തൂവെള്ള മുത്തുകൾ ചേർത്ത് വച്ചതുപോലുള്ള ചെറിയ കായ്കളുടെ കൂട്ടം. അതാണ് മലർക്കായ്കൾ . നീളത്തിലുള്ള ചെറിയ ഇലകളും കായ്കളുമായി കാണപ്പെടുന്ന ഒരു ചെറുസസ്യമാണ് മലർക്കായ്മരം. പൂച്ചപ്പഴം , കാട്ടുവഴന്ന എന്നും ചില ഇടങ്ങളിൽ ഇതിനു പേരുണ്ട് . ചാമ്പയുടെ അടുത്ത ബന്ധുവായ ഇവ 'മിർട്ടേസിയ' സസ്യകുടുംബത്തിലെ അംഗമാണ്. പൂച്ചരോമം പോലെയുള്ള പൂക്കളുള്ളതിനാലാണ് പൂച്ചപ്പഴം എന്ന് ഇവ പ്രാദേശികമായി അറിയപ്പെടുന്നത്. ഞാറപ്പഴത്തിന്റെയോ വെട്ടിപ്പഴത്തിനെയോ വലിപ്പത്തിൽ വളരുന്ന മലർക്കായ്കളുടെ ഉള്ളിൽ വലിപ്പമേറിയ വിത്തുകളും കാണാം. വിത്തുകളോ കമ്പുകളോ നടീൽ വസ്തുവായി ഉപയോഗിക്കാം. ഒരു പഴച്ചെടി എന്നതിലുപരി മലർക്കായ് ഒരു ഉദ്യാന സസ്യമായാണ് കരുതപ്പെടുന്നത്.
കടും പച്ച നിറത്തിലുള്ള ഇലകളോടെ ചെറിയ കുറ്റിച്ചെടി വർഗത്തിലാണ് ഇത് ഉൾപെടുന്നതെങ്കിലും അഞ്ചുമീറ്റർ വരെ ഉയരത്തിൽ പടർന്നു വളരുന്നു. മരത്തിന്റെ ശാഖാഗ്രങ്ങളിൽ ചെറുകായ്കൾ കുലകളായി വിരിയുന്നു. ഇവയിലെ കായ്കൾ വേനൽക്കാലത്ത് പ്രത്യേകിച്ച് മേയ് മാസത്തിലാണ് പഴുക്കുന്നത്. ഭക്ഷ്യയോഗ്യമായ പഴങ്ങൾക്ക് ചെറിയ പുളിയും മധുരവുമുണ്ട് . അലങ്കാരസസ്യമായി വളർത്താവുന്ന ഇനമാണ് ഇവ. ഇവയുടെ വളർച്ചയ്ക്ക് നല്ല വെയിലും ധാരാളം ജലവും ആവശ്യമാണ്. കേരളത്തിൽ ഇവ സാധാരണയായി ഉപവനങ്ങളിലും സർപ്പക്കാവുകളിലുമാണ് കാണപ്പെട്ടിരുന്നത്. പൂന്തോട്ടങ്ങളിൽ അലങ്കാരത്തിനായി ഇവ നട്ടുപിടിപ്പിക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ട്. മിക്ക നഴ്സറികളിലും മലർക്കായ് ചെടി ഇപ്പോൾ ലഭിക്കുന്നുണ്ട് .
Share your comments