പരിപ്പ് വര്ഗങ്ങളിലെ താരമാണ് തുവരപ്പരിപ്പ് സാമ്പാർ മുതൽ ഒട്ടുമിക്ക കറികളും തുവരപരിപ്പിന്റെ സാനിദ്യമില്ലാതെ മലയാളിക്ക് ഒരു സദ്യയില്ല ഉത്തരേന്ത്യയിലും ദാൽ തന്നെയാണ് പ്രധാന വിഭവം. പണ്ടു കാലത്ത് നമ്മുടെ പാടങ്ങളിലും തെങ്ങിന്‍ തോപ്പുകളിലും ധാരാളം കൃഷി ചെയ്തിരുന്ന ഒന്നാണ് തുവര പുതിയ തലമുറയ്ക്ക് അന്യമാണ് തുവരക്കൃഷി.വളരെയേറെ ഗുണങ്ങൾ ഉള്ള ഒന്നാണ് തുവരപ്പയർ പ്രോട്ടീന്‍, കാല്‍സ്യം, വിറ്റാമിന്‍ ബി എന്നിവ ധാരാളം തുവരപരിപ്പിൽ അടങ്ങിയിട്ടുണ്ട്. എത്താത്ത തുവര പയര്‍ കൊണ്ട് സ്വാദിഷ്ടമായ തോരന്‍, ഉപ്പേരി എന്നിവ പാകം ചെയ്യാം. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് സ്ഥിര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് തുവര പയര്‍.
തുവരക്കൃഷി ചെയ്യുന്നത് വളരെ എളുപ്പാണ് വെള്ളം കെട്ടി നില്‍ക്കാത്ത ഏതു സ്ഥലത്തും തുവര കൃഷി ചെയ്യാം. പുതുമഴ പെയ്യുന്ന മെയ്- ജൂണ്‍ മാസങ്ങളിലാണ് വിത്ത് നടേണ്ടത്. മൂന്നടിഅകലത്തിലായി കുഴികളെടുത്ത് വിത്ത് നടാം. കേരളത്തിന് ഏറ്റവും അനുേയാജ്യമായ തുവര ഇനം ബി.എസ്.ആര്‍ 1 ആണ്. മുക്കാല്‍ ലിറ്റര്‍ വെള്ളത്തില്‍ കാല്‍ കിലോഗ്രാം സ്യൂഡോമോണസ് കലക്കി അതില്‍ എട്ടു മണിക്കൂര്‍ നേരം വിത്ത് മുക്കിവെച്ചതിന് ശേഷമേ പാകാവൂ. തുവര പന്തലിച്ചു വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ്.
നട്ട് ആദ്യത്തെ അഞ്ചുമാസം നനയ്ക്കണം. പിന്നെ പൂത്തതിനു ശേഷമേ നന പുനരാരംഭിക്കേണ്ടതുള്ളൂ. വരള്‍ച്ചയാണ് തുവരയ്ക്ക് പൂക്കാനുള്ള പ്രചോദനം. നടുന്നതിന് പത്തുദിവസം മുമ്പ് കുഴിയിലും നട്ട് മൂന്നു മാസത്തിനു ശേഷവും ഒരു പിടി കുമ്മായം ചേര്‍ത്തു കൊടുക്കണം. കുമ്മായം ചേര്‍ത്ത് രണ്ടാഴ്ച കഴിഞ്ഞാല്‍ ചാണകവളം ചേര്‍ത്ത് മണ്ണ് കൂട്ടാം. ചെറുമരമായി വളരുന്ന ഇതു വര്‍ഷത്തില്‍ ഒരു തവണയെ ഫലം തരുകയുള്ളുവെങ്കിലും ധാരാളം പയറുകള്‍ ഉണ്ടാവും. തെങ്ങിന്‍ തോപ്പില്‍ ഇടവിളക്കൃഷിയായും. വാഴക്കൃഷിക്ക് ജൈവ കളനിയന്ത്രണ മാര്‍ഗമെന്ന നിലയില്‍ ഇടവിളയായും തുവര നടാം. മരച്ചീനി കൃഷിയില്‍ കൂട്ടുവിള കൃഷിയായും ഉചിതമാണ്.
കേരളത്തിൽ പാലക്കാട് ജില്ലയിലാണ് ഇപ്പോൾ തുവര കൃഷി കണ്ടുവരുന്നുള്ളൂ. നെൽകൃഷി ചെയ്യുമ്പോൾ പാടവരമ്പുകളിലും മറ്റു വിളകളുടെഇടവിളയായും അവർ തുവര നടുന്നുണ്ട് . മണ്ണിന്റെ ഫല ഭൂയിഷ്ടി വർദ്ധിപ്പിക്കുന്നതിനു തുവരക്കു പ്രത്യേകകഴിവുണ്ട്. നമുക്കും ചെറിയ രീതിയിൽ തുവരക്കൃഷി പരീക്ഷിച്ചു നോക്കാവുന്നതാണ്.
Share your comments