പഴങ്ങളിലെ താരമാണ് പപ്പായ. മഴയും, മഞ്ഞും , വേനലും വകവയ്ക്കാതെ എക്കാലത്തും നിറയെ ഫലം തരുന്ന പപ്പായ നഗരത്തിലും നാട്ടിൻ പുറത്തും ഒരുപോലെ കായ്ക്കുന്ന ഒരു ഫലം. പഴമായിട്ടുമാത്രമല്ല പച്ചയ്ക്കും കറിവയ്ക്കാനും, ജാം, സ്ക്വാഷ്, വൈൻ തുടങ്ങി എല്ലാത്തിനും ഇത് ഉപയോഗിച്ചുവരുന്നു. പപ്പായയുടെ എല്ലാഭാഗങ്ങളും ഉപയോഗപ്രദമാണ് . കായ്, ഇലകൾ , തുടങ്ങി ഇതിന്റെ കറ വരെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറുണ്ട്. ഒരു വീട്ടിൽ ഒരു പപ്പായ മരം വളർത്തുക എന്നത് ഒട്ടും പ്രയാസമുള്ള കാര്യമല്ല. ചാക്കിലോ ഗ്രോ ബാഗിൽപോലും പപ്പായ വളർത്താം. പപ്പായ കൃഷി ചെയ്തു ലാഭമുണ്ടാക്കുന്നവരും ഉണ്ട്.
പപ്പായ കൃഷി ചെയ്യുന്നവർക്കുള്ള ചില മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാ
വ്യാവസായിക അടിസ്ഥാനത്തിൽ പപ്പായ കൃഷി ചെയ്യുന്നവർ ഗുണമേന്മയുള്ള പപ്പായ തൈകൾ ഉത്പ്പാദിപ്പിക്കുന്നത് നല്ലതായിരിക്കും.ചാണകപ്പൊടി, മണ്ണ് എന്നിവ 1:1 എന്ന അനുപാതത്തില്‍ വേപ്പിന്‍ പിണ്ണാക്കും ട്രൈക്കോഡെര്‍മയും ചേര്‍ത്ത് നാലു ദിവസം തണലത്ത് വെക്കുക. ചെറിയ കൂടുകളില്‍ നിറച്ച് അര സെമീ ആഴത്തില്‍ വിത്തുകള്‍ പാകുക. ഒന്നര ആഴ്ച കൊണ്ട് വിത്തുകള്‍ മുളയ്ക്കും . കവറിനുള്ളില്‍ ആവശ്യത്തിനു ജലാംശം നിലനിർത്തുവാൻ ശ്രദ്ധിക്കണം. സ്യൂഡോമോണസ് 5ഗ്രാം, ഗോമൂത്രം 200മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ആഴ്ചയിലൊരിക്കല്‍ രാവിലേയോ വൈകിട്ടോ സ്പ്രൈ ചെയ്ത് കൊടുക്കണം.
ഒരുമാസം പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചു നടാം. ഒരു തടത്തില്‍ രണ്ടു തൈകള്‍, രണ്ടു മീറ്റര്‍ അകലത്തില്‍ നടാം.ചെടികള്‍ വളര്‍ന്നു വരുന്ന സമയത്തു തണ്ടില്‍ നിന്നും ചെറിയ ശാഖകള്‍ ഉണ്ടായാല്‍ അടര്‍ത്തി കളയണം. കീടരോഗ ബാധകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണം. മഞ്ഞനിറം ബാധിക്കുന്ന ഇലകള്‍ ഉടന്‍ നീക്കം ചെയ്യണം. വളര്‍ച്ച മുരടിച്ചവ, രോഗബാധയുള്ളവ എന്നിവ വേഗം പറിച്ചു കത്തിച്ചു കളയുക. രോഗം പടരാനുള്ള സാഹചര്യമുണ്ടാക്കരുത്. വെള്ളം അമിതമാകാനും കുറയാനും പാടില്ല. ചൂടുള്ള കാലാവസ്ഥയില്‍ ജലാംശം പിടിച്ചുനിര്‍ത്താന്‍ ശേഷിയുളള മണ്ണില്‍ ആഴ്ചയിലൊരിക്കല്‍ ജലസേചനം നടത്തിയാല്‍ മതി. ജലാംശം ഇല്ലാത്ത അവസ്ഥയില്‍ ചെടിയില്‍ പൂക്കള്‍ പൊഴിയുകയും കായ്പിടുത്തം ഉണ്ടാവുകയുമില്ല. ജലസേചനം രാവിലേയോ, വൈകിട്ടോ ചെയ്യാവുന്നതാണ്. ജലത്തോടൊപ്പം 100% ജലത്തില്‍ അലിയുന്ന വളങ്ങളും ചേര്‍ത്തു കൊടുക്കാം.
പ്ലാസ്റ്റിക്ക് മള്‍ച്ചിങ്ങ് കൃഷിസ്ഥലത്ത് നടപ്പാക്കുകയാണെങ്കില്‍ അമിതമായ ജലബാഷ്പീകരണം തടയുകയും മൂലകങ്ങള്‍ അന്തരീക്ഷത്തില്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യും. ഇത് കളപിടുത്തം തടയാനും വേരുകളുടെ വളര്‍ച്ച കൂട്ടുകയും ചെയ്യും. ഒരുപരിധിവരെ ഫംഗല്‍ രോഗങ്ങളില്‍ നിന്ന് രക്ഷിക്കുകയും ചെയ്യും.
പപ്പായ കൃഷിയുടെ വിജയത്തിന് ചെടിയുടെ വളര്‍ച്ച മനസ്സിലാക്കിയുള്ള വളപ്രയോഗം ആവശ്യമാണ്. പപ്പായ കൃഷിയില്‍ കള നിയന്ത്രണം ചെടികളുടെ വളര്‍ച്ചക്ക് വളരെ നല്ലതാണ്. കീടങ്ങളും ഫംഗല്‍ രോഗങ്ങളും കളയിലുടെ ചെടികളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. കളകള്‍ക്കിടയില്‍ ഉറുമ്പിന്റെ സാന്നിധ്യം കൂടുതലായിരിക്കും. കളകളെ നിയന്ത്രിക്കാന്‍ ഒരിക്കലും കീടനാശിനികള്‍ ഉപയോഗിക്കരുത്. മണ്ണിലെ സൂഷ്മാണുക്കളുടെ വളര്‍ച്ചയെ ഇത് തടയുകയും ഫ്രൂട്ടസിലും തണ്ടിലും കളനാശിയുടെ അംശം അടിഞ്ഞ് കൂടാന്‍ ഇതു കാരണമാകും. തടത്തില്‍ പാഴ്‌വസ്തുക്കള്‍ കൊണ്ട് പുതയിടുകയോ പ്ലാസ്റ്റിക്ക് ഷീറ്റ് കൊണ്ട് മള്‍ച്ചിങ്ങ് നടത്തുകയോ ചെയ്യുന്നതാണ് കള നിയന്ത്രണത്തിന് ഉത്തമം.
പപ്പായകൃഷി വ്യാവസായിക അടിസ്ഥാനത്തില്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി കീടരോഗബാധകളെ നിയന്ത്രിച്ചു നിര്‍ത്തുക എന്നതാണ്. വൈറല്‍ രോഗങ്ങള്‍, മീലിബഗ്, ഫ്‌ളൈറ്റ് ഓഫ്‌തോറ, മൈറ്റ്, നെമറ്റോയ്ഡ്, കട്ട്‌വേം, എഫിഡ് എന്നിവ ഇവയില്‍ ചില രോഗങ്ങളാണ്. വൈറല്‍ രോഗങ്ങള്‍ തടയാന്‍ ജൈവനിയന്ത്രണ മാര്‍ഗങ്ങളായ ആയുര്‍വേദകഷായക്കൂട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്. പഴങ്ങള്‍ക്ക് മഞ്ഞ നിറം വന്നു തുടങ്ങുമ്പോള്‍ വിളവെടുപ്പിനു സമയമായി എന്നു കരുതാം. പപ്പായ കൈകൊണ്ട് അടര്‍ത്തി എടുക്കുന്നതാണ് ഉത്തമം. പറിച്ചു വച്ചതിനു ശേഷമാണ് നന്നായി പഴുക്കുന്നത്. പുതുമ നഷ്ടപ്പെടാതിരിക്കാന്‍ പറിച്ച പഴങ്ങള്‍ ന്യൂസ് പേപ്പറില്‍ പൊതിഞ്ഞ് ബോക്‌സില്‍ അടുക്കി വയ്ക്കണം. പഴുക്കുന്നതിനനുസരിച്ച് ആവശ്യാനുസരണം വിപണിയിലെത്തിക്കാവുന്നതാണ്.
Saritha Trissur
Share your comments