കുറ്റിച്ചെടിയായി വളരുന്ന പഴവർഗ വിളയാണ് ബാർബഡോസ് ചെറി. ഇതിൻറെ മറ്റൊരു പേരാണ് വെസ്റ്റിൻഡ്യൻ ചെറി. നല്ല നീർവാർച്ചയുള്ള മണ്ണാണ് ഇതിൻറെ കൃഷിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്നത്. വിറ്റാമിൻ സിയുടെ കലവറയാണ് ബാർബഡോസ് ചെറി.
വ്യത്യസ്ത ഇനങ്ങൾ
1. റോസ് നിറമുള്ള പൂക്കളുള്ള ഇനങ്ങൾക്ക് കായ്കൾ ഏതാണ്ട് 6 ഗ്രാം തൂക്കംവരുന്നതും നല്ല ചുവപ്പുനിറം ഉള്ളതുമാണ്.
2. വെളുത്ത പൂക്കളുണ്ടാകുന്ന ഇനങ്ങളിൽ കായ്കൾ ചെറുതും ഓറഞ്ച് നിറം ഉള്ളവയും ആകും.
നടീൽവസ്തു
തണ്ട് മുറിച്ചു നട്ടും പ്രജനനം നടത്താമെങ്കിലും, വേരുപിടിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. IBA എന്ന ഹോർമോൺ ഉപയോഗപ്പെടുത്തുകയാണെങ്കിൽ എയർ ലയറിങ് ഉത്തമമാണ്. ലെയറിങ് ചെയ്താൽ ഏകദേശം നാല് ആഴ്ച കൊണ്ട് വേരു പിടിക്കും. വേരുപിടിച്ച ലയറുകൾ തണലുള്ള പ്രദേശത്ത് മാറ്റി നടുക. പുതിയ മുകുളങ്ങൾ വന്നതിനുശേഷം നടീലിനു മുൻപ് വെയിലത്ത് വെച്ച് പരുവപ്പെടുത്തണം.
ബന്ധപ്പെട്ട വാർത്തകൾ: ചെറിസംസ്കരിക്കാം വളരെ എളുപ്പത്തിൽ
കൃഷി രീതി
നടീലിന് അര മീറ്റർ വീതം നീളവും, വീതിയും, താഴ്ചയും 6 സെൻറീമീറ്റർ ഇടയകലം ഉള്ളതുമായ കുഴികൾ എടുക്കുക. അതിനുശേഷം 10 കിലോ ചാണകം ചേർത്ത് മേൽമണ്ണോടുകൂടി കുഴി നിറയ്ക്കണം. ശേഷം ഉണങ്ങിയ ഇലകൾ കൊണ്ട് പുതയിടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. 7-10 ദിവസത്തിൽ ഒരിക്കൽ എന്ന തോതിൽ ജലസേചനം നടത്തണം.
വളപ്രയോഗം
ആദ്യ വളപ്രയോഗം നടത്തേണ്ടത് ജൂൺ- ജൂലൈ മാസങ്ങളിലാണ്. ഈ മാസങ്ങളിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 107 ഗ്രാം 444 ഗ്രാം 217 ഗ്രാം എന്ന അളവിൽ നൽകുക. രണ്ടാംഘട്ട വളപ്രയോഗം നടത്തേണ്ടത് ജനുവരി മാസത്തിലാണ്. ഈ ഘട്ടത്തിൽ യൂറിയ, റോക്ക് ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് തുടങ്ങിയവ യഥാക്രമം 108 ഗ്രാം,444 ഗ്രാം, 217 ഗ്രാം എന്ന അളവിൽ നൽകുക.
വിളവെടുപ്പ്
നട്ട് മൂന്ന് വർഷം ആകുമ്പോഴേക്കും ചെറിയിൽ നിന്ന് വിളവെടുപ്പ് തുടങ്ങാം. സംസ്കരണത്തിന് മൂപ്പ് എത്തുന്നതിനുമുൻപ് വിളവെടുക്കാവുന്നതാണ്. ഈ സമയത്ത് പഴങ്ങൾക്ക് മഞ്ഞനിറത്തിൽ നിന്ന് ചുവപ്പുനിറം ആയി രൂപാന്തരം പ്രാപിക്കും. ചെറികൾക്ക് ആരോഗ്യഗുണങ്ങൾ അനവധി ആയതിനാൽ ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ടുതന്നെ ഇത് വിപണിയിൽ എത്തിച്ചാൽ നല്ലൊരു വരുമാന മാർഗ്ഗവും ആകും.
ബന്ധപ്പെട്ട വാർത്തകൾ: സൂരിനാം ചെറി പഴത്തിനും അലങ്കാരത്തിനും
Share your comments