വിഷമില്ലാത്ത ഏക ഭക്ഷ്യവിഭവം, ലോകത്തിലെ ഏറ്റവും വലിയ പഴം അതെ പറഞ്ഞുവരുന്നത് നമ്മുടെ സംസ്ഥാന ഫലം ആയ ചക്കയെ കുറിച്ചാണ്. ചക്കയുടെ മാധുര്യം ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാണ്. ചക്കപ്പഴം നമ്മുടെ നാവിനെ മധുരതരം ആകുമെന്ന് മാത്രമല്ല നമ്മുടെ ആരോഗ്യ ജീവിതത്തെയും മധുരതരം ആകുന്നു. ശരീരത്തിൻറെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ പോഷകഘടകങ്ങളും ചക്കയിൽ അടങ്ങിയിരിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കുവാനും, പ്രമേഹ നിയന്ത്രണത്തിനും, ശരീരഭാരം കുറയ്ക്കുവാനും ചക്കപ്പഴം നല്ലതാണ്. ജീവകങ്ങൾ ആയ B1, B2, B3 എന്നിവയാൽ സമ്പുഷ്ടമാണ് ചക്കപ്പഴം. ചക്കയുടെ പോഷക മൂല്യവും വിപണിയിലെ പ്രാധാന്യവും ചക്കയെ ഇന്ന് തിരിച്ചുവരവിന്റെ രാജകീയ പാതയിൽ എത്തിച്ചിരിക്കുന്നു. ചക്കയിൽനിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്ന അനേകം പേർ നമുക്ക് ചുറ്റിലുമുണ്ട്. പ്ലാവിന്റെ തണൽ ഏൽക്കാത്ത വീടുകൾ കുറവാണ് കേരളത്തിൽ. എന്നാൽ ഒരിക്കൽ ഒരു പ്ലാവ് തൈ നട്ടു കഴിഞ്ഞാൽ കാര്യമായ പരിപാലനമോ ശാസ്ത്രീയമായ വളമിടലോ നമ്മൾ നടത്താറില്ല. എന്നാൽ പ്ലാവിൽ നിന്ന് കൂടുതൽ ഫലങ്ങൾ ലഭിക്കുവാനും അതിനെ വളർച്ച നല്ലരീതിയിൽ നടക്കുവാനും എൻ പി കെ വളങ്ങളാണ് മികച്ചത്. അതായത് നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം. ഈ npk വളങ്ങൾ നമ്മൾക്ക് വീട്ടിൽ തന്നെ നിർമ്മിക്കാം. ഇതിൻറെ നിർമ്മാണ പ്രക്രിയ പറയുന്നതിന് മുൻപ് ഇവിടെ പറയാൻ പോകുന്നത് നിങ്ങളെയെല്ലാം അലട്ടുന്ന ഒരു പ്രശ്നമാണ്.
ഒരു പ്ലാവ് നട്ടു ഫലങ്ങൾ കിട്ടാൻ കാലതാമസമെടുക്കും എന്ന് മാത്രമല്ല അതിൻറെ ഫലങ്ങൾ മുകളിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. എന്തുകൊണ്ട് ചക്ക താഴെ തടിയിൽ ഉണ്ടാകുന്നില്ല?. അതിനൊരു വഴിയാണ് ഇനി ഇവിടെ പറയാൻ പോകുന്നത്.നല്ല സൂര്യപ്രകാശമുള്ള തടിയിൽ മാത്രമേ ചക്ക ഉണ്ടാവുകയുള്ളൂ. അതിനു നാം ആദ്യം ചെയ്യേണ്ടത് കൊമ്പുകോതൽ ആണ്. ആരോഗ്യം ഇല്ലാത്തതും വളർച്ച മുരടിച്ച തുമായ കൊമ്പുകൾ പ്ലാവിൽ നിർത്തരുത്. ഒറ്റത്തടിയായി വളരാൻ ഈ പ്രയോഗം ചെയ്താൽ മതി. ഇതിനു ശേഷം നിങ്ങളുടെ കയ്യെത്തുംദൂരത്ത് ചക്ക ഉണ്ടാവാനുള്ള വഴിയാണ് പറയുന്നത്. പച്ച ചാണകം എടുത്തു തുണിയിൽ കിഴികെട്ടി നിങ്ങളുടെ കയ്യെത്തും ദൂരം എത്രയാണോ അവിടെ ഈ കിഴി പ്ലാവിന് ചുറ്റിലും വരിഞ്ഞ് കെട്ടണം. ആദ്യം തന്നെ ഒരു കോട്ടൺ തുണി എടുത്തു അതിൻറെ രണ്ടുവശവും അടിക്കുക. അതായത് തുണി കുഴൽ പോലെ ഇരിക്കണം. പ്ലാവിന്റെ പകുതി വരെയെങ്കിലും തുണി എത്തണം. ഈ തുണിയുടെ രണ്ടറ്റത്തും ചെറിയ ചരട് കൂട്ടി യോജിപ്പിക്കണം. ഇതുപയോഗിച്ച് പ്ലാവ് മുഴുവനായി വരിഞ്ഞു കെട്ടുവാൻ സാധിക്കണം. കുഴൽ പോലെ തയ്യാറാക്കിയ തുണിയിലേക്ക് മുഴുവനായും പച്ച ചാണകം നിറയ്ക്കണം. അതിന് ശേഷം നിങ്ങളുടെ കയ്യെത്തുന്ന ദൂരത്ത് ഈ തുണി ചരട് ഉപയോഗിച്ച് നന്നായി വരിഞ്ഞു മുറുക്കി കെട്ടണം. മഴയത്ത് ഒലിച്ചു പോകാതിരിക്കാൻ ആണ് തുണി ഇങ്ങനെ അടിച്ചു കെട്ടുവാൻ പറയുന്നത്. അതിന് കഴിയാത്ത പക്ഷം നിങ്ങളുടെ കയ്യെത്തും ദൂരത്ത് മരത്തടിയിൽ അല്പം തൊലികളഞ്ഞു പച്ചച്ചാണകം ഉരുളയായി എടുത്ത് തടിയുടെ പകുതിയോളം ഒട്ടിച്ച് തുണിയോ ചാക്ക് കീറിയതോ വെച്ച് നന്നായി വരിഞ്ഞ് കെട്ടിയാലും മതി. നാട്ടിൻപുറങ്ങളിൽ എല്ലാം ഈ പ്രയോഗം ചെയ്യാറുണ്ട്. ഈ മാസാവസാനത്തോടെ കൂടിയോ ഡിസംബർ ആദ്യവാരമോ ആണ് നാട്ടിൻപുറത്തെ കർഷകർ പ്ലാവിൽ കൂടുതൽ ഫലം ലഭ്യമാവാൻ ഈ പ്രയോഗം ചെയ്യുന്നത്.
ഇതുകൂടാതെ കൂടുതൽ ഫലം ലഭിക്കുവാൻ അധികം പൈസ ചെലവില്ലാതെ നിങ്ങളുടെ വീട്ടിലെ അടുക്കള മാലിന്യങ്ങൾ ഉപയോഗപ്പെടുത്തി എൻ പി കെ വളങ്ങൾ നിർമ്മിക്കാം. ചെടി വളരാൻ പ്രധാനമാണ് നൈട്രജൻ. നൈട്രജൻ ഏറ്റവും കൂടുതൽ അടങ്ങിയ വളമാണ് പച്ചചാണകം. പൊട്ടാസ്യം ആണ് കൂടുതൽ ഫലം ലഭ്യമാവാൻ വേണ്ട ഘടകം. പൊട്ടാസ്യം ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പഴം തൊലിയിലാണ്. വേരുകളുടെ കരുത്തോടെയുള്ള വളർച്ചയ്ക്ക് വേണ്ടത് ഫോസ്ഫറസ് ആണ്. എല്ലുപൊടി അല്ലെങ്കിൽ മുട്ടത്തോട് ഫോസ്ഫറസ് ലഭ്യമാവാൻ ഉപയോഗപ്പെടുത്താം. ഇതെല്ലാം സമ്പൂർണ്ണമായി അടങ്ങിയ വളമാണ് കടലപ്പിണ്ണാക്ക്. പുളിപ്പിച്ച കടലപിണ്ണാക്ക് മാത്രമേ ചെടികൾക്ക് ഉപയോഗിക്കാവൂ. ഇനി ഈ വളം എങ്ങനെ നിർമ്മിക്കാം എന്ന് നോക്കാം. ഒരു ലിറ്റർ കഞ്ഞി വെള്ളത്തിലേക്ക് നന്നായി പുളിപ്പിച്ച 250 ഗ്രാം കടലപ്പിണ്ണാക്ക് ഒഴിച്ചു ചേർക്കുക. ഇതിലേക്ക് രണ്ട് ഗ്ലാസ് വെള്ളത്തിന് നാല് ടീസ്പൂൺ ചായപ്പൊടി എന്ന രീതിയിൽ തിളപ്പിച്ച് എടുത്ത് "കട്ടൻ ചായ'' കൂടി ചേർക്കുക. അതിനുശേഷം മിനിമം അഞ്ചു പഴത്തൊലി എങ്കിലും മിക്സിയിൽ വെള്ളം ചേർത്ത് അടിച്ച് കുഴമ്പുരൂപത്തിലാക്കി ഈ മിശ്രിതത്തിലേക്ക് ഒഴിക്കുക. ഇതിലേക്ക് 100 ഗ്രാം എല്ലുപൊടി അല്ലെങ്കിൽ മുട്ടത്തോട് പൊടിച്ചത് കൂടിച്ചേർത്ത് നന്നായി ഇളക്കി ഈ മിശ്രിതം പ്ലാവിൻ ചുവട്ടിൽ നിന്ന് ഒരു മീറ്റർ അകലെയായി അര അടി താഴ്ചയിൽ കുഴിയുണ്ടാക്കി തടത്തിന് ചുറ്റും ഒഴിക്കുക. അതിനുശേഷം മേൽ മണ്ണിട്ടു മൂടുക. മുകളിൽ പറഞ്ഞ പ്രയോഗവും ഈ പ്രയോഗവും ഏതു കാലാവസ്ഥയിലും ചെയ്യാവുന്നത് ആണ്. എന്നാൽ നവംബർ മാസം അവസാനമോ ഡിസംബർ ആദ്യവാരമോ തന്നെ ഈ പ്രയോഗം ചെയ്യാൻ ശ്രമിക്കുക.
പേരയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ.. ശരീരഭാരം കുറയ്ക്കാം..
Share your comments