ചുവന്നു തുടുത്ത മൾബറി പഴങ്ങൾ കണ്ടാൽ നുള്ളി വായിലിടാത്തവർ ചുരുക്കമായിരിക്കും. മൾബറിചെടിയുടെ പഴങ്ങൾ മാത്രമാണ് ഭക്ഷ്യയോഗ്യമെങ്കിലും വിപണന യോഗ്യമല്ലാത്തതിനാൽ കർഷകർ മൾബറി ചെടിനടുന്നത് മറ്റു പല ആവശ്യങ്ങൾക്കും വേണ്ടിയാണ്. പട്ടുനൂൽ കൃഷിയ്ക്കുവേണ്ടിയാണ് കൂടുതലായും മൾബറി വൻതോതിൽ കൃഷിചെയ്യുന്നത്.പട്ടുനൂൽ പുഴുവിൻറെ പ്രധാന ആഹാരം മൾബറിച്ചെടിയുടെ ഇലയാകയാൽ ഇന്ത്യയിലൂടനീളം ഇത് കൃഷിചെയ്യുന്നു. പ്രധാനമായും പട്ടുനൂൽ പുഴു വളർത്തുന്നതിനു വേണ്ടി മൈസൂരിലാണ് കൂടുതൽ സ്ഥലത്ത് മൾബറിയുടെ കൃഷി വ്യാപിച്ചിട്ടുള്ളത്. മൾബറിയുടെ ഇലകൾ ചിലവുകുറഞ്ഞ നല്ലൊരു കാലിത്തീറ്റയാണ് ഇതിനുവേണ്ടിയും ഈ ചെടിവളർത്തുന്നവർ ഉണ്ട്. അധിക സമയം സൂക്ഷിച്ചുവയ്ക്കാൻ സാധിക്കില്ലെങ്കിലും പഴത്തിൽ നിന്ന് ലഭിക്കുന്ന ജൂയ്‌സിന്റെ ആകർഷകമായ നിറവും രുചിയും ഉപയോഗപ്പെടുത്താൻ സംസ്കരിച്ചും അല്ലാതെയും കേക്ക് പോലുള്ള ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിന് ഉപയോഗിച്ചുവരുന്നു. പലതരത്തിലുള്ള ചെറിയ പക്ഷികൾ സ്ഥിരം സന്ദര്ശകരാകുന്നതിനാൽ ചെറിയ ഉയരത്തിൽ വളരുന്ന ഈ ചെടി പൂന്തോട്ടങ്ങളിൽ വളർത്തുന്നത് തണലിനും കാഴചയ്ക്കും നല്ലതാണ് എന്നതിനാൽ പൂന്തോട്ടങ്ങളിലും ഇത് സ്ഥാനം പിടിച്ചു കഴിഞ്ഞു.
മഴക്കാലമാണ് മള്‍ബറി കൃഷിക്ക് അനുയോജ്യം.. മള്‍ബറി കൃഷിചെയ്യാന്‍ ആദ്യം ചെടിയുടെ ചെറുകമ്പുകള്‍ ശേഖരിക്കുകയാണ് വേണ്ടത്. നടാന്‍ പറ്റിയ കമ്പ് മുറിച്ചെടുത്ത് അത് മണല്‍, മേല്‍മണ്ണ്, ചാണകപ്പൊടി, ചകിരിച്ചോര്‍ എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം നിറച്ച ചെറുകൂടകളില്‍ നിറച്ച് കുഴിച്ച് വയ്ക്കണം. രണ്ടാഴ്ചയോടെ കമ്പുകളില്‍ പുതുവേരുകള്‍ ഉണ്ടായി തളിരിലകള്‍ രൂപപ്പെടും. അതോടെ കമ്പ് തോട്ടത്തിലേക്കോ മുറ്റത്തേക്കോ മാറ്റിനടാവുന്നതാണ്. തൈകള്‍ ചെറുവൃക്ഷമാകുന്ന സ്വഭാവമുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ നടുന്നത് അത്ര നല്ലതല്ല.
ഇലയ്ക്കുവേണ്ടി വളർത്തുകയാണെങ്കിൽ ഒൻപതാം മാസംമുതൽ വിളവെടുക്കാം പഴത്തിനു വേണ്ടിയാണെങ്കിൽ നടീൻ കഴിഞ്ഞാൽ മൂന്നാമത്തെ വര്‍ഷം മുതല്‍ മൾബറി കായ്ചു തുടങ്ങും. കാര്യമായ വളപ്രയോഗം ആവശ്യമില്ലെങ്കിലും വേനല്‍ക്കാലത്ത് കൃത്യമായി നനയ്ക്കാന്‍ ശ്രദ്ധിക്കണം. ചെറിയ തോതില്‍ ജൈവവളങ്ങള്‍ ചേര്‍ക്കുന്നതും ചെടികളുടെ വളർച്ചക്ക് നല്ലതാണ്. മള്‍ബറിയുടെ പ്രധാന ശത്രുവായ ഇല ചുരുട്ടിപ്പുഴുവിനെ തുരത്താൻ ജൈവ കീടനാശിനികൾ ഉപയോഗിക്കാം.പറയത്തക്ക കീടബാധകളും മള്‍ബറിയെ ബാധിക്കില്ല. ഇല ചുരുട്ടി പുഴുവിന്റെ ആക്രമണമാണ് ആകെ മള്‍ബറിയെ ബാധിക്കുന്നത്. അവയെ ജൈവ കീടനാശിനികള്‍ ഉപയോഗിച്ച് നിയന്ത്രിക്കുകയോ, കൈകൊണ്ട് പുഴുക്കളെ ശേഖരിച്ച് നശിപ്പിക്കുകയോ ചെയ്യണം.
Share your comments