പോഷക സമ്പന്നമായ പപ്പായ പ്രിയ ഫലമായി മാറുകയാണ്. മാമ്പഴം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിറ്റാമിന്‍ എ (2020 IU) യാല്‍ സമ്പന്നമാണിത്. വര്‍ഷം മുഴുവനും കായ്കളാല്‍ സമൃദ്ധം. മാത്രമല്ല വാഴ കഴിഞ്ഞാല്‍ ഏറ്റവുധികം ഉത്പാദനക്ഷമതയുള്ള ഫലവര്‍ഗ്ഗം, കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം. ഈ കാരണങ്ങളാല്‍ കേരളത്തിലെ പല ജില്ലകളിലും വാണിജ്യാടിസ്ഥാനത്തിലുള്ള പപ്പായ കൃഷി തുടങ്ങിക്കഴിഞ്ഞു.
മണ്ണും, കാലാവസ്ഥയും
നമ്മുടെ കാലാവസ്ഥയില്‍ വളരെ നല്ല രീതിയില്‍ വളരുന്ന വിളയാണ് പപ്പായ. 22 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് താപനില കൃഷിക്ക് അനുയോജ്യം. തീരെ താഴ്ന്ന താപനിലയും, ശക്തമായ മഴയും, വരള്‍ച്ചയും ഇതിന്റെ കൃഷിക്ക് അനുയോജ്യമല്ല. നല്ല നീര്‍വാര്‍ചയുള്ള വെള്ളക്കെട്ടില്ലാത്ത സ്ഥലം വേണം കൃഷിക്ക്. ചുവട്ടില്‍ വെള്ളംകെട്ടുന്നത് കടചീയാന്‍ കാരണമാകും.
ഇനങ്ങള്‍
പപ്പായ കൃഷി വിജയിക്കാന്‍ ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ വേണം. വ്യാവസായികാടിസ്ഥാനത്തില്‍കൃഷി ചെയ്യുമ്പോള്‍ പെണ്‍പൂക്കളും, ദ്വിലിംഗ പൂക്കളും ഒരേ ചെടിയില്‍ കാണുന്ന (Gynodioecious) ഇനങ്ങള്‍ തിരഞ്ഞെടുക്കണം. ഇത്തരം സങ്കര ഇനങ്ങളാണ് സൂര്യ, അര്‍ക്കപ്രഭാത്, റെഡ് ലേഡി എന്നിവ. ഇതുപോലെ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ മറ്റിനങ്ങളാണ് കൂര്‍ഗ്ഗ് ഹണിഡ്യൂ, സോളോ, സി.ഓ-3, സി.ഒ-7 എന്നിവ.
ചിലയിനം പപ്പായില്‍ ആണ്‍ചെടികളും പെണ്‍ചെടികളും വെവ്വേറെയായി കാണാം (dioecious). അത്തരം ഇവയില്‍ സി.ഒ-2, സി.ഒ-5, സി.ഒ-8 തുടങ്ങിയവ. ഇവയില്‍ നിന്നാണ് കൂടുതല്‍ കായ്കള്‍ ലഭിക്കുക.
പപ്പായയിലെ കുള്ളന്‍ ഇനങ്ങളാണ് സി.ഒ-6, പൂസ ഡ്വാര്‍ഫ്, പൂസ നന്‍ഹ എന്നിവ. കായ്കള്‍ പറിച്ചെടുക്കുവാനുള്ള സൗകര്യം കണക്കിലെടുത്ത് ഇവയെ നമ്മുടെ വീട്ടുവളപ്പില്‍ കൃഷി ചെയ്യാം. പക്ഷേ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഇവ അനുയോജ്യമല്ല. ഇവയെ അതിസാന്ദ്രതാ കൃഷി രീതിക്ക് ഉപയോഗിക്കാം.
കൃഷിരീതി
ചെറിയ ദ്വാരങ്ങളിട്ട പോളിബാഗില്‍ മണ്ണ്, മണല്‍, (ചകിരിച്ചോറ്), ചാണകപ്പൊടി എന്നിവ ഒരേ അനുപാതത്തില്‍ ചേര്‍ത്ത മിശ്രിതം നിറച്ച് വിത്ത് പാകാം. ഒരു പോളിബാഗില്‍ രണ്ട് വിത്ത് വീതം പാകണം. അതുപോലെ പ്രോട്രേകളിലും മിശ്രിതം നിറച്ച് വിത്ത് പാകാം. വിത്തിന് മുകളില്‍ നേര്‍ത്ത പാളി മണ്ണിടാം. രണ്ടാഴ്ച കൊണ്ട് വിത്ത് മുളച്ചു വരും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളാണ് ഇതിന് ഏറ്റവും ഉത്തമം. Dioecious ഇനങ്ങള്‍ ഒരേക്കര്‍ സ്ഥലത്ത് കൃഷി ചെയ്യാന്‍ 100 ഗ്രാം വിത്ത് വേണം. അതേ സമയം gynodioecious ഇനങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ 30 - 40 ഗ്രാം വിത്ത് മതി.
പപ്പായവിത്തിന്റെ അങ്കുരണ ശേഷി വളരെ വേഗം നഷ്ടമാകും. സാധാരണ ഗതിയില്‍ 65 ശതമാനംവിത്ത് മാത്രമേ മുളയ്ക്കാറുള്ളൂ. വിത്തിന്റെ മുളയ്ക്കല്‍ ശേഷി കൂട്ടാന്‍ ജിബറലിക്ക് ആസിഡ് (Gibberellic acid) എന്ന ഹോര്‍മോണ്‍ 100 പി.പി.എം (100 മില്ലി ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചെടുത്തത്) സാന്ദ്രതയില്‍ ലയിപ്പിച്ച ലായനിയില്‍ എട്ട് മണിക്കൂര്‍ വിത്ത് മുക്കിവച്ചശേഷം നട്ടാല്‍ മതി.
നടീല്‍ രീതി
പപ്പായ തൈകള്‍ നടുന്നതിന് 50 സെ.മീ നീളം, വീതി താഴ്ചയുള്ള കുഴികള്‍് എടുക്കണം. രണ്ട് പപ്പായ ചെടികള്‍ തമ്മിലും, രണ്ട് വരികള്‍ തമ്മിലും 2 മീറ്റര്‍ അകലം പാലിക്കണം. ഈ രീതിയില്‍ ഒരു സെന്റില്‍ 10 ചെടി നടാം. ഒന്ന് മുതല്‍ ഒന്നരമാസം പ്രായമായ തൈ നടാം. രണ്ട് മാസത്തില്‍ കൂടുതല്‍ പ്രായമായ തൈകള്‍ നട്ടാല്‍ വേരുകള്‍ക്ക് ക്ഷതം ഉണ്ടാകും. പൂക്കളും കായ്കളും ഉണ്ടാകുന്നത് കുറയുകയും ചെയ്യും.
ആണ്‍-പെണ്‍ ചെടികള്‍ ഉണ്ടാകുന്ന ഇനങ്ങള്‍ നടുമ്പോള്‍ ഒരു കുഴിയില്‍ 2-3 തൈകള്‍ നട്ട് ചെടികള്‍ പുഷ്പിക്കുമ്പോള്‍ ആണ്‍മരങ്ങള്‍ വെട്ടിമാറ്റി ഒരു കുഴിയില്‍ ഒരു ചെടി എന്ന തോതില്‍ നിലനിര്‍ത്തണം. ഇത്തരം ഇനങ്ങള്‍ പുഷ്പിക്കുമ്പോള്‍ പരാഗണത്തിന് 10 പെണ്‍മരത്തിന് ഒരാണ്‍മരം എന്ന തോതില്‍ നിര്‍ത്താം. പക്ഷേ gynodioecious ഇനങ്ങള്‍ക്ക് ഇത് ബാധകമല്ല.
അതിസാന്ദ്രതാ കൃഷിയില്‍ കേരളത്തിലെ കാലാവസ്ഥയില്‍ 1.75മീറ്റര്‍ × 1.75മീറ്റര്‍ (അതായത് രണ്ട് ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 1.75 മീറ്റര്‍) അകലത്തില്‍ പപ്പായ ചെടി നടുമ്പോള്‍ നല്ല വിളവ് ലഭിക്കും.ഈ കൃഷിരീതിയില്‍ ഒരു സെന്റില്‍ 10 ചെടിക്കു പകരം 13 ചെടികള്‍ നടാം സാധിക്കുന്നു. ഇതിലും അടുപ്പിച്ച് ചെടി നട്ടാല്‍ ചെടികള്‍ക്ക് നീളം കൂടി കായ്കളുടെ വലിപ്പം കുറയുന്നു.
വളപ്രയോഗം
ഒരു വര്‍ഷം പപ്പായ ചെടിയൊന്നിന് പലതവണകളായി 10 മുതല്‍ 15 കിലോ വരെ ജൈവവളം നല്‍കണം. നടുമ്പോള്‍ ചെടിയൊന്നിന് 5 ഗ്രാം മൈക്കോറൈസ നല്‍കുന്നതും നന്ന്. കൂടാതെ രണ്ട് മാസം കൂടുമ്പോള്‍ 90 ഗ്രാം യൂറിയ, 200 ഗ്രാം രാജ്‌ഫോസ്, 130 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങള്‍ ആറ് തവണ നല്‍കണം. പുറമേ നട്ട് നാലാം മാസവും ഏഴാം മാസവും സിങ്ക് സള്‍ഫേറ്റ് (5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്), ബോറാക്‌സ് (3 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത്) എന്നീ സൂക്ഷ്മ മൂലക വളങ്ങള്‍ ഇലകളില്‍ തളിച്ചു കൊടുക്കുന്നത് നന്ന്.
മൂന്നര മുതല്‍ അഞ്ച് മാസമാകുമ്പോഴേക്ക് പൂക്കള്‍ ഉണ്ടായി കായ്കള്‍ പിടിച്ചു തുടങ്ങും. ദ്വിലിംഗ പുഷ്പങ്ങള്‍ ഉണ്ടാകുന്ന ചെടികളില്‍ നിന്ന് നീണ്ടുരുണ്ട (cylindrical) കായ്കളും, പെണ്‍ചെടികളില്‍ നിന്ന് ഉരുണ്ട (round) കായ്കളും ലഭിക്കും. വാണിജ്യ കൃഷിയില്‍ രണ്ടു രണ്ടര-വര്‍ഷം ഒരു ചെടിയില്‍ നിന്ന് വിളവ് എടുക്കുന്നതാണ് നല്ലത്. ശേഷം ചെടികള്‍ നിര്‍ത്തുന്നത് ലാഭകരമല്ല.
പപ്പായയില്‍ നിന്നും പപ്പയിന്‍ എന്ന കറ ശേഖരിച്ച് വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നു. 70 മുതല്‍ 100 ദിവസം മൂപ്പെത്തുമ്പോള്‍ കായ്കളില്‍ നിന്നും കറയെടുക്കാം. കായ്കളുടെ തൊലിയില്‍ കത്തി ഉപയോഗിച്ച് ചെറുതായി മുറിവേല്പിച്ച് വരുന്ന കറ ഒരു പാത്രത്തില്‍ ശേഖരിച്ച് 50 -55ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ ഉണക്കി സൂക്ഷിക്കാം. സംഭരണ കാലവധി വര്‍ദ്ധിപ്പിക്കാന്‍ അല്പം പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് (0.05%) ചേര്‍ക്കണം. സി.ഒ-2, സി.ഒ-5, സി.ഒ-6 എന്നീ ഇനങ്ങളാണ് പപ്പയിന്‍ ഉത്പാദനത്തിന് ഉത്തമം.
രോഗകീടനിയന്ത്രണം
നഴ്‌സറിയിലെ തൈ അഴുകല്‍, തണ്ടു ചീയല്‍, രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി മണ്ണില്‍ ഒഴിച്ചു കൊടുക്കാം.
കടചീയല്‍/ ചുവടു ചീയല്‍ രോഗം
നീര്‍വാര്‍ച്ചാ സൗകര്യം കുറഞ്ഞ സ്ഥലങ്ങളില്‍ ചുവടു ചീയല്‍ രോഗം കാണാം.ഇത് നിയന്ത്രിക്കുവാന്‍ കോപ്പര്‍ ഓക്‌സി ക്ലോറൈഡ് മൂന്ന് മുതല്‍ നാല് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയുടെ ചുവട്ടിലുള്ള മണ്ണില്‍ ഒഴിക്കണം. രണ്ട് -രണ്ടര ലിറ്റര്‍ ലായനി ഒരു ചെടിയുടെ ചുവട്ടില്‍ ഒഴിക്കേണ്ടതായി വരും. കോപ്പര്‍ ഓക്‌സീ ക്ലോറൈഡ് കുഴമ്പ് രൂപത്തിലാക്കി രോഗം ബാധിച്ച ഭാഗത്ത് ബ്രഷ് ഉപയോഗിച്ച് തേച്ച് പിടിപ്പിക്കാം.
ആന്ത്രാക്‌നോസ്
ഈ രോഗം ഇലകളിലും കായ്കളിലും തവിട്ടു നിറത്തിലുള്ള പൊട്ടുകളായി കാണപ്പെടുന്നു. രോഗം നിയന്ത്രിക്കുന്നതിനായി മാംഗോസെബ് - 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ചത് അല്ലെങ്കില്‍ ബാവിസ്റ്റിന്‍ 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച ലായനി രോഗം ബാധിച്ച ഭാഗങ്ങളില്‍ തളിച്ചു കൊടുക്കുക.
പപ്പായ റിങ് സ്‌പോട്ട്
ഇലകള്‍ കുരുടിച്ചും കായ്കളില്‍ കടുംപച്ച നിറത്തില്‍ വളയാകൃതിയുള്ള പൊട്ടുകള്‍ പോലെ ഈ രോഗം കാണാം. ഇത് നിയന്ത്രിക്കാന്‍ മുന്‍കരുതലെന്ന നിലയ്ക്ക് കൃഷി തുടങ്ങുന്നതിന് ഒരു മാസം മുമ്പ് രണ്ട് വരി ചോളം നടണം. രണ്ടാഴ്ചയിലൊരിക്കല്‍ വേപ്പെണ്ണ-സോപ്പ് മിശ്രിതം ചെടികളില്‍ തളിക്കാം. കൂടാതെ മഞ്ഞക്കെണി അഞ്ച് എണ്ണം ഒരേക്കര്‍ സ്ഥലത്തിന് എന്ന തോതില്‍ കൃഷിയിടത്തില്‍ സ്ഥാപിക്കുക. മാസത്തില്‍ ഒരിക്കല്‍ സ്യൂഡൊമോണസ് ലായനി 20 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ ഇലകളില്‍ തളിക്കുക. ശുപാര്‍ശ പ്രകാരം വളം ചേര്‍ക്കണം.
മീലി ബഗ്ഗ്
മീലി മൂട്ടയുടെ ആക്രമണം നിയന്ത്രിക്കാന്‍ ജൈവ കീടനാശിനിയായ ലെക്കാനിസീലിയം ലെക്കാനി 20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കായ്കളിലും ഇലകളിലും തളിക്കണം.
ഡോ. ബിന്ദു. ബി, അസിസ്റ്റന്റ് പ്രൊഫസര്‍
കേരള കാര്‍ഷിക സര്‍വ്വകലാശാല.
Share your comments