കാരപ്പഴം അഥവാ വൈല്‍ഡ് ബറി (Wild berry) വെറുമൊരു കാട്ടുപഴമല്ല. വിറ്റാമിന്‍ ബിയും എയും(Vitamin A,B) ഇരുമ്പും(Iron) കാല്‍സ്യവും(Clacium) ഫോസ്ഫറസും(Phosphorus) ഉള്‍പ്പെടെ അനേകം പോഷകങ്ങളടങ്ങിയ കാരപ്പഴം ഔഷധഗുണത്തിലും മുന്‍പനാണ്. അസിഡിറ്റി,ദഹനക്കേട്(Indigestion) ,മുറിവുകള്‍(Fresh and infected wounds) ,ത്വക്ക് രോഗങ്ങള്‍( Skin diseases) ,മൂത്രസംബ്ബന്ധിയായ രോഗങ്ങള്‍( Urinary disorders), പ്രമേഹം മൂലമുണ്ടാകുന്ന വ്രണങ്ങള്‍(Diabetic ulcers), പിത്തപ്രകൃതം( Billiouness) വയറുവേദന(Stomach ache), മലബന്ധം(Constipation), വിളര്‍ച്ച( Anemia), വിശപ്പില്ലായ്മ(Anorexia),ഭ്രാന്ത്(Insanity) എന്നിവയ്ക്ക് മരുന്നായി കാരപ്പഴം ഉപയോഗിക്കാറുണ്ട്. പനി,വയറിളക്കം,ചെവിവേദന എന്നിവ മാറാന്‍ കാരയില കഷായം നല്ലതാണ്. വേര് വിരശല്യം ഒഴിവാക്കാനും വയറ് ശുദ്ധീകരിക്കാനും ചൊറിച്ചിലിനും ഉപകാരപ്പെടുന്നു. വേര് ഒരു കീടനാശിനി കൂടിയാണ്.ചതച്ച വേര് ഈച്ചകളെ അകറ്റാന്‍ ഉപയോഗിക്കാറുണ്ട്. കാരയ്ക്കായില്‍ പെക്ടിന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇതിന്റെ ചമ്മന്തിയും അച്ചാറും ജാമും സിറപ്പും സ്വാദേറിയ വിഭവങ്ങളാണ്. കാരയുടെ ഇല പട്ടുനൂല്‍പുഴുവിന് ഭക്ഷണമായും നല്‍കാറുണ്ട്.
എവിടെയും വളരുന്ന ചെടി
അപ്പോസൈനേസിയെ (Apocynaceae) കുടുംബത്തില്‍ പെട്ട കാരയുടെ ശാസ്ത്രീയ നാമം കാരിസ കരാന്‍ഡസ് (Carissa carandas) എന്നാണ്. ബംഗാള്‍ കുറാന്റ്( Bangal currant) ,ക്രൈസ്റ്റ് തോണ്‍(Christ's thorn) ,കരാണ്ട(Karanda) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ മുള്‍ച്ചെടിക്ക് കരിമുള്ളി,കരണ്ടിപ്പഴം,ചെറി,കറുത്ത ചെറി എന്നും മലയാളം പേരുകളുണ്ട്. പശ്ചിമ ഘട്ടത്തിലെ കൊങ്കണ്‍ ഭാഗത്തും മഹാരാഷ്ട്രയിലും ഹിമാലയത്തിലെ ശിവാലിക് കുന്നുകളിലും കാണപ്പെട്ടിരുന്ന കാര സമുദ്രനിരപ്പില്‍ നിന്നും 30 മുതല്‍ 1800 മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഏത് വരണ്ടകാലാവസ്ഥയെയും അതിജീവിക്കുന്ന കാര ഇപ്പോള്‍ ഇന്ത്യയില്‍ എല്ലായിടത്തും വന്യമായി വളരുന്നുണ്ട്. രണ്ട് വര്‍ഷം കൊണ്ട് പൂവിടുന്ന മുള്‍ച്ചെടിയാണ് കാര. മാര്‍ച്ചില്‍ പൂവിട്ട് ജൂലൈ-സെപ്തംബര്‍ കാലത്ത് പഴമാകും. പച്ച നിറമുള്ള കായ പഴുക്കുമ്പോള്‍ ആദ്യം ഇളം മഞ്ഞ കലര്‍ന്ന ചുവപ്പും പിന്നീട് ചുവപ്പും മൂക്കുന്നതോടെ കറുപ്പുമായി വരും.വിത്ത് മുളപ്പിച്ചാണ് പുതിയ തൈകള്‍ ഉണ്ടാക്കുന്നത്. 1803-1879 കാലത്ത് നികുതി പിരിവ് ശക്തമാക്കാനും ഉപ്പ് കള്ളക്കടത്ത് തടയാനുമായി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ 1100 മൈല്‍ നീളമുണ്ടായിരുന്ന മുള്ളുവേലിയിലെ പ്രധാന ഇനവും കാരയായിരുന്നു. ഇത് The great Hedge of India എന്നാണ് അറിയപ്പെട്ടിരുന്നത്.
ബേക്കറിച്ചെറി നിര്‍മ്മാണം
മൂപ്പെത്തിയ കായ്കളാണ് സംസ്‌കരണത്തിന് ഉപയോഗിക്കുന്നത്. മുര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് കായ്കള്‍ നെടുകെ കീറി കുരു നീക്കം ചെയ്യണം. ചുണ്ണാമ്പ് വെള്ളത്തില്‍ കലക്കി തെളിയൂറ്റിയെടുത്ത ലായനിയില്‍ പൊടിയുപ്പ് ചേര്‍ക്കണം. ലായനിയില്‍ കായ്കള്‍ എട്ടുമണിക്കൂറോളോളം ഇട്ടുവച്ച ശേഷം പുറത്തെടുത്ത് മൂന്ന് നാല് പ്രാവശ്യം നന്നായി കഴുകണം. ചുണ്ണാമ്പ് വെള്ളത്തിലിട്ടുവയ്ക്കുമ്പോള്‍ ഇതിന്റെ കറ ഇല്ലായായി കൂടുതല്‍ നാള്‍ ഈ പഴം സൂക്ഷിച്ച് വയ്ക്കാന്‍ സഹായിക്കുന്നു. പിന്നീട് കഴുകിയെടുത്ത കായ്കള്‍ കിഴി കെട്ടി 5 മിനുട്ട് തിളച്ച വെള്ളത്തില്‍ മുക്കണം. ശേഷം ഗാഡ പഞ്ചസാരലായനിയില്‍ കായ്കളിട്ട് ഒരു മിനിറ്റോളം തിളയ്പ്പിക്കണം.ഈ സമയം നല്ല ചുവപ്പുനിറം കിട്ടാനായി കൃത്രിമ കളര്‍ ചേര്‍ക്കുന്നു. അടുത്ത ദിവസം ഈ പഞ്ചസാര ലായനിയില്‍ കുറച്ച് കൂടി പഞ്ചസാര ചേര്‍ത്ത് ഗാഡത കൂട്ടി തിളപ്പിക്കണം. ഇത് അഞ്ച് ദിവസത്തോളം ചെയ്താല്‍ ബേക്കറിച്ചെറി ഉണ്ടാക്കാം. ഇത്തരത്തില്‍ സംസ്‌കരിച്ചെടുത്ത് മാത്രം ഉപയോഗിക്കാവുന്ന ഇനത്തിനു പുറമേ, സ്വതേ മധുരമുള്ള പഴം ഉണ്ടാകുന്ന ഒരിനം ചെറിയും ഉണ്ട്.
English Summary: Wild berry carissa carandas is medicinal, having vitamin C&B, Iron,calcium and phosphorous
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments