<
  1. Fruits

മാങ്കോസ്റ്റിന്‍ 

സാഹിത്യസുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന് വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിന്‍ കുടംപുളിയുടെ അടുത്ത ബന്ധുവാണ്.

KJ Staff
സാഹിത്യസുല്‍ത്താനായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന് വിശ്രമത്തണലൊരുക്കിയ വിഖ്യാതമായ മാങ്കോസ്റ്റിന്‍ കുടംപുളിയുടെ അടുത്ത ബന്ധുവാണ്. സവിശേഷമായ രൂപഭംഗിയാല്‍ അലംകൃതമായ മാങ്കോസ്റ്റിന്‍ 'പഴങ്ങളുടെ റാണി' എന്ന പേരില്‍ ലോകമെമ്പാടും ആരാധകരുള്ള ഒരു ട്രോപ്പിക്കല്‍ പഴമാണ്. തൂമഞ്ഞുപോലെ വെളുത്ത, മൃദുവായ അകക്കാമ്പാണ് ഈ പഴത്തിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം. ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടേയും നിരോക്‌സീകാരകങ്ങളുടേയും പോഷകക്കലവറതന്നെയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍.

പരാഗണവും അതോടനുബന്ധിച്ചുള്ള ബീജസങ്കലനവും സാദ്ധ്യമല്ലാത്തതിനാല്‍ പാര്‍ത്തനോകാര്‍പി എന്ന പ്രതിഭാസം വഴിയാണ് മാങ്കോസ്റ്റിന്‍ പഴങ്ങള്‍ വിളയുന്നത്. വിത്തുകള്‍ മുളച്ചുണ്ടാകുന്ന തൈകള്‍ മാതൃവൃക്ഷത്തിന്റെ തനിപ്പകര്‍പ്പുകളാണ്. അതിനാല്‍ മാങ്കോസ്റ്റിനില്‍ പ്രകടമായ ജനിതക വൈവിധ്യം കാണപ്പെടുന്നില്ല. എന്നാല്‍ 50 വര്‍ഷത്തിനുമേല്‍ പ്രായമുള്ള, തുടര്‍ച്ചയായി ധാരാളം ഫലങ്ങള്‍ നല്‍കുന്ന മരങ്ങളില്‍ നിന്ന് വിത്ത് ശേഖരിച്ച് തൈകള്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ ഗുണമേന്മയുള്ള തൈകള്‍ ലഭിക്കുകയുള്ളു. ഗ്രാഫ്റ്റ് തൈകള്‍ നന്നായി വളരുന്നതായോ തുടര്‍ച്ചയായി നല്ല വിളവ് നല്‍കുന്നതായോ കണ്ടുവരുന്നില്ല.

വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന ഫലവൃക്ഷമാണ് മാങ്കോസ്റ്റിന്‍ എന്നതിനാല്‍ ധാരാളം ജൈവവളങ്ങളും മിതമായ തോതില്‍ സംയുക്തവളങ്ങളും നല്‍കണം. തൈകള്‍ നട്ട് നാല് മാസങ്ങള്‍ക്കുശേഷം ആദ്യവളപ്രയോഗം നടത്താം. ആരംഭത്തില്‍ 500 ഗ്രാം 18:18:18 വളം തടത്തിനു ചുറ്റും വിതറി അഞ്ചു കിലോ കമ്പോസ്റ്റ് നല്‍കണം. പിന്നീട് ഓരോ വര്‍ഷവും 250 ഗ്രാം വീതം കൂട്ടി നാല് വര്‍ഷം ആകുമ്പോള്‍ ഒന്നേകാല്‍ കിലോ വീതം 18:18:18 വളം വര്‍ഷത്തില്‍ രണ്ടു തവണയായി നല്‍കണം. സംയുക്തവളങ്ങളോടൊപ്പം ധാരാളം കമ്പോസ്റ്റ്/പച്ചിലവളങ്ങള്‍ നല്‍കിയാല്‍ മണ്ണിലെ ജൈവാംശം വര്‍ദ്ധിച്ച് ചെടികള്‍ കരുത്തോടെ വളര്‍ന്ന് ഉയര്‍ന്ന വിളവ് നല്‍കുന്നതായി കണ്ടുവരുന്നു.

mangosteem farming

നല്ല നീര്‍വാര്‍ച്ചയുള്ള ധാരാളം ജൈവാംശം പി.എച്ച്.മൂല്യം 5 നും 6 നും ഇടയ്ക്കുള്ള മണ്ണാണ് മാങ്കോസ്റ്റിന്‍ കൃഷിക്ക് അനുയോജ്യം. മാങ്കോസ്റ്റിന്‍ ചെടികളുടെ ആഹാരം വലിച്ചെടുക്കുന്ന വേരുകള്‍ ഉപരിതലത്തില്‍തന്നെ വളരുന്നതിനാല്‍ മണ്ണ് ഇളക്കാന്‍ പാടില്ല. അതുകൊണ്ട് വളപ്രയോഗം നടത്തുമ്പോള്‍ മണ്ണിളക്കാതെ വശങ്ങളില്‍ നിന്ന് മണ്ണ് വെട്ടി കൂന കൂട്ടുന്നതാണ് നല്ലത്. കൊന്നപോലുള്ള പയര്‍വര്‍ഗ്ഗത്തില്‍ പെട്ട ഇലകള്‍ തടങ്ങളില്‍ പുതയിട്ട്, അതിനുമുകളില്‍ ജീവാമൃതം പോലുള്ള ലായനികള്‍ ഓരോ മാസവും ഒഴിച്ചാല്‍ മണ്ണില്‍ ഉപകാരികളായ സൂക്ഷ്മജീവികള്‍ പെരുകി മണ്ണിനെ ജീവസുറ്റതാക്കി മാറ്റും. അങ്ങനെ ചെടികള്‍ രോഗപ്രതിരോധശേഷി ആര്‍ജ്ജിച്ച് കൂടുതല്‍ കരുത്തോടെ വളരും.

mangosteen fruit

വരണ്ട മാസങ്ങളില്‍ സൂര്യപ്രകാശം നേരിട്ടു പതിച്ചാല്‍ ഇലകള്‍ പൊള്ളികരിഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്ക് മുപ്പതുശതമാനം എങ്കിലും തണല്‍ ക്രമീകരിക്കേണ്ടതുണ്ട്. തനിവിളയായി കൃഷിചെയ്യുമ്പോള്‍ തൈകള്‍ തമ്മില്‍ 30 അടി അകലം പാലിക്കാവുന്നതാണ്. തൈകള്‍ നട്ട് നാല് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പാര്‍ശ്വശിഖരങ്ങളെ ചെറിയ രീതിയില്‍ പ്രൂണ്‍ ചെയ്ത് മരങ്ങള്‍ ഇന്‍വേര്‍ട്ടഡ് പരാബോളിക്ക് ആകൃതിയില്‍ രൂപപ്പെടുത്തുന്നതും  കാനോപ്പിയെ പന്ത്രണ്ട് അടി വ്യാസത്തില്‍ പരിമിതപ്പെടുത്തി ധാരാളം ശാഖകളെ കായ്പിടുത്തത്തിന് സജ്ജമാക്കുന്നതും തായ്‌ലന്റില്‍ സാധാരണമാണ്. ഇങ്ങനെ ചെയ്താല്‍ മരങ്ങള്‍ തമ്മിലുള്ള അകലം 20 ഃ 20  ആയി കുറയ്ക്കാവുന്നതാണ്. പ്രൂണിങ്ങ് വഴി ധാരാളം പുതിയ ശാഖകള്‍ പുറപ്പെടുവിച്ച് അവയില്‍ കൂടുതല്‍ ഫലങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു. മരങ്ങള്‍ പുഷ്പിക്കുന്ന വരണ്ട മാസങ്ങളില്‍ കാനോപ്പിയില്‍ മുഴുവന്‍ നനച്ച് ഈര്‍പ്പം കൂട്ടുവാന്‍ മരത്തിന്റെ പ്രധാനശാഖയുടെ മുകള്‍ നിരപ്പില്‍ മൈക്രോ സ്പിംഗ്‌ളര്‍  ചേര്‍ത്ത് വച്ച് വെള്ളം സ്‌പ്രേ ചെയ്ത് കായ്പിടുത്ത വര്‍ദ്ധിപ്പിക്കുന്ന രീതിയും ചില രാജ്യങ്ങളില്‍ അനുവര്‍ത്തിക്കാറുണ്ട്.

കായ്‌പൊഴിച്ചില്‍ തടയാനും നല്ല ഗുണമേന്മയുള്ള പഴങ്ങള്‍ വിളയിക്കാനുമുള്ള പല രീതികളും പരീക്ഷിക്കാവുന്നതാണ്. വെള്ളത്തില്‍ നന്നായി ലയിക്കുന്ന കാല്‍സ്യം നൈട്രേറ്റ് നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി കായ്കളില്‍ സ്‌പ്രേ ചെയ്താല്‍ കായ്കളുടെ മഞ്ഞക്കറ ഒരു പരിധിവരെ നിയന്ത്രിക്കാവുന്നതാണ്. വിരിഞ്ഞ് ഒരു മാസത്തിനുശേഷം ആദ്യ സ്‌പ്രേയും തുടര്‍ന്ന് മൂന്നാഴ്ച ഇടവിട്ട് കായ്കള്‍ വിളവെടുക്കുന്നതിനു മൂന്നാഴ്ച മുമ്പുവരെ  ഇപ്രകാരം തളിക്കേണ്ടതാണ്. വിരിഞ്ഞതിനുശേഷം കായ്കള്‍ നെല്ലിക്കാ വലുപ്പത്തില്‍ ആകുമ്പോള്‍ പ്ലാനോഫിക്‌സ് അല്ലെങ്കില്‍ സൂപ്പര്‍ഫിക്‌സ് (NAA - Naphthalane Acetic Acid) 20 ppm (2 മില്ലി. 4.5 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക) തളിക്കുന്നതാണ് മറ്റൊരു രീതി.
English Summary: mangosteen fruit farming

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds