Fruits

നൂറുമേനി വിളവും ലാഭവും നേടാൻ ജാമ്പ കൃഷി

മലേഷ്യ, വിയത്നാം, ഇന്തോനേഷ്യ, തായ്ലന്റ്, ശ്രീലങ്ക, ബംഗാൾ, ന്യൂഗിനിയ, ഓസ്ത്രേലിയ എന്നിവിടങ്ങളിലും ഇന്ത്യയിൽ എല്ലായിടത്തിലും പ്രത്യേകിച്ച് ആന്ധ്രാപ്രദേശ്, കർണ്ണാ‍ടക, കേരളം എന്നിവിടങ്ങളിലും കൃഷിചെയ്തുവരുന്ന ചെറിയ വൃക്ഷമാണ് ജാമ്പ മരം. പ്രാദേശികമായി ചാമ്പ, ഉള്ളിച്ചാമ്പ എന്നീപേരുകളിലും അറിയപ്പെടുന്നു. തെക്ക് കിഴക്കൻ ഏഷ്യയാണ് ജന്മദേശം. റോസ്, ചുവപ്പ് നിറത്തിൽ കാണുന്ന ഇവയുടെ പഴം മണിയുടെ ആകൃതിയായതിനാൽ ബെൽ ഫ്രൂട്ടെന്നും അറിയപ്പെടുന്നു. ഉപ്പ് വെള്ളമുള്ള സ്ഥലങ്ങളുള്ള സ്ഥലങ്ങളിൽ പോലും വളരാറുള്ള ഇവയ്ക്ക് കാര്യമായ പരിചരണങ്ങൾ വേണ്ട.

സസ്യ വിശേഷങ്ങൾ :

ഏകദേശം 5-15 മീറ്റർ വരെ നീളമുള്ളതും ചെറു ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ ബഹുവർഷിയായ കുറ്റിച്ചെടിയാണ് ജാമ്പ മരം. കിഴക്ക്- തെക്ക് ഏഷ്യയിലെ സാന്നിദ്യമായ ജാമ്പ മഴക്കാടുകളിലും മൺസൂൺ കാടുകളിലും വരെ കാണാറുണ്ട്. നല്ല മഴ പോലും സഹ്യമായ ജാമ്പ പ്രകൃതി ദത്ത ഔഷധ സസ്യം കൂടിയാണ്. നല്ല അലങ്കാര വൃക്ഷമായും തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കാവുന്നതാണ്.

ജാമ്പയില പനി കുറയ്ക്കുന്നതിന് ഔഷധമായി ഉപയോഗിക്കുന്നു.

മലേറിയ, ന്യുമോണിയ, വയറിളക്കം, വയറുവേദന എന്നിവയുടെ ചികിത്സയ്ക്കും ജാമ്പയുടെ പച്ചില ഔഷധമായി ഉപയോഗിക്കുന്നു.

ജാമ്പപ്പൂവ് പനി, വയറിളക്കം എന്നിവ കുറയ്ക്കുന്നതിന് ഉപയോഗിക്കുന്നു.

ജാമ്പ കായ്കൾ പ്രത്യൌഗികങ്ങളുടെ നേർത്ത സ്വഭാവം കാണിക്കുന്നു.

വിവിധ ഇനങ്ങൾ :

ജാമ്പ സധാരണയായി കാണുന്ന തരത്തിലാണുള്ളത്. സാധാരണ ഇനം കൂടാതെ ലയറിംഗ് / ബഡ്ഡ് തൈകളും കാ‍ണാറുണ്ട്. നിറത്തിന്റെ അടിസ്ഥാനത്തിൽ മൂന്നിനങ്ങൾ കൂടിയുണ്ട്.

സാധാരണ ജാമ്പ:

സാധാരണ ജാമ്പ ഏകദേശം 10-12 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നു. ജാമ്പപ്പഴം മറ്റിനങ്ങളേക്കാൾ വലുപ്പവും നിറവും രുചിയും കുറവാണ്. ഇളം കായ് വെള്ളനിറവും വിളഞ്ഞു പഴുക്കുമ്പോൾ ഇളം ചുവപ്പ് നിറവുമാകും. അകത്തെ മാംസള ഭാഗം വെളുപ്പും, ഫലത്തിൽ നിന്നും വേറിട്ട രീതിയിൽ വെളുത്ത ആവരണത്തിൽ പൊതിഞ്ഞ ചാര നിറമുള്ള വിത്തുകളുമാണുള്ളത്. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

ചുവന്ന ജാമ്പ:

സാധാരണ ജാമ്പ ഇനത്തെപ്പോലെ പ്രകൃതമുള്ള ഇനമാണിത്. ഇതിന്റെ ഇലയ്ക്കും കായ്ക്കും നീളവും വലുപ്പവുമുണ്ട്. ഇതിന്റെ ജാമ്പപ്പഴം സാധാ ഇനങ്ങളേക്കാൾ വലുപ്പവും നിറവും രുചിയും കൂടുതലാണ്. വിളഞ്ഞു പഴുക്കുമ്പോൾ കടും ചുവപ്പ് നിറവും നീര് കൂടുതലുമാണ്. ഏതാണ്ട് 20 വർഷത്തോളം  ആയുസ്സുണ്ട്.

വെളുത്ത ജാമ്പ:

സാധാരണ ജാമ്പ ഇനത്തെപ്പോലെ പ്രകൃതമുള്ള ഇനമാണിത്. ഇതിന്റെ ഇലയ്ക്കും കായ്ക്കും നീളവും വലുപ്പവുമുണ്ട്. ഇതിന്റെ ജാമ്പപ്പഴം സാധാ ഇനങ്ങളേക്കാൾ വലുപ്പവും നിറവും രുചിയും കൂടുതലാണ്. ചെറുപ്പം മുതൽ വിളഞ്ഞു പഴുക്കുമ്പോൾ വരെയും വെളുപ്പ് നിറവും നീര് കൂടുതലുമാണ്. വിത്ത് വലുപ്പം കൂടുതലാണ്.

ജാമ്പ- വിത്തില്ലാത്ത ഇനം:

വിദേശ ഇനമായ ഈ ഇനം ജാമ്പയ്ക്ക് സാധാരണ ഇനത്തിന്റേതിനേതുപോലുള്ള പൊതു പ്രകൃതങ്ങളുണ്ടെങ്കിലും കായ്ക്കുള്ളിൽ വിത്തില്ല എന്ന സവിശേഷ ഗുണമുണ്ട്. സാധാരണ ഇനത്തിന്റെ കായ്കളെക്കാൾ നിറവും വലുപ്പവുമുണ്ടാകും.

ജാമ്പ – ബഡ്ഡ് / ഗ്രാഫ്ട്:

ജാമ്പ – ബഡ്ഡ് / ഗ്രാഫ്ട് ഏകദേശം 6-8 മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമാണ്. എല്ലായിനം ജാമ്പകളും ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാവുന്നതാണു. അവയുടെ മാതൃഗുണം കൂടുതലായിരിക്കും. ബഡ്ഡ് / ഗ്രാഫ്ട് ചെയ്യാനെടുക്കുന്ന ജാമ്പ മരത്തിന്റെ വലുപ്പത്തേക്കാൾ ചെറുതും ധാരാളം ശാഖകളും  ബഡ്ഡ് / ഗ്രാഫ്ട് ഇനത്തിനുണ്ടാ‍വും. സധാരണ ജാമ്പ മരത്തേക്കാൾ കൂടുതൽ ഫലം ലഭിക്കും. ഏതാണ്ട് 15-17 വർഷത്തോളം  ആയുസ്സുണ്ട്.

പരാഗണവും വിതരണവും ഉത്പാദനവും:

തേനീച്ച, കാറ്റ്, പൂമ്പാറ്റ, മറ്റ് ഈച്ചകൾ എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു. പക്ഷികൾ, അണ്ണാൻ, എലി, കുരങ്ങ് എന്നിവ മുഖേനെ വിത്ത് വിതരണം നടക്കുന്നു.

കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 2-3 വിത്തുകൾ. മൂപ്പെത്തിയ വിത്തു നട്ടും പുതിയ തൈകൾ ഉണ്ടാവുന്നതാണ്. ആധുനിക ഒട്ടിക്കൽ, ലെയറിങ് രീതിയിൽ കൂടുതൽ മെച്ചപ്പെട്ട തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്.

ഉത്പാദനവും വളപ്രയോഗവും വിളവെടുക്കലും:

വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

ജാമ്പമരത്തിന്റെ കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. അവയ്ക്ക് പുനരുത്ഭവ ശേഷി കൂടുതലാണ്. ഒരു പഴത്തിൽ 2-4 വരെ വിത്തുകൾ കാണാറുണ്ട്. നല്ല വലുപ്പമുള്ള വിത്ത് തെരഞ്ഞെടുത്ത് നട്ടാണ് സധാരണ നിലയിൽ പുതിയ തൈകൾ ഉണ്ടാക്കുന്നത്. അലൈംഗിക പ്രജനന രീതിയായ ലയറിംഗ് രീതിയിൽ കൂടുതൽ മെച്ചപ്പെട്ട തൈ നിർമ്മിക്കാവുന്നതാണ്. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി നനച്ചശേഷം വിത്ത് നട്ടാൽ മുളയ്ക്കുന്നതാണ്. സാധാരണ നിലയിൽ നനവുണ്ടെങ്കിൽ മുളപൊട്ടുകയും വളരുകയും ചെയ്യുകയാണ് പതിവ്. ചെറുമുറ്റുള്ള ശാഖ ഇലയോടൊടിച്ച് മിസ്റ്റ് ഹൌസുകളിൽ നട്ടും തൈകൾ ഉണ്ടാക്കിവരുന്നു. ഓഗസ്റ്റ് - സെപ്തംബർ മാസത്തിലോ ഡിസംബർ - ജനുവരി മാസത്തിലോ മാതൃ വൃക്ഷത്തിന്റെ മുറ്റിയ ശാഖകളിൽ എയർ ലെയറിംഗ് നടത്തുകയും മൂന്നുനാല് മാസത്തിനുശേഷം ആയത് മുറിച്ച് ചെറു പോളിത്തീൻ കവറിൽ ഒന്നുരണ്ട്മാസം നനച്ച് സൂക്ഷിച്ച ശേഷം കുഴികളിൽ നടാവുന്നതാണ്. ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.

മണ്ണൊരുക്കലും, നടീൽ രീതിയും:

ഏതുസമയത്തും ജാമ്പ മരത്തൈകൾ നടാമെങ്കിലും മഴക്കാല ആരംഭത്തിൽ നട്ടാൽ നനയ്ക്കൽ കാര്യമായി ഒഴിവാക്കാം. നല്ല പ്രകാശം ലഭിക്കുന്നതും ചെറുതായി അംമ്ള ഗുണമുള്ള മണ്ണാണ് തൈ നടാൻ കൂടുതൽ അനുയോജ്യം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച എന്നീ കണക്കിൽ കുഴിയെടുത്തശേഷം കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും കവറിലെ മൺ നിരപ്പിന് താഴാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. പുഴയോരത്തും കൈത്തോടുകളുടെ കരയിലും നടാവുന്നതാണ്.

വളപ്രയോഗം, ജലസേചനം:

ആറുമാസം കഴിയുമ്പോൽ വേരിന് ക്ഷതം വരാതെ അരമീറ്റർ അകലത്തിൽ ജാമ്പമരത്തിനെ ചുറ്റി കുഴിയെടുത്ത് അതിൽ കമ്പോസ്റ്റ്, ചാണകം, 250 ഗ്രാം എല്ലുപൊടി എന്നിവ ചേർത്ത് കുഴി നിറയ്ക്കണം. പിന്നീടുള്ള കാലയളവുകളിൽ വളം വളർച്ചാ നിരക്കിനനുസരിച്ച് നൽകാവുന്നതാണ്. എൻ.പി.കെ മിശ്രിതം ആദ്യവർഷത്തിൽ 10:10:10 എന്ന അനുപാധത്തിൽ തയാറാക്കി രണ്ടിലൊന്ന് ഭാഗം മൂന്നുമാസത്തിലൊരിക്കൽ ലഭ്യമാക്കുകയും ഒരു ഭാഗം രണ്ടാം വർഷത്തിലും ലഭ്യമാക്കുകയും മൂന്നിരട്ടി മൂന്നാം വർഷം മുതലും ലഭ്യമാക്കുകയും ചെയ്താൽ കൂടുതൽ വിളവ് ലഭ്യമാകും.

വളർന്നുകഴിഞ്ഞാൽ കാര്യമായ ജലസേചനം വേണ്ടാത്ത മരമാണ് ജാമ്പ. എങ്കിലും ചൂടുകാലത്ത് ഇലപൊഴിക്കുന്ന സ്വഭാവം കാണിക്കാറുണ്ടെങ്കിൽ ഒന്നിടവിട്ട് മുടങ്ങാതെ വെള്ളമൊഴിക്കേണ്ടതാണ്. കൂടാതെ തടങ്ങളിൽ പുതയായി ഉണങ്ങിയ ഇലകളോ മറ്റു ചപ്പുചവറുകളോ ഉപയോഗിക്കാവുന്നതാണ്. വർഷത്തിലൊരിക്കൽ പ്രത്യേകിച്ച് മഞ്ഞുകാലത്ത് ശാഖകൾ കോതി നിർത്തുകയും, ഉണങ്ങിയതും ആരോഗ്യമില്ലാത്തതുമായ ശാഖകൾ മാറ്റുകയും വേണം. തൈ നട്ട് രണ്ടുമൂന്ന് വർഷം വരെ പുതയിടലും വേരുകൾക്ക് ക്ഷതമേൽക്കാതെ സംരക്ഷിച്ചും നിർത്തുന്നതോടൊപ്പം കളകൾ മാറ്റുക കൂടി ചെയ്താൽ കൂടുതൽ വിളവുലഭിക്കും. 7-8 വർഷത്തിനുള്ളിൽ 7-12 മീറ്റർ ഉയരമെത്തുകയും ചെയ്യും കായ്ഫലം നന്നായി ലഭ്യമാകുകയും ചെയ്യും. ലയർ തൈകൾ 3-4 വർഷങ്ങൾക്കുള്ളിൽ ഫലം ലഭ്യമാക്കിത്തുടങ്ങും.

വിളവ് ലഭ്യത:

സാധാരണയായി ചെറു തൈകൾ ഒറ്റശാഖയാണ് കാണുന്നത്. തലപ്പ് നുള്ളി കൂടുതൽ പുതുശാഖകൾ സൃഷ്ടിക്കാവുന്നതുമാണ്. വളർച്ചയ്ക്കനുസരിച്ച് പ്രൂൺ ചെയ്യുന്നത് നല്ലതാണ്. ഈ രീതിയിൽ കൂടുതൽ വിളവ് ലഭിക്കും. അഞ്ചു വർഷം പഴക്കമുള്ള ജാ‍മ്പ മരങ്ങളിൽ നിന്നും 5-6 കിലോ ഗ്രാം കായ്കൾ വരെ വർഷത്തിൽ ലഭിക്കും.

രോഗങ്ങളും രോഗ നിവാരണവും :

രോഗം:ഇലപ്പൊട്ട് രോഗം (ആന്ത്രക്നോസ്)

ലക്ഷണം:തവിട്ട് മുതൽ കറുപ്പുവരെ നിറത്തിൽ ചുറ്റും മഞ്ഞ വൃത്താകൃതിയോട്കൂടിയുള്ള പാ‍ടുകൾ ജാ‍മ്പയിലയുടെ നടുവിലും അരികുലുമാ‍യും ഇളം കായ്കളിലും ആദ്യം കാണുന്നു. പിന്നീട് ഇലയും കായും ചീയുകയും കൊഴിയുകയും ചെയ്യും.

പ്രതിവിധി:ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം. രോഗ ബാധയേറ്റ ഇലകൾ, കായ്കൾ എന്നിവ പെറുക്കി നശിപ്പിക്കുന്നത് രോഗപ്പകർച്ചയെ നിയന്ത്രിക്കാവുന്നതാണ്.

രോഗം:ഇലപ്പുള്ളി രോഗം

ലക്ഷണം:മഴക്കാലത്തോടെ ജാ‍മ്പ മരങ്ങളുടെ ഇലകളിലും കായ്കളിലും മഞ്ഞനിറമാർന്ന കുത്തുകൾ പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗത്തിന്റെ ലക്ഷണം. മഞ്ഞ കുത്തുകൾ വലുതാവുകയും കുത്തുകളുടെ നടുഭാഗം കുഴിഞ്ഞ്  പുള്ളികളായി മാറുകയും ഈ പുള്ളികൾ കൂടിച്ചേരുന്നതു ഇലകളിലെങ്കിൽ അത് ഒടിഞ്ഞുതൂങ്ങുകയും കായ്കളാണെങ്കിൽ അഴുകുകയും ചെയ്യുന്നു.

പ്രതിവിധി:രോഗബാധയുള്ള കായ്കൾ യഥാസമയം നശിപ്പിക്കണം. കൂടാതെ രോഗബാധയുള്ള ഇലകളുണ്ടെങ്കിൽ അവ മുറിച്ചുമാറ്റി അവിടെ ഒരു ശതമാനം ബോർഡോ മിശ്രിതം തേയ്ക്കുന്നതും ഉചിതമാണ്.

രോഗം:കൊമ്പുണക്കം (ഡൈ ബാക്ക്)

ലക്ഷണം:ജാ‍മ്പമരത്തിന്റെ മരച്ചില്ലകൾക്ക് ചെറുതായി വാട്ടം കാണുകയും ഇലകൊഴിഞ്ഞ് ഉണങ്ങിപ്പോകുകയും ചെയ്യുന്നു.

പ്രതിവിധി:ഉണങ്ങിയ ചില്ലകൾ മാറ്റി മുറിപ്പാടിൽ ബോർഡോ മിശ്രിതം പുരട്ടി രോഗ നിവാരണം നടത്താം.

രോഗം:ഇലപ്പുള്ളി രോഗം / മൃദു രോമ പൂപ്പൽ രോഗം

ലക്ഷണം:ബ്രൌൺ നിറത്തിലോ മഞ്ഞനിറത്തിലോ പാടുകൾ ജാ‍മ്പയിലയുടേയും കായ്കളുടേയും പുറത്ത് കാണുകയും ചെയ്യുന്നു.

പ്രതിവിധി:രോഗ ലക്ഷണം കണ്ടാൽ പാടുവീണ ഇലകളുടെ ഭാഗങ്ങൾ നശിപ്പിക്കുക. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി എന്നിവ തളിച്ച് രോഗത്തെ നിയന്ത്രിക്കാം.

രോഗം:ചൂർണ്ണ പൂപ്പൽ രോഗം

ലക്ഷണം:വെള്ള നിറത്തിലുള്ള പൂപ്പൽ ജാ‍മ്പയിലകളുടെ ഉപരിതലത്തിൽ കാണുന്നു.

പ്രതിവിധി:രോഗ ലക്ഷണം കണ്ടാൽ പാടുവീണ ഇലകളുടെ ഭാഗങ്ങൾ നശിപ്പിക്കുക. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി എന്നിവ തളിച്ച് രോഗത്തെ നിയന്ത്രിക്കാം.

രോഗം:വാട്ടം

ലക്ഷണം:ജാ‍മ്പ ചെടികൾ മൊത്തമായും മഞ്ഞ നിറം ബാധിച്ച് ഉണങ്ങി നശിക്കുന്നു.

പ്രതിവിധി:കൂടുതൽ പ്രതിരോധ ശേഷിയുള്ള ഇനങ്ങൽ ഉപയോഗിക്കുക. വാട്ടം ബാധിച്ച ചെടികൾ നശിപ്പിക്കുക. 2% വീര്യത്തിൽ സ്യൂഡോമോണസ് ലായനി, ചാണകപ്പാൽ എന്നിവ തളിക്കുക.

രോഗം:മൊസൈക്ക് രോഗം

ലക്ഷണം:മഞ്ഞ നിറത്തിലുള്ള പാടുകൾ ജാ‍മ്പച്ചെടിയിൽ കാണുകയും വളർച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിവിധി:കൂടുതൽ പ്രതിരോധ ശേഷിയുള്ള ഇനങ്ങൽ ഉപയോഗിക്കുക. രോഗം ബാധിച്ചതും മുരടിച്ചതുമായ ചെടികൾ തീർത്തും നശിപ്പിക്കുക. രോഗകാരികളെ തുരത്താൻ 0.1% വീര്യമുള്ള വേപ്പിൻ കുരുസത്ത്, 2.5 മുതൽ 10 വരെ % വീര്യമുള്ള വേപ്പെണ്ണ എമൽഷൻ, പുകയില കഷായം, 1% വീര്യമുള്ള ബ്യൂവേറിയ ബാസിയാന- ഇവയിൽ ഏതെങ്കിലും സ്പ്രേ ചെയ്യണം.

കീടങ്ങളും കീട നിവാരണവും :

കീടം:തണ്ടുതുരപ്പൻ പുഴു (ഇൻഡർബെല്ല ടെട്രോണിസ്)

ലക്ഷണം:ജാ‍മ്പ മരത്തിന്റെ കാണ്ഡഭാഗത്ത് തണ്ടുതുരപ്പൻ പുഴുസുഷിരങ്ങൾ ഉണ്ടാക്കുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നത് ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ കീടാക്രമണത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം:125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ഇവയെ നശിപ്പിക്കാം.

കീടം:മീലിമൂട്ട (സിനോകോക്കസ് അനാന്റെലി)

ലക്ഷണം:       മീലിമൂട്ട എന്ന വേരുഭാഗം ആക്രമിക്കുന്ന കീടത്തിന് ചലനശേഷി കുറവെങ്കിലും ആക്രമണം വളരെ വേഗതയിലുമാണ്. ഒരുചെടിയിൽ നിന്നും മറ്റൊരു ചെടിയിലേയ്ക്ക് ഇവയെ വഹിച്ചുകൊണ്ടുപോകുന്നത് അക്രോപൈഗ അക്യൂട്ടിവെണ്ട്രിസ വർഗ്ഗത്തിൽപ്പെട്ട ഉറുമ്പുകളാണ്. ജാ‍മ്പയുടെ വേരുഭാഗം അഴുകിയപോലെ കാണപ്പെടുന്നു. മരത്തിന്റെ വേരുകളിൽ നിന്നും തുടർച്ചയാ‍യ നീരൊഴുക്ക് ഉണ്ടായിരിക്കും.

നിവാരണം:മീലിമൂട്ടയെ മാത്രം നശിപ്പിക്കൽ മാത്രം പരിഹാരമല്ല. വാഹകരായ ഉറുമ്പുകളെക്കൂടെ നശിപ്പിക്കണം. ഉറുമ്പുകളെ നശിപ്പിക്കുന്നതിന് ഒരുലിറ്റർ വെള്ളത്തിൽ 1 മി. ലിറ്റർ ലാംഡാ സൈഹാലോത്രിൻ എന്ന കീടനാശിനി വേരുഭാഗത്ത് ഒഴിക്കുകയും മീലിമൂട്ടയ്ക്കെതിരെ ക്ളോർപൈറിഫോസ് എന്ന കീടനാശിനിയും ഉപയോഗിക്കവുന്നതാണ്. മണ്ണ് കിളച്ച് പത്ത് ഗ്രാം വെർട്ടിസീലിയം ഒരു ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എഴിക്കേണ്ടതാണ്. 30 ദിവസം ഇടവേള അത്യാവശ്യമാണ്. ജൈവ കീടനാശിനിയായ പെരുവല പ്രയോഗം പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം.

കീടം:കായീച്ച / പഴയീച്ച

ലക്ഷണം:കായീച്ച ജാ‍മ്പ പൂവുകളിൽ മുട്ടയിടുന്നു. അവയുടെ ലാർവ്വപ്പുഴുക്കൾ മുട്ടവിരിഞ്ഞ് കായ്ക്കുള്ളിലാവുകയും കായ്തുരന്ന് നശിപ്പിക്കുന്നു. പാകമാകാതെ പഴുക്കുന്നതും കറുത്ത പാടുകളോട് കൂടിയ പച്ചക്കായകളും നീരുപൊട്ടിയൊലിക്കുന്ന കായ്കളും ഇവയുടെ ആക്രമണ സാന്നിദ്യം വർദ്ധിപ്പിക്കുന്നു.

നിവാരണം:20 മി. ലിറ്റർ മാലത്തിയോൺ, 20 ഗ്രാം പഞ്ചസാര എന്നിവ  10 ലിറ്റർ 3.5 മി. ലിറ്റർ വെള്ളം ചേർത്ത് കലക്കി മരത്തിൽ തളിക്കുകയോ, വെള്ളം ചേർക്കാതെ പാളയങ്കോടൻപഴം ചേർത്ത് പഴക്കെണിവയ്ക്കുകയോ, 0.1% ഫ്യൂരിഡാൻ/മാലത്തിയോൺ, 2% പഞ്ചസാര എന്നിവ ചേർത്ത തുളസിക്കെണി വയ്ക്കുകയോ ചെയ്ത് ഇവയെ നശിപ്പിക്കാം. കൊഴിഞ്ഞു വീഴുന്ന കായ്കൾ നശിപ്പിച്ചും ഇവയുടെ അടുത്ത തലമുറയെ നശിപ്പിക്കാം.

കീടം:ഇലതീനിപ്പുഴു

ലക്ഷണം:ജാ‍മ്പ മരത്തിന്റെ ഇളം ഇലകളിൽ കാണുന്ന പുഴുവാണ് ഇലതീനി. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിവാരണം:ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

കീടം:നിമാ വിര:

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം ജാ‍മ്പ മരങ്ങളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ കായ്ഫലം കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈ നടുന്ന കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ നല്ലൊരു പരിഹാരമാണ്.

മറ്റുപ്രത്യേകതകൾ:

കൊളസ്റ്ററോൾ ഒട്ടും തന്നെയില്ലാത്ത ഫലമാണ് ജാമ്പയ്ക്കുള്ളത്.

ജാമ്പ പ്പഴത്തിൽ ധാരാളം ജല-ധാതു സാന്നിദ്യമുണ്ട്.

പോളി ഹൌസ്, മിസ്റ്റ് ഹൌസ് എന്നിവിടങ്ങളിൽ ജാമ്പ നട്ടാൽ പരാഗണം കൂടുകയും ചെയ്യുന്നതായി കണ്ടുവരുന്നു.

ജാമ്പ ഔഷധ സസ്യമെന്നതുപോലെ പൂന്തോട്ടത്തിലെ അലങ്കാര വൃക്ഷം കൂടിയാണ്.

ജാമ്പമരം പാതയോരങ്ങളിൽ തണൽ മരമായി നട്ടുപിടിപ്പിക്കാവുന്നതാണ്.

ജാമ്പയുടെ തടികൊണ്ട് സംഗീത ഉപകരണങ്ങൾ, കത്തി, പാത്രം മുതലായവയുടെ കൈപിടി, ഫർണിച്ചർ ഭാഗങ്ങൾ മുതലായവയ്ക്ക് ഉപയോഗിക്കുന്നു.

ജാമ്പയിനത്തിലെ വലുപ്പമേറിയ വർഗ്ഗമാണ് മലയാപ്പിൾ / പനീർ ജാമ്പ.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: കുടമ്പുളി കൃഷിയും രോഗ നിവാരണവും


English Summary: Wax jambu farmingto get hundred percent yield

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox