക്കാവുന്ന സഫേദ്, റെഡ് മലേഷ്യ, ലക്ക്‌നൗ 49 എന്നീ ഇനങ്ങളും ഉണ്ട്.
പരിമിതമായ സൗകര്യങ്ങളില്‍ ഇവ ഒതുക്കിവളര്‍ത്താം. 10 ഇഞ്ച് ഉയരവും 50 സെ. മീ. ചുറ്റളവുമുള്ള ഒരു ചെടിച്ചട്ടിയില്‍ 1:1:1 അനുപാതത്തില്‍ കമ്പോസ്റ്റ്, മണല്‍, മണ്ണ് എന്നിവ കലര്‍ത്തി നിറച്ച് തൈ നടാം.
പേര വിത്ത് ചട്ടിയില്‍ വളര്‍ത്തി എടുക്കാമെങ്കിലും പൂര്‍ണവളര്‍ച്ചയെത്താന്‍ കാലതാമസമുള്ളതിനാല്‍ ഇവയുടെ ഒട്ടുതൈകള്‍ നടാം. ഒരു വര്‍ഷം കൊണ്ട് ഇവ ഫലം തന്നുതുടങ്ങും. ഒട്ടുതൈകള്‍ ഫലക്ഷങ്ങള്‍ വില്‍ക്കുന്ന മിക്ക നടീല്‍ നഴ്‌സറികളിലും ലഭ്യമാണ്
സൂര്യപ്രകാശം യഥേഷ്ടം ലഭിക്കുന്ന സ്ഥലത്തുവേണം ചട്ടി വയ്ക്കാന്‍. നട്ട പേരത്തൈകള്‍ ദിവസവും നനക്കണം. പ്രത്യേകിച്ച് പൂവിടുമ്പോള്‍. സാധാരണ 30 അടി ഉയരത്തില്‍ വളരുന്ന പേരമരത്തിന്റെ സ്ഥാനത്ത് ഈ പറഞ്ഞ ഇനങ്ങള്‍ രണ്ടര അടിയില്‍ നിര്‍ത്താന്‍ പ്രൂണ്‍ ചെയ്‌തേ തീരു. ശാഖകള്‍ വളരുമ്പോള്‍ പ്രൂണിങ് നടത്തണം. ഒരു ശാഖയില്‍ നാലു കായ് പിടിക്കുംവിധം പൂക്കള്‍ വരുന്ന സമയത്തുതന്നെ ആരോഗ്യമുള്ള ഏതാനും പൂക്കള്‍ നിലനിര്‍ത്തി ബാക്കി നീക്കണം. കായ് പിടിത്തം ആരംഭിക്കുമ്പോഴും നാല് കായ് ഓരോ ശാഖയിലും വരുംവിധം നിര്‍ത്തി ബാക്കി അടര്‍ത്തിക്കളയാം.
ചെടി വളരുന്നതനുസരിച്ച് ചട്ടിയുടെ വലുപ്പം വ്യത്യാസപ്പെടുത്തണം. ഓരോ മാസവും 6:6:6:2 (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ്, മഗ്നീഷ്യം) രാസവളമിശ്രിതം ആദ്യ മാസം 10 ഗ്രാമും തുടര്‍ന്നുള്ള മാസങ്ങളില്‍ 15 ഗ്രാം വീതവും ഇട്ടുകൊടുക്കണം. കായ്പിടുത്തം തുടങ്ങിക്കഴിഞ്ഞാല്‍ ഈ അനുപാതം 8:3:9:2 ആയി മാറ്റണം. ഇതും 20 ഗ്രാം ഓരോ മാസവും ചേര്‍ക്കാം.ഇരുമ്പിന്റെ അഭാവം പേരയില്‍ സാധാരണ കാണാറുണ്ട്. ഇല ഞരമ്പുകള്‍ക്കിടയിലെ മഞ്ഞനിറം വ്യാപിക്കുന്നതാണ് പ്രധാന ലക്ഷണം.
സൂര്യപ്രകാശം നേരിട്ട് ചട്ടിയിലെ മിശ്രിതത്തില്‍ പതിച്ച് സൂക്ഷ്മ ജീവികളുടെ വളര്‍ച്ചയെ തടയാന്‍ സാധ്യതയുള്ളതിനാല്‍ ചട്ടിയില്‍ പുത ഇടണം. വിവിധ കീട-രോഗബാധകള്‍ ശരിയായ ജലസേചനം വഴി നിയന്ത്രിക്കാം. ചെടിയുടെ അഗ്രമുകുളം ഇടക്കിടെ നുള്ളിമാറ്റണം.നഗരത്തില്‍ സ്ഥലം കുറവുള്ളവര്‍ക്ക് ഇത്തരം തൈകള്‍ ഉപയോഗിച്ച് ടെറസിലും പേര വളര്‍ത്താം.
സാന്ദ്ര സെറ ജോര്‍ജ്,
കാര്‍ഷിക കോളേജ്, വെളളായണി
Share your comments